*സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും*
മസ്‌കറ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുൽത്താൻ ഹൈത്തം ബിൻ താരിഖും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് ആവശ്യമായ വഴികൾ കണ്ടെത്തുന്നതിനുള്ള ചർച്ചകളാണ് വ്യാഴാഴ്ച നടന്നത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അനസാന ഘട്ടമായ ബുധനാഴ്ചയാണ് മോദി ഒമാനിലെത്തിയത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി മോദിയെ സുൽത്താൻ ഹൈത്തം മസ്‌കറ്റിലെ അൽബറക്ക പാലസിൽ സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വർഷത്തെ പൂർത്തീകരണം ഉഭയകക്ഷി പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും കണക്കാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു.
'ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളാണ് അവർ ചർച്ച ചെയ്തത്. പ്രതിരോധം, സുരക്ഷ, വ്യാപാരവും നിക്ഷേപവും, ഊർജ്ജം, കൃഷി, സാങ്കേതികവിദ്യ, പുതിയതും ഉയർന്നുവരുന്നതുമായ മറ്റ് മേഖലകൾ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രാദേശികവും ആഗോളവുമായി താൽപ്പര്യമുള്ള വിഷയങ്ങളും അവർ ചർച്ച ചെയ്തു.' ജയ്‌സ്‌വാൾ പറഞ്ഞു.
സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെച്ചതിനെ ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും വിശേഷിപ്പിച്ചത്. ഈ കരാർ ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഒമാന്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി കൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
പുതിയ കരാർ വിപണി പ്രവേശനം മെച്ചപ്പെടുത്താനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ആഗോള സാമ്പത്തിക പുനഃക്രമീകരണത്തിന്റെ ഈ സമയത്ത് വ്യാപാര വൈവിധ്യവൽക്കരണത്തെയും വിതരണ ശൃംഖലയുടെ പ്രതിരോധത്തെയും ഇത് പിന്തുണയ്ക്കും എന്നും ഇരുരാജ്യങ്ങളും ശുഭാപ്തിവിശ്വാസം പങ്കുവെച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യ നിരവധി സ്വതന്ത്ര വ്യാപാര കരാറുകളിൽ (FTAs) ഒപ്പുവെച്ചിട്ടുണ്ട്, ഇത് നമ്മുടെ കർഷകർക്കും വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും നേട്ടങ്ങൾ നൽകുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള CEPA ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ആത്മവിശ്വാസവും ഊർജ്ജവും നൽകുമെന്ന് പ്രധാനമന്ത്രി മോദി നേരത്തേയും അഭിപ്രായപ്പെട്ടിരുന്നു.
സുൽത്താൻ ഹൈത്തമിന്റെ ക്ഷണം പ്രകാരമാണ് മോദി ഒമാനിലെത്തിയത്. ഗൾഫ് രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്.
ഒമാനിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം എത്യോപ്യയും ജോർദാനും സന്ദർശിച്ചിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. ഇതിനകം തന്നെ യുഎഇയുമായി സമാനമായ കരാർ ഇന്ത്യയ്ക്കുണ്ട്, 2022 മെയ് മാസത്തിലാണ് അത് പ്രാബല്യത്തിൽ വന്നത്.
2024-'25-ൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.5 ബില്യൺ ഡോളറായിരുന്നു (കയറ്റുമതി 4 ബില്യൺ ഡോളർ, ഇറക്കുമതി 6.54 ബില്യൺ ഡോളർ). പെട്രോളിയം ഉൽപ്പന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതികൾ. ഇവ ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും വരും. പ്രൊപ്പിലീൻ, ഇഥിലീൻ പോളിമറുകൾ, പെറ്റ് കോക്ക്, ജിപ്‌സം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, ഉരുക്കാത്ത അലുമിനിയം എന്നിവയും പ്രധാന ഉൽപ്പന്നങ്ങളാണ്.
ധാതു ഇന്ധനങ്ങൾ, രാസവസ്തുക്കൾ, വിലയേറിയ ലോഹങ്ങൾ, ഇരുമ്പ്, ഉരുക്ക്, ധാന്യങ്ങൾ, കപ്പലുകൾ, ബോട്ടുകൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, ബോയിലറുകൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് ഇന്ത്യയുടെ ഒമാനിലേക്കുള്ള പ്രധാന കയറ്റുമതി ഇനങ്ങൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments