Breaking News

*‘പോറ്റിയേ കേറ്റിയേ’ രണ്ടാം ഭാഗം വരുന്നു, ജയിലിൽ നിന്ന് വാസു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് ഉള്ളടക്കം: ഒളിച്ചോടില്ലെന്ന് ജി.പി.കുഞ്ഞബ്ദുല്ല*

കോഴിക്കോട് : തിര‍ഞ്ഞെടുപ്പ് കാലത്ത് വൈറലായി കേസിലായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ഗാനം പുറത്തിറക്കുക. ജയിലിൽ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണര്‍ എൻ.വാസു തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന കത്താണ് പാട്ടിന്റെ ഉള്ളടക്കമെന്ന് ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല പറഞ്ഞു. പാട്ടിന്റെ പേരിൽ തനിക്കെതിരെ എടുത്ത കേസിൽ നിന്ന് ഒളിച്ചോടില്ല. നിയമപരമായി നേരിടും.  തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായിപ്പോയി. അവർക്ക് അണികളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കണം. അതിനു കിട്ടിയ വടിയായാണ് ഈ പാട്ടിന്റെ മേൽ പഴിചാരുന്നത്. അല്ലാതെ ഈ ഒരൊറ്റ പാട്ടുകൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നുപോവില്ല. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറഞ്ഞതെന്നും ജി.പി.കുഞ്ഞബ്ദുല്ല ഖത്തറിൽ നിന്ന് ടെലിഫോണിലൂടെ  ഓൺലൈനോട് പറഞ്ഞു. 
https://chat.whatsapp.com/J6pbqZnZQkpBMgZwnd7Trg?mode=hqrt3
∙ ‘പോറ്റിയേ കേറ്റിയേ’ എന്ന താങ്കളുടെ പാരഡി പാട്ട് വിവാദമായതിനു പിന്നാലെ കേസെടുത്തിരിക്കുകയാണല്ലോ. എന്താണ് പ്രതികരണം ?രണ്ടര മാസം മുൻപ് ഞാൻ എഴുതിയ പാട്ടാണിത്. അടിസ്ഥാനപരമായി ഞാന്‍ ഒരു കോൺഗ്രസുകാരനാണ്. സർക്കാരിന് എതിരായി ഒരു പാട്ടെഴുതി എന്നത് ശരിയാണ്. പക്ഷെ ആ പാട്ടിൽ ഒരിടത്തും മതനിന്ദയില്ല. ശബരിമലയിലെ വിഷയം മാത്രമല്ല ഞാൻ ആ പാട്ടിൽ പ്രതിപാദിക്കുന്നത്. ആശാവർക്കർമാരോട് സർക്കാർ കാട്ടിയ അവഗണന, ഷാഫി പറമ്പിലിനെ തല്ലിയത്, ടി.പിയെ കൊല്ലാൻ നോക്കിയത് ഒക്കെ ആ പാട്ടിൽ പ്രതിപാദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മാത്രമല്ല ബിജെപിയും ഇതേ പാട്ടിലെ ആദ്യവരികൾ പ്രചരിപ്പിച്ചിരുന്നു. മണ്ഡലകാലത്ത് ശബരിമല തീർഥാടനത്തിനു പോകുന്ന ഭക്തർ ബസ്സിൽ ഈ പാട്ടിട്ട് പോകുന്നതിന്റെ വിഡിയോ പലരും എനിക്ക് അയച്ചു തന്നിട്ടുണ്ട്. ശരിക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായി പോയി. അവർക്ക് അണികളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കേണ്ടേ. അതിനു കിട്ടിയ വടിയായാണ് ഈ പാട്ടിന്റെ മേൽ പഴി ചാരുന്നത്. അല്ലാതെ ഈ ഒരൊറ്റ പാട്ട് കൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നുപോവുകയൊന്നുമില്ല. അത് അവർ ചിന്തിക്കണം. 

∙ പാട്ടെഴുതിയ താങ്കൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ ആശങ്കയില്ലേ? പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എന്നെ വിളിച്ചിരുന്നു. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് അവർ പറഞ്ഞത്. എനിക്ക് ഒരു ആശങ്കയുമില്ല. കേസെടുത്ത സ്ഥിതിക്ക് നിയമാനുസൃതമായി നേരിടും. ഒളിച്ചോടാൻ പറ്റില്ലല്ലോ. 

∙ ഈ പാട്ടിന്റെ ഉത്ഭവത്തെപ്പറ്റി പറയാമോ ? വിശ്വാസികളുടെ നെഞ്ച് പിളര്‍ക്കുന്ന വേദനയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. അത് എന്റെ മനസ്സിനെയും വല്ലാതെ വേദനിപ്പിച്ചു. ആ വേദനയില്‍ എഴുതിയ പാട്ടാണ്. ഖത്തറിൽ ജോലിത്തിരക്കിനിടെയാണ് പാട്ടെഴുതിയത്. പാട്ടെഴുതിയ ശേഷം യൂത്ത് കോൺഗ്രസുകാർക്കും യൂത്ത് ലീഗുകാർക്കും ആണ് ആദ്യം നൽകിയത്. അവരത് വേണ്ടതു പോലെ സ്വീകരിച്ചില്ല. അതിനുശേഷം സിഎംഎസ് മീഡിയ എന്ന കമ്പനിക്കാർ സമീപിച്ചു. ഞങ്ങൾ വിഡിയോ ചെയ്ത് ഇറക്കിക്കോട്ടെ എന്ന് അവർ ചോദിക്കുകയും ഞാൻ സമ്മതിക്കുകയുമായിരുന്നു.

∙ പാരഡി ഗാനങ്ങൾ സ്ഥിരമായി എഴുതാറുണ്ടോ. മാപ്പിളപ്പാട്ട് കലാകാരനാണ് എന്നാണല്ലോ അറിഞ്ഞത് ?600 പാട്ടുകളെഴുതിയിട്ടുണ്ട്. അതിൽ ഇരുന്നൂറോളം പാട്ടുകളും മാപ്പിളപ്പാട്ടുകളാണ്. മനുഷ്യപക്ഷത്ത് നിന്നുള്ള ഗാനങ്ങൾ എഴുതാനാണ് താൽപര്യം. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലാണ് എഴുതിയ പാട്ടുകളെല്ലാം. മാനവികത നേരിടുന്ന ഭീഷണികൾ ആയിരിക്കും പ്രധാന വിഷയം. മാനവികതയാണ് എന്റെ മതം. തുർക്കിയിൽ ബോബ് പൊട്ടിയാലും ബാബ്റി മസ്ജിദ് തകർന്നാലും ഞാൻ പാട്ടെഴുതും. പരിസ്ഥിതിക്ക് എതിരായ പ്രവർത്തനങ്ങൾക്ക് എതിരെയും പലിശയ്ക്കും മദ്യത്തിനും ലഹരിക്കും എതിരെയും ഞാൻ പാട്ടെഴുതും. ‘മാപ്പിളപ്പാട്ടിൻ വർണ ചരിത്രം’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. 

∙ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഭീഷണികൾ നേരിടുന്നുണ്ടോ ?സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളുണ്ട്. എന്നാൽ ഞാൻ അതൊന്നും വായിക്കാനോ കേൾക്കാനോ ഇരിക്കാറില്ല. ഇവിടത്തെ കച്ചവടത്തിന് ഇടയിൽ എനിക്ക് അതിനുള്ള സമയവുമില്ല. മോശമായ പദപ്രയോഗങ്ങൾക്ക് തിരിച്ച് ഞാൻ മറുപടിയേ കൊടുക്കാറില്ല. സിപിഎമ്മിൽ നല്ല സുഹൃത്തുക്കളുണ്ട്. അവരൊക്കെ പാട്ട് നന്നായി എന്നാണ് പറയുന്നത്. എന്നാൽ ഈ തോൽവിക്ക് കാരണക്കാരായ ഒരു വിഭാഗം, ഉള്ള വോട്ട് പിടിച്ചുനിർത്താൻ സൃഷ്ടിച്ച ഗിമ്മിക്കാണ് ഈ വിവാദം. 

∙ താങ്കൾ പാട്ടിലൂടെ മതത്തെ വ്രണപ്പെടുത്തി എന്നാണല്ലോ പരാതി. ശരിക്കും അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നോ ?ബിജെപി വ്യാപകമായി ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ടല്ലോ. ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒരു ഗാനമായിരുന്നു ഇതെങ്കിൽ അവർ ഇത് ഉപയോഗിക്കുമോ. ഇതേ പാട്ട് തന്നെ സതീശന് എതിരെ സിപിഎം പാരഡിയായി ഇറക്കിയിട്ടുണ്ട്. ഇതിനു മുൻപ് കെ.കരുണാകരനെ പരിഹസിച്ചും അവർ ഇതേ പാട്ടിന്റെ പാരഡി ഇറക്കിയിട്ടുണ്ട്.

∙ എന്തുകൊണ്ടാണ് ഈ ഭക്തിഗാനം തന്നെ പാരഡി എഴുതാനായി തിരഞ്ഞെടുത്തത് ?ഈ ട്യൂണിൽ ധാരാളം പാരഡി ഗാനങ്ങൾ വന്നിട്ടുണ്ട്. അയ്യപ്പനെ പറ്റിയുള്ള വിഷയമായതിനാൽ തന്നെ ഒരു അയ്യപ്പ ഗാനമാകാം എന്ന് മനസ്സിൽ തോന്നി. മനസ്സിലുണ്ടായിരുന്നത് ഈ പാട്ടാണ്. മനസ്സിലുള്ളത് വ്യക്തമായി എഴുതാൻ ഈ ട്യൂണിലൂടെ പറ്റുമായിരുന്നു.

∙ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണല്ലോ. ‘പോറ്റിയേ കേറ്റിയേ’ പാട്ടിനൊരു തുടർച്ചയുണ്ടാകുമോ ? തിരഞ്ഞെടുപ്പ് ഫലം വന്ന അന്നേ ദിവസം തന്നെ ഞാനൊരു പാട്ടെഴുതിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണര്‍ എൻ.വാസു പിണറായിക്ക് ജയിലിൽ നിന്നെഴുതുന്ന കത്താണ് ഉള്ളടക്കം. ‘ഞങ്ങളെല്ലാം ജയിലിലാണ്, നിങ്ങൾ തോറ്റെന്ന് അറിഞ്ഞു’ എന്ന രീതിയിലാണത്. സ്ഥിരമായി എഴുതുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് എഴുതിയത്. റെക്കോർഡ് ചെയ്ത് എപ്പോൾ റിലീസ് ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ല. മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ആ പാട്ട് പുറത്തിറക്കുക. വരികൾ അവരെ ഏൽപ്പിച്ചിട്ടുണ്ട്.

∙ വ്യക്തിപരമായി പരിചയപ്പെടുത്താമോ ?ഞാൻ കോഴിക്കോട് നാദാപുരം സ്വദേശിയാണ്. 46 വർഷമായി ഖത്തറിലാണ്. ഇവിടെ റസ്റ്ററന്റും പലവ്യജ്ഞന സാധനങ്ങളുടെ വിൽപ്പനയും അടക്കം കച്ചവടം നടത്തുന്നു.l



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments