ഗുണനിലവാരമില്ല: വാങ്ങുന്നതെല്ലാം മരുന്നല്ല! ; പിടിച്ചെടുത്തത് 5.2 കോടിയുടെ മരുന്ന്, പല പ്രമുഖ കമ്പനികളുടെയും പേരിൽ വ്യാജനും
തിരുവനന്തപുരം : 2 വർഷത്തിനിടെ, സംസ്ഥാനത്തെ 5 ജില്ലകളിൽ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5.2 കോടി രൂപ വിലവരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ. വല്ലപ്പോഴും മാത്രം നടത്തുന്ന പരിശോധനയിൽ തെളിഞ്ഞത് കോടികളുടെ തട്ടിപ്പെങ്കിൽ, നിലവാരമില്ലാത്ത മരുന്നുകൾ ഇതിന്റെ എത്രയോമടങ്ങു വിപണിയിലുണ്ടാകുമെന്നാണ് ആശങ്ക. മറ്റു 9 ജില്ലകളിലെ കണക്കു കൂടി ചേർക്കുമ്പോൾ മരുന്നു വിപണിയിലെ തട്ടിപ്പിന്റെ വ്യാപ്തി കുത്തനെ ഉയരും.
വൈറൽ പനി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുൾപ്പെടെ നൽകുന്ന മരുന്നുകളിൽ ഗുണനിലവാരമില്ലാത്തവ കടന്നുകൂടിയിട്ടുണ്ടെന്നാണ് ഡ്രഗ് കൺട്രോൾ വിഭാഗം വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയത്. മറ്റു ജില്ലകളിലെ കണക്ക് ലഭ്യമല്ലാത്തത്, പരിശോധന കാര്യക്ഷമമല്ലാത്തതിനാലാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. നിലവാരമില്ലാത്ത മരുന്നുകളിൽ സർക്കാർ വിതരണം ചെയ്യുന്നവയുമുണ്ട്.
സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 2024ൽ പ്രമേഹം, തലകറക്കം, വെർട്ടിഗോ തുടങ്ങിയ രോഗങ്ങൾക്ക് പാലക്കാട് ജില്ലയിൽ വിതരണം ചെയ്ത 4.39 കോടി രൂപയുടെ മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയെന്നും വിവരാവകാശ മറുപടിയിലുണ്ട്. ഇവ ഡ്രഗ് കൺട്രോൾ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏകദേശം 24,000 മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. ഇവയിൽ പരിശോധന നടത്താൻ ആകെയുള്ളത് അൻപതോളം ഡ്രഗ് ഇൻസ്പെക്ടർമാർ മാത്രം.
പകുതിയോളം മെഡിക്കൽ സ്റ്റോറുകളിൽ വർഷത്തിലൊരിക്കൽ പോലും പരിശോധന നടക്കുന്നില്ലെന്നാണു വിവരം. പരിശോധനയിൽ മരുന്നു കണ്ടെടുത്ത്, കെമിക്കൽ പരിശോധന കഴിഞ്ഞ്, ആ മരുന്നിന്റെ ബാച്ച് മുഴുവൻ നശിപ്പിക്കാൻ ശ്രമം തുടങ്ങുമ്പോഴേക്കും മരുന്നുകളെല്ലാം വിറ്റുകഴിയും എന്നതാണു സ്ഥിതി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിനു മരുന്നുകമ്പനികളാണ് വിപണിയിൽ മരുന്നെത്തിക്കുന്നത്.
പല പ്രമുഖ കമ്പനികളുടെയും പേരിൽ വ്യാജനും ഇറങ്ങുന്നുണ്ട്. കോട്ടയത്ത് മാത്രം 67 ഇനം മരുന്നുകളാണ് ഗുണനിലവാരമില്ലാത്തതെന്നു കണ്ടെത്തി തടഞ്ഞത്. പ്രമുഖ കമ്പനിയുടെ പേരിൽ തന്നെ വൈറൽ പനിക്കുള്ള വ്യാജ ഗുളികകളും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ പിടിച്ചെടുത്തവ∙ അറ്റോർവാസ്റ്റാറ്റിൻ (കൊളസ്ട്രോളിന്)
∙ ക്ലോണിഡിൻ (രക്തസമ്മർദം)
∙ ബീറ്റാഹിസ്റ്റീൻ (വെർട്ടിഗോ, തലകറക്കം)
∙ മൊണ്ടിലുകാസ്റ്റ് ല്യൂക്കോട്രിൻ (ആസ്മ, അലർജി)
∙ ഓഫ്ലോക്സാസിൻ (ആന്റിബയോട്ടിക്)
∙ ആസ്പിരിൻ, ക്ലോപ്പിഡോഗ്രൽ (രക്തം നേർപ്പിക്കാൻ)
∙ റാബിപ്രസോൾ (നെഞ്ചെരിച്ചിൽ, അസിഡിറ്റി)
∙ ഐസോസോർബൈഡ് ഡെനിട്രേറ്റ്, നികോറാൻഡിൽ (ഹൃദ്രോഗം)
∙ ഡോണപെസിൽ (അൽസ്ഹൈമേഴ്സ്)
∙ ഗ്ലിമിപിറൈഡ് (പ്രമേഹം)
∙ ഒൺഡാൻ സെട്രോൺ (ഛർദി)
∙ പാന്റോപ്രസോൾ (ഗ്യാസ്ട്രോ)
ഗുണനിലവാരമില്ലാത്ത മരുന്നുകൾ പിടിച്ചെടുത്ത ജില്ലകൾ (പിടിച്ചെടുത്ത മരുന്നിന്റെ വില രൂപയിൽ )∙ കോട്ടയം 16.08 ലക്ഷം
∙ പാലക്കാട് 4.40 കോടി
∙ തിരുവനന്തപുരം 25.15 ലക്ഷം
∙ ഇടുക്കി 26.73 ലക്ഷം
∙ തൃശൂർ 11.14 ലക്ഷം
━━━━━━━━━━━━━━━━━━

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments