*കോർപറേഷനുകളിൽ ഇടതിന്റെ കനൽത്തരി; കോഴിക്കോട്ട് മേയറെ തീരുമാനിക്കാൻ തല പുകച്ച് സിപിഎം*
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റെണ്ണത്തിൽ കേരളത്തിൽ ഇടതുമുന്നണി മുന്നിലെത്തിയ ഏക കോർപറേഷനായ കോഴിക്കോട്ട് മേയർ സ്ഥാനാർഥിയായി സിപിഎം കണ്ടുവച്ച സി.പി.മുസാഫർ അഹമ്മദ് തോറ്റതോടെ മേയറായി ആരെ അവതരിപ്പിക്കുമെന്ന ചർച്ചകളിലേക്ക് സിപിഎം. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഞായറാഴ്ച ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലാ നേതൃയോഗത്തിൽ ഇതിൽ തീരുമാനമായില്ല.
നിലവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കൂടിയായ ഡോ.എസ്.ജയശ്രീക്കാണ് ചർച്ചകളിൽ മുൻതൂക്കം. വനിതകൾക്ക് സംവരണം ചെയ്ത മുൻ കൗൺസിലിലെ മേയർ സ്ഥാനത്തേക്ക് 2020 ൽ ജയശ്രീയെ പരിഗണിച്ചെങ്കിലും ബീന ഫിലിപ്പിനാണ് അവസരം ലഭിച്ചത്. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലായിരിക്കെ വിരമിച്ച ജയശ്രീ അധ്യാപകസംഘടനയിലൂടെയാണ് നേതൃനിരയിലേക്ക് എത്തിയത്. കോട്ടൂളി വാർഡിൽ രണ്ടാം തവണയും വിജയിച്ചു.
ഇത്തവണ ജനറൽ തലത്തിലേക്ക് മേയർ പദവി മാറിയ സാഹചര്യത്തിൽ ഭൂരിപക്ഷം ലഭിക്കുന്നതോടെ സി.പി.മുസാഫർ അഹമ്മദിനെ മേയറാക്കുകയും ഡപ്യൂട്ടി മേയറായി എസ്.ജയശ്രീയെ നിയോഗിക്കാനുമായിരുന്നു ധാരണ. എന്നാൽ മീഞ്ചന്ത വാർഡിൽ മുസാഫർ അഹമ്മദിന്റെ തോൽവിയാണ് പാർട്ടിക്കുള്ളിൽ മേയർ പദവിക്കായുളള ചർച്ചകൾ വീണ്ടും സജീവമാക്കിയത്.
കൗൺസിലിലേക്ക് ജയിച്ചുകയറിയ വി.പി.മനോജ്, ഒ.സദാശിവൻ, കെ.രാജീവ് എന്നിവരുടെ പേരുകളും മേയർ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. മുൻ ഡപ്യൂട്ടി കലക്ടർ കൂടിയായ ഇ.അനിതകുമാരി ഡപ്യൂട്ടി മേയറായി പരിഗണിക്കുന്നതും ചർച്ചയിലുണ്ട്. എന്നാൽ മേയർ, ഡപ്യൂട്ടി മേയർ പദവികൾ രണ്ടും സ്ത്രീകൾക്ക് നൽകേണ്ടതുണ്ടോ എന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്. പുരുഷ മേയർ എത്തിയാൽ ഡപ്യൂട്ടി മേയറായി ജയശ്രീക്കാവും സാധ്യത.
45 വർഷത്തോളമായി തുടർച്ചയായി ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫിന് ഇടതുസ്വതന്ത്രർ ഉൾപ്പെടെ 35 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ 75 ൽ 50 സീറ്റ് നേടിയ അപ്രമാദിത്വത്തിൽ നിന്നാണ് ഈ തിരിച്ചടി. വാർഡ് പുനർനിർണയത്തിനു ശേഷം 76 സീറ്റായി മാറിയ കോഴിക്കോട് കോർപറേഷനിൽ ബിജെപിയും കോൺഗ്രസും മികച്ച മുന്നേറ്റമാണ് നടത്തിയത്. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ബിജെപി എത്തിയപ്പോൾ കഴിഞ്ഞ കൗൺസിലിൽ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ 28 സീറ്റാണ് ഇത്തവണ നേടിയത്.
*

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments