Breaking News

പോറ്റിയെ കേറ്റിയേ ; പാരഡിയല്ല, പ്രാര്‍ത്ഥനയെന്ന് അഭിഭാഷകൻ

പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായി മാറ്റിയേ.... പാരഡിയല്ല, പ്രാർത്ഥനയെന്ന് സുപ്രീംകോടതി അഭിഭാഷകൻ എം.ആർ അഭിലാഷ്. അയ്യപ്പസ്വാമിയുടെ നാമം ഭക്തിഗാനങ്ങളില്‍ കേള്‍ക്കുന്നതുപോലെ തന്നെയാണ് ഈ ഗാനത്തില്‍ ഭക്തിനിർഭരമായി ഉച്ചരിക്കുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഗാനം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച്‌ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു എം.ആർ അഭിലാഷിന്റെ പ്രതികരണം. ഈ ഗാനം ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തുന്നുവെങ്കില്‍ അത് ഈ ഗാനത്തിലൂടെ സ്വർണ്ണക്കൊള്ളയുടെ ഗൗരവം മലയാളിയുടെ മനസിലേക്ക് അരിച്ചിറങ്ങും എന്ന് ഭയപ്പെടുന്ന വ്യക്തികളുടെ ഭയമെന്ന മതവികാരത്തെ മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മല കയറുമ്പോള്‍ പുലിയെക്കണ്ടാലും ആനയെക്കണ്ടാലും കള്ളന്മാരെക്കണ്ടാലും അയ്യപ്പനെ വിളിച്ചു പാടുകയും പറയുകയും ചെയ്യുന്നതാണ് ശബരിമലയുടെ ആരാധനാ സംസ്കാരം . ശബരിമലയിലെ വിശ്വാസങ്ങളെ തച്ചുതകർക്കാൻ ബോധപൂർവം നിയമിക്കപ്പെട്ട വാസുവും സംഘവും അവിടെ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കി എന്നത് കേരളാ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എടുത്ത എഫ്ഐആറില്‍ പ്രകടമാണ്. ഈ കള്ളന്മാരെക്കുറിച്ച് അയ്യപ്പസ്വാമിയോട് വിളിച്ചു പറയുന്നത് ഇന്ത്യൻ ഭരണഘടനയുടെ 19 (1 ) (a ) പ്രകാരം ഉള്ള അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല 25-ആം വകുപ്പ് പ്രകാരമുള്ള ആരാധനാ സ്വാതന്ത്ര്യം കൂടിയാണെന്ന് എം.ആർ അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചു.

*കുറിപ്പിന്റെ പൂർണരൂപം*

"പോറ്റിയെ കേറ്റിയെ" എന്ന ഗാനം മതവികാരം വൃണപ്പെടുത്തുന്നുണ്ടോ..? കേസെടുക്കാൻ കഴിയുമോ..?

കേരളത്തെ നടുക്കിയ ശബരിമല സ്വർണ്ണക്കൊള്ളയിലെ രാഷ്ട്രീയവും ക്രിമിനല്‍ കുറ്റവും വിളിച്ചോതുന്ന, ഭക്തിക്ക് ഒരു കുറവും വരുത്താത്ത, ഈ ഗാനം ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തുന്നുവെങ്കില്‍ അത് ഈ ഗാനത്തിലൂടെ സ്വർണ്ണക്കൊള്ളയുടെ ഗൗരവം മലയാളിയുടെ മനസിലേക്ക് അരിച്ചിറങ്ങും എന്ന് ഭയപ്പെടുന്ന വ്യക്തികളുടെ ഭയമെന്ന മതവികാരത്തെ മാത്രമാണ്. അയ്യപ്പസ്വാമിയുടെ നാമം ഭക്തിഗാനങ്ങളില്‍ കേള്‍ക്കുന്നതുപോലെ തന്നെയാണ് ഈ ഗാനത്തില്‍ ഭക്തിനിർഭരമായി ഉച്ചരിക്കുന്നത്. ശബരിമലയില്‍ ആര് സ്വർണ്ണക്കൊള്ള നടത്തിയെന്നും അവർ ആരായിരുന്നു എന്നും വിളിച്ചോതുന്ന ഈ ശ്രുതിമധുരമായ പാട്ട് നിങ്ങള്‍ക്ക് ഭക്തിയുണ്ടെങ്കില്‍ ഭക്തിനിർഭരമായി തന്നെ പാടാം. ഭാരതീയ ന്യായ സംഹിതയുടെ 299-ആം വകുപ്പ് അനുസരിച്ച് മതവികാരം വൃണപ്പെടുത്തിയതിന് കേസെടുക്കാൻ ഈ പാട്ട് രചിച്ചതുകൊണ്ടോ സംഗീതം നൽകിയതുകൊണ്ടോ പാടിയത് കൊണ്ടോ കഴിയില്ല. പ്രസ്തുത വകുപ്പ് പ്രകാരം ബോധപൂർവം മതവികാരം വൃണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പറയുകയോ എഴുതുകയോ ചെയ്ത വാക്കുകളിലൂടെയോ മറ്റു സംവേദന മാർഗ്ഗങ്ങളിലൂടെയോ പൗരന്മാരുടെ മതമോ മതവിശ്വാസമോ വൃണപ്പെടുത്തുകയാണെങ്കില്‍ മാത്രമേ മേല്‍ക്രോഡീകരിച്ച വകുപ്പ് പ്രകാരമോ മറ്റേതെകിലും സമാനമായ വകുപ്പ് പ്രകാരമോ കേസെടുക്കുവാൻ കഴിയുകയുള്ളു. അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസ പ്രമാണങ്ങളെക്കുറിച്ചോ ഇകഴ്ത്തിപ്പാടുകയാണെങ്കില്‍ മാത്രമേ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ആകർഷിക്കപ്പെടുകയുള്ളൂ. മലകയറുമ്പോള്‍ പുലിയെക്കണ്ടാലും ആനയെക്കണ്ടാലും കള്ളന്മാരെക്കണ്ടാലും അയ്യപ്പനെ വിളിച്ചു പാടുകയും പറയുകയും ചെയ്യുന്നതാണ് ശബരിമലയുടെ ആരാധനാ സംസ്കാരം . ശബരിമലയിലെ വിശ്വാസങ്ങളെ തച്ചുതകർക്കാൻ ബോധപൂർവം നിയമിക്കപ്പെട്ട വാസുവും സംഘവും അവിടെ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കി എന്നത് കേരളാ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എടുത്ത എഫ്ഐആറില്‍ പ്രകടമാണ്. ഈ കള്ളന്മാരെക്കുറിച്ചു അയ്യപ്പസ്വാമിയോട് വിളിച്ചു പറയുന്നത് ഇന്ത്യൻ ഭരണഘടനയുടെ 19 (1 ) (a ) പ്രകാരം ഉള്ള അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല 25-ആം വകുപ്പ് പ്രകാരമുള്ള ആരാധനാ സ്വാതന്ത്ര്യം കൂടിയാണ്. അയ്യപ്പഭക്തനായ കേരളത്തിന്റെ ഡിജിപിക്ക് അത് മനസിലാക്കാനുള്ള നിയമബോധം ഉണ്ട് എന്നതും ഒരു വലിയ വിശ്വാസമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments