Breaking News

_ബി.ജെ.പി നേടി; പക്ഷേ പ്രതീക്ഷിച്ച വോട്ടുവിഹിതമില്ല


                                                                      കോട്ടയം : തലസ്ഥാനനഗരഭരണം പിടിക്കാനായെങ്കിലും പ്രചാരണത്തിലും കൊട്ടക്കലാശത്തിലും കാണിക്കുന്ന മേൽക്കൈ തെരഞ്ഞെടുപ്പ് ഫലത്തിൽ കൈവരിക്കാനാകാതെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ വികസനവും ശബരിമല സ്വർണക്കൊള്ളയുമൊക്കെ ചർച്ചയാക്കി നടത്തിയ പ്രചാരണം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയോയെന്ന സംശയം പാർട്ടിയിലുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാൻ സാധിച്ചെന്ന താൽക്കാലിക ആശ്വാസമുണ്ടെങ്കിലും കൈവശമുണ്ടായിരുന്ന പല മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളും നഷ്ടപ്പെട്ടെന്ന സത്യവും മുന്നിലുണ്ട്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ കരുത്തുകാട്ടാനായത് അവർക്ക് ആശ്വാസകരമാണ്. പക്ഷേ, പ്രതീക്ഷിച്ച വോട്ട്വിഹിതം നേടാനായില്ല. 25ശതമാനം വോട്ട്വിഹിതമാണ് അവകാശപ്പെട്ടിരുന്നത്.

ജില്ല പഞ്ചായത്തിലാകട്ടെ, കേരളത്തിൽ ഒരുസീറ്റിൽ മാത്രമാണ് (ബദിയടുക്ക, കാസർകോട്) ബി.ജെ.പിക്ക് ജയിക്കാനായത്. തിരുവനന്തപുരം ജില്ലയിൽ സ്വാധീനം വർധിപ്പിക്കാനായെന്ന് പാർട്ടിക്ക് ആശ്വസിക്കാം. ശക്തമായ ത്രികോണമത്സരം നടന്നതാണ് 50 സീറ്റുകൾ ലഭിക്കാൻ കാരണമായത്. എന്നാൽ, തൃശൂർ കോർപറേഷൻ ഭരണം പിടിക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണം അദ്ദേഹത്തിന്‍റെ ലോക്സഭ മണ്ഡലത്തിലുൾപ്പെടെ ഏശിയില്ല. പന്തളം മുനിസിപ്പാലിറ്റി ഭരണവും നഷ്ടപ്പെട്ടു. ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ വലിയ ജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്തിൽപോലും വിജയിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണ നേടിയ രണ്ട് സീറ്റിൽ കൂടുതൽ നേടാനുമായില്ല. കോട്ടയത്ത് മുത്തോലി, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളിലെ ഭരണവും ബി.ജെ.പിക്ക് നഷ്ടമായി. പകരം പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അയ്മനം എന്നിവിടങ്ങളിലെ ഭരണം പിടിക്കാനായെന്ന് ആശ്വസിക്കാം.

എറണാകുളത്ത് തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനായത് ആശ്വാസകരം. പാലക്കാട് നഗരസഭ ഭരണം തൂത്തുവാരുമെന്ന് നേതൃത്വം അവകാശപ്പെട്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താനുമായില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധിച്ചുവെന്നതാണ് ആശ്വാസം. ആലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, ഷൊർണൂർ, കൊടുങ്ങല്ലൂർ, ചങ്ങനാശ്ശേരി ഉൾപ്പെടെ ഒരുഡസനിലധികം മുനിസിപ്പാലിറ്റികളിൽ അധികാരത്തിലെത്തുമെന്നും പാർട്ടി അവകാശപ്പെട്ടിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റം നടത്താൻ സാധിച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കൊല്ലം, കോഴിക്കോട് കോർപറേഷനുകളിലെ ന്യൂനപക്ഷ സ്വാധീന മേഖലകളിൽ ഉൾപ്പെടെ വിജയിക്കാനായി. അതിന് പുറമെ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിൽനിന്നുള്ളവരെ സ്ഥാനാർഥികളായി നിർത്തി വിജയിപ്പിക്കാനായിട്ടുമുണ്ട്.

കഴിഞ്ഞതവണ 19 ഗ്രാമപഞ്ചായത്തുകൾ ഭരിച്ച ബി.ജെ.പിക്ക് ഇക്കുറി 26 ഇടങ്ങളിലേക്ക് ഭരണം ഉയർത്താനായി. 1447 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ എൻ.ഡി.എക്ക് വിജയിക്കാൻ സാധിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ 54 ഡിവിഷനുകളിലും മുനിസിപ്പാലിറ്റികളിൽ 324 സീറ്റുകളിലും കോർപറേഷനുകളിൽ 93 സീറ്റുകളിലും എൻ.ഡി.എക്ക് ജയിക്കാനായി. മറ്റൊരു രാഷ്ട്രീയപ്പാർട്ടികൾക്കും കഴിയാത്തനിലയിൽ 19,262 സ്ഥാനാർഥികളെ സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സാധിച്ചെന്നതും ബി.ജെ.പിയുടെ വലിയ നേട്ടമാണ്. 21,065 പേരാണ് എൻ.ഡി.എ സ്ഥാനാർഥികളായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments