Breaking News

അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി.അഴിമതി കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

എറണാകുളം : കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്ന വിമർശനമാണ് കോടതി ഉയർത്തിയത്. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. 'ഇതു അതീവ പരിതാപകരമായ അവസ്ഥയാണ്' എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദീന്റെ പരാമർശം. 


ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും കശുവണ്ടി വികസന കോർപറേഷന്റെ മുൻ എംഡി കെ.എ. രതീഷിനെയും പ്രതികളാക്കി സിബിഐ വിചാരണ ആരംഭിക്കാനായി സർക്കാരിനോട് മൂന്നു തവണ പ്രോസിക്യൂഷൻ അനുമതി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഓരോ തവണയും സർക്കാർ അത് തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ നടപടിക്കായി അപേക്ഷ സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കവേയാണ് കോടതി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുന്നോട്ട് വന്നത്.


“സർക്കാർ അഴിമതിക്കാരുമായി ചേർന്നുനിൽക്കുകയാണ്.എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കുന്നത്? പിന്നിൽ ആരാണ്?” – കോടതി ചോദിച്ചു. രാഷ്ട്രീയ മേലാളന്മാരെയാണ് പ്രതികൾ അനുസരിക്കുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദവും കോടതി പരിഗണിച്ചു. ഒരു ആഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് സർക്കാർ നിർദേശിക്കപ്പെട്ടിട്ടുണ്ട്. "അഴിമതിയില്ലാത്ത ഭരണമാണ് വാഗ്ദാനം ചെയ്തതെങ്കിലും, അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്" എന്ന് കോടതിയുടെ നിരീക്ഷണം.

2006 മുതൽ 2015 വരെയുള്ള അസംസ്കൃത കശുവണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടന്നുവെന്നാരോപിച്ചാണ് കേസ്. മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരനും മുൻ എംഡി കെ.എ. രതീഷും പ്രധാന പ്രതികളാണ്. ഹൈക്കോടതിയുടെ നിർദേശപ്രകാരം 2016ൽ സിബിഐ അന്വേഷണം ഏറ്റെടുത്തു. 2020 ഒക്ടോബർ 15, 2025 മാർച്ച് 21, 2025 ഒക്ടോബർ 28 എന്നീ തീയതികളിലാണ് സർക്കാർ മൂന്നുതവണയും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.


നടപടിക്രമത്തിലെ വീഴ്ചകൾ ഒഴികെ ഗൗരവപ്പെട്ട അഴിമതി തെളിവുകൾ കണ്ടെത്താനായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അനുമതി നിഷേധിച്ചതെന്ന് സർക്കാർ നിലപാട് വ്യക്തമാക്കുന്നു.

No comments