സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം: ലൈസൻസില്ല; ‘ലക്ഷങ്ങൾ’ വരുമാനം എത്തുന്നത് 2 പൊലീസുകാരുടെ അക്കൗണ്ടിൽ
കൊച്ചി : ഇക്കഴിഞ്ഞ ഡിസംബറിലാണ് കടവന്ത്രയിലെ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയതിനു രണ്ടു പേർ പിടിയിലായത്. ഇവരുടെ അക്കൗണ്ടുകളും ഫോണും പരിശോധിച്ച പൊലീസ് അമ്പരന്നു. സ്പാ നടത്തിപ്പിൽ നിന്നുള്ള വരുമാനം പോയിരുന്നത് രണ്ടു പൊലീസുകാരുടെ അക്കൗണ്ടുകളിലേക്കായിരുന്നു. ലക്ഷങ്ങളായിരുന്നു ഇത്തരത്തിൽ അക്കൗണ്ടിലെത്തിയത്. പിന്നാലെ കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എന്നിവർ അറസ്റ്റിലായി, സസ്പെൻഡും ചെയ്യപ്പെട്ടു. സ്പാ നടത്തിപ്പുകാർ ബെനാമികളും പൊലീസ് ഉദ്യോഗസ്ഥര്‍ യഥാർഥ ഉടമകളോ പങ്കാളികളോ ആയുള്ള ഇത്തരം കച്ചവടം ഏറെക്കാലമായി കൊച്ചിയിൽ നടക്കുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായതിനു പിന്നാലെ ഇത്തരം സ്പാകളെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും നൂറുകണക്കിനു സ്പാകൾ കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവയിൽ ലൈസൻസുള്ളത് വളരെക്കുറച്ചു മാത്രവും. ഈ സ്പാകൾക്ക് ഇപ്പോഴും പൊലീസ് ബന്ധം ഉണ്ടെന്നു സൂചിപ്പിക്കുന്നതാണ് സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയ കേസിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്ത സംഭവം.
വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന ഫോർ സ്റ്റാർ ഹോട്ടലിലെ സ്പായുടെ മറവിൽ അനാശാസ്യം നടത്തിയതിന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ 11 മലയാളി യുവതികളെയും ഇടനിലക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന. ലഹരി വിൽപ്പന നടക്കുന്നു എന്നറിഞ്ഞ് റെയ്ഡ് നടത്തിയപ്പോഴായിരുന്നു സ്പായുടെ പ്രവർത്തനം കണ്ടെത്തിയത്. 2023ൽ 83 കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പൊലീസ് പോയതിനു പിന്നാലെ ഇവയൊക്കെ തിരിച്ചുവരികയും ചെയ്തു.
ചില സ്പാ നടത്തിപ്പുകാരുമായി ഇടപാടുകളുള്ള പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോൾ ഒളിവിൽ പോയിട്ടുള്ള പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിനെതിരെ അതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. സ്പാ തട്ടിപ്പു കേസിൽ ബൈജുവാണ് ഒന്നാം പ്രതി. ബൈജുവിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
സ്പായിൽ ബോഡി മസാജിങ്ങിനു പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എആർ ക്യാംപിലെ സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തത്. സെപ്റ്റംബറിലായിരുന്നു സംഭവം. മസാജിനു വന്നു പോയതിനു ശേഷം ഊരിവച്ച തന്റെ മാല കാണുന്നില്ലെന്ന് സ്പായിലെ ജീവനക്കാരി രമ്യ പൊലീസുകാരനെ വിളിച്ചു പറയുകയായിരുന്നു. ഒന്നുകിൽ മാല തിരികെ നൽകണം, അല്ലെങ്കിൽ ആറു ലക്ഷം രൂപ വേണം എന്നായിരുന്നു ജീവനക്കാരിയുടെ ആവശ്യം. താൻ എടുത്തിട്ടില്ലെന്നും കേസു കൊടുക്കാനും പറഞ്ഞ് പൊലീസുകാരനും മറുപടി നൽകി. ഇതോടെ ജീവനക്കാരി പൊലീസിനെ സമീപിച്ചു എന്നാണ് അറിയുന്നത്. ഇതിനു സമാന്തരമായി സ്പാ നടത്തിപ്പുകാരന്‍ കൊച്ചി വാത്തുരുത്തി രാമേശ്വരംപുള്ളി പി.എസ്.ഷിഹാം പൊലീസുകാരനെ വിളിച്ച് പണമാവശ്യപ്പെട്ടു തുടങ്ങി.
ഇതോടെയാണ് എസ്ഐ ബൈജു രംഗപ്രവേശം ചെയ്യുന്നത്. നാലു ലക്ഷം രൂപയിൽ ഒതുക്കാം എന്നായിരുന്നു ഇടനിലക്കാരനായിനിന്ന് നല്‍കിയ ഓഫർ. തുടർന്ന് സിപിഒ ഈ പണം നൽകി. ഇതിൽ ഷിഹാമിന് ഒരു ലക്ഷം രൂപയാണ് കിട്ടിയിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ ഒരു ലക്ഷം രൂപ രമ്യക്കും രണ്ടു ലക്ഷം രൂപ ബൈജുവിനും കിട്ടിയെന്നാണ് സംശയിക്കുന്നത്. കേസെടുത്തതിനു പിന്നാലെ ഇരുവരും ഒളിവിൽ പോവുകയും ചെയ്തു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments