Breaking News

ഓസ്ട്രേലിയയിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്ക്.

സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾ പുരോഗമിക്കവേ നടന്ന വെടിവയ്പ്പിൽ മരണസംഖ്യ പന്ത്രണ്ടായി. വൈകുന്നേരം ആറുമണിയോടെയാണ് ഒരു വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികൾ ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് നിരന്തരമായി വെടിയുതിർക്കാൻ തുടങ്ങിയത്. ആഘോഷത്തിന്റെ സന്തോഷ നിമിഷങ്ങൾ പെട്ടെന്ന് തന്നെ ഭീതിയിലേക്കും ഭീകരാന്തരീക്ഷത്തിലേക്കും വഴിമാറുകയായിരുന്നു.

അതേസമയം, അക്രമിയെ നിരായുധനായി നേരിട്ട അഹമ്മദ് അൽ അഹമ്മദ് അപൂർവ ധൈര്യത്തിന്റെ ഉദാഹരണമായി  മാറുകയാണ്. സിഡ്നിയിൽ പഴക്കച്ചവടം നടത്തുന്ന 43കാരനായ അഹമ്മദ്, ആയുധമൊന്നുമില്ലാതെ തന്നെ തോക്കുധാരിയെ നേരിടുകയായിരുന്നു. ആക്രമണത്തിനിടെ രണ്ട് തവണ വെടിയേറ്റെങ്കിലും അഹമ്മദ് പിന്നോട്ടു പോയില്ല. നിലവിൽ അദ്ദേഹം സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.


വെടിവയ്പ്പ് പുരോഗമിക്കുമ്പോൾ, കാറുകൾക്ക് പിന്നിൽ മറഞ്ഞുനിന്ന ശേഷം ഒരു വ്യക്തി തോക്കുധാരിക്ക് പിന്നിലൂടെ ഓടിച്ചെത്തി ധീരമായി നേരിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ആക്രമിയുടെ അടുത്തെത്തിയ അഹമ്മദ് ഇയാളെ കഴുത്തിൽ പിടിച്ച് നിലത്തേക്ക് തള്ളുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് അതേ ആയുധം ഉപയോഗിച്ച് ആക്രമിയെ നേരിടുകയായിരുന്നു.


അഹമ്മദിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതൽ വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്നി വെടിവയ്പ്പിലെ യഥാർത്ഥ ഹീറോയെന്ന നിലയിൽ അഹമ്മദിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രശംസയാണ് ലഭിക്കുന്നത്.

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം എന്ന പേരിലുള്ള ഇയാളുടെ സിഡ്നിയിലെ ബോണിറിഗ്ഗിലുള്ള വസതിയിൽ പൊലീസ് പരിശോധന തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലവും മറ്റ് ബന്ധങ്ങളും അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments