വഖഫ് ബില്ലിന് പിന്തുണ; ജെഡിയുവില്‍ പൊട്ടിത്തെറി,കരുതലോടെ ടിഡിപി
ന്യൂഡല്‍ഹി: വഖഫ് ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ജെഡിയുവില്‍ പൊട്ടിത്തെറി. ജെഡിയു പിന്തുണ നല്‍കിയതിന് പിന്നാലെ ബീഹാറിലെ മുതിർന്ന നേതാക്കളായ മുഹമ്മദ് ഖാസിം അൻസാരി, അഷ്‌റഫ് അൻസാരി എന്നിവർ ജെഡിയു വിട്ടു.ജെഡിയു ന്യുനപക്ഷ വിഭാഗം അധ്യക്ഷനാണ് അഷ്‌റഫ് അൻസാരി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള നേതാക്കളുടെ രാജി ജെഡിയുവില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ജെഡിയു. ബീഹാറില്‍ ബിജെപിയുമായി സംഖ്യത്തിലാണ് ജെഡിയു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പരമ്ബരാഗത മുസ്ലീം വോട്ടുകള്‍ എക്കാലത്തും ബീഹാറില്‍ ജെഡിയുവിന് നിർണായകമായിട്ടുണ്ട്.
എന്നാല്‍, വഖഫ് ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഈ വോട്ടുകള്‍ തങ്ങളില്‍ നിന്ന് അകലുമോയെന്ന് ചിന്ത നിതീഷ് കുമാറിനും മുതിർന്ന നേതാക്കള്‍ക്കുമുണ്ട്. കൂടാതെ മുഖ്യപ്രതിപക്ഷമായ ആർജെഡിയും ഇന്ത്യാ മുന്നണിയും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയായുധമായി ഇതിനെ ഉയർത്തിക്കാട്ടാനുള്ള സാധ്യതയുമുണ്ട്.
ടിഡിപിയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. ബില്ലിന് പിന്തുണ നല്‍കിയെങ്കിലും ബുധനാഴ്ച ലോക്സഭയില്‍ വഖഫ് ബോർഡുകളില്‍ മുസ്ലിംങ്ങളല്ലാത്തവരെ അനുവദിക്കുന്ന വ്യവസ്ഥയില്‍ ഒരു മാറ്റം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ് വഖഫ് ബോർഡ് ചെയർമാനും മുതിർന്ന് ടിഡിപി നേതാവുമായ അബ്ദുള്‍ അസീസ് ബില്ലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ വഖഫ് ബോർഡുകള്‍ക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.
മുസ്ലീങ്ങളല്ലാത്തവരെ വഖഫ് ബോർഡുകളില്‍ ഉള്‍പ്പെടുത്തുന്നത് പോലുള്ള ചില വ്യവസ്ഥകളോട് ഞങ്ങള്‍ക്ക് എതിർപ്പുണ്ട്. അമുസ്ലീങ്ങളെ ബോർഡില്‍ ഉള്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്- അബ്ദുള്‍ അസീസ് പറഞ്ഞു. ജെഡിയുവിലെ പോലെ ടിഡിപിയ്ക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകാതിരിക്കാൻ കരുതലോടെയാണ് ചന്ദ്രബാബു നായിഡുവിൻറെ നേതൃത്വത്തിലുള്ള നേതാക്കളുടെ ഓരോ നീക്കങ്ങളും.



No comments