വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, ശിക്ഷയിൽ നിന്നൊഴിവായി സ്വദേശി വനിത
07.09.2024
കുവൈത്ത് സിറ്റി :കുവൈത്തിൽ കൊലപാതകകേസുകളിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് 4 കുവൈത്തികളടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പിലാക്കുന്നതിനിടെ ഒരാൾ രക്ഷപെട്ടത് കഴുമരത്തിലേറാൻ രണ്ടുമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ . ഓരോ ആത്മാവിനും ദൈവം നിശ്ചചയിക്കപ്പെട്ട ആയുസ് ഉണ്ടെന്നുംഅത് പൂർത്തിയാക്കിയാൽ മാത്രമേ അവർ മരണത്തിന് കീഴടങ്ങുക എന്ന വേദവാക്യം യാഥാർഥ്യമായി പുലരുന്നതായിരുന്നു കഴിഞ്ഞ ദിവസം കുവൈത്ത് സെന്റർ ജയിലിൽ നടന്ന നാടകീയ സംഭവങ്ങൾ .സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ച സ്വദേശി യുവതിയാണ് കൊല്ലപ്പെട്ട യുവതിയുടെ മാതാവിന്റെ മനസ്സലിവ് കാരണം പ്രതിക്രിയ നടത്താൻ വെറും 120 മിനുട്സ് മാത്രം ബാക്കിയുള്ളപ്പോൾ ആയുസ്സിൽ ദൈവം കണക്കാക്കിയ ശേഷിച്ച അവധി പൂർത്തിയാക്കുന്നതിനുവേണ്ടി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് .ചോരപ്പണം കൈപറ്റി മാപ്പുനൽകിയാൽ തന്റെ മകളുടെ സുഹൃത്തുകൂടിയായ ഘാതകി തൂക്കുമരത്തിൽനിന്ന് രക്ഷപ്പെടുമെന്ന് അവസാന നിമിഷമാണ് ഇരയുടെ മാതാവിന് ബോധ്യം വന്നത് . മാതാവ് അതിന് തയാറാണെന്ന് രേഖമൂലം ജനറൽ പ്രോസിക്യൂഷനെ അറിയിക്കുമ്പോൾ സെൻട്രൽ ജയിലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാലു സ്വദേശികൾ , രണ്ടു ഇറാനികൾ , ഒരു പാക് വംശജൻ എന്നിവരടക്കം ഏഴുപേരുടെ കഴുമരം സജ്ജീകരിക്കുന്ന തിരക്കായിരുന്നു .ദൈവ നിശ്ചയം കൊണ്ട് ഒരു സ്വദേശി യുവതി ജീവിതത്തിലേക്ക് വീണ്ടും പ്രവേശിച്ചപ്പോൾ മറ്റു ആറുപേരുടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു . 2016 ൽ സബാഹ് സാലേം പ്രദേശത്താണ് ഈ കേസിനു ആസ്പദമായ സംഭവം നടന്നത്.കൊലചെയ്യപ്പെട്ട സ്വദേശി യുവതിയും പ്രതിയും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു.കൊല്ലപ്പെട്ട യുവതിയുടെ താമസ സ്ഥലത്ത് ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഇവർക്ക് വധവശിക്ഷ വിധിക്കുകയായിരുന്നു.വധശിക്ഷ നടപ്പിലാക്കുന്നതിനു തൊട്ടു മുമ്പ് പ്രതിയുടെ ബന്ധുക്കൾ ഇരയുടെ മാതാവിനെ സമീപിച്ചു പ്രതിക്ക് മാപ്പ് നൽകണമെന്ന് അപേക്ഷിക്കുകയും അനുരഞ്ജന ചർച്ചകൾക്ക് ശേഷം പത്ത് ലക്ഷം ദിനാർ ദിയാ ധനമായി നൽകാം എന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു ശേഷം ഇരു ഭാഗവും തമ്മിൽ തയ്യാറാക്കിയ ഉടമ്പടി പത്രം വധ ശിക്ഷ നടപ്പാക്കുന്നതിനു രണ്ട് മണിക്കൂർ മുമ്പ് സെൻട്രൽ ജയിലിൽ എത്തിക്കുകയായിരുന്നു.ഇന്നലെ വധ ശിക്ഷക്ക് വിധേയരായ രണ്ട് ഇറാനികൾ സൽവ പ്രദേശത്ത് രാജകുടുംബത്തിലെ ഒരു അംഗത്തെ കൊലപ്പെടുത്തി പണം കവർന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.വധ ശിക്ഷക്ക് വിധേയരായ 6 പേരും വ്യത്യസ്ത കൊലപാതക കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.14 മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് രാജ്യത്ത് വധ ശിക്ഷ നടപ്പിലാക്കുന്നത്. 1964 ൽ ആണ് രാജ്യത്ത് ആദ്യമായി വധ ശിക്ഷ നടപ്പിലാക്കുന്നത്.സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഒമാൻ പൗരനായ ഖാസിം മുബാറക്കിനെ തൂക്കിലേറ്റിയതോടെയാണ് കുവൈത്തിൽ ആദ്യമായി വധശിക്ഷ നടപ്പാക്കി തുടങ്ങിയത് .തുടർന്ന് 60 വർഷത്തിനിടെ ഇന്നലെ വരെ 97 പേർക്കെതിരെയാണ് ഈ വിധി നടപ്പിലാക്കിയത് .2017 ജനുവരി മുതൽ 2022 നവംബർ വരെ വധശിക്ഷ നിർത്തിവച്ചപ്പോൾ, 2022 നവംബർ 16 ന് 7 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി.സ്ഥിതിവിവര കണക്കുകൾ പ്രകാരം വധശിക്ഷ നടപ്പിലാക്കിയവരുടെ പട്ടികയിൽ സ്വദേശികൾ ഒന്നാം സ്ഥാനത്താണ് .പാകിസ്ഥാൻ ,ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇക്കാര്യത്തിൽ പിന്നീട് കൂടുതലുള്ളത് .
**********************
റഹിം ആരിക്കാടി
കുവൈറ്റ്
No comments