Breaking News

*ജെൻസി നേതാവിന്റെ മരണം; ബംഗ്ലാദേശ് തെരുവുകളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു, മാദ്ധ്യമസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി*

ധാക്ക : കഴിഞ്ഞവർഷം ബംഗ്ലാദേശില്‍ നടന്ന ജെൻസി പ്രക്ഷോഭങ്ങളെ നയിച്ച യുവനേതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ധാക്കയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.അജഞാതസംഘത്തിന്റെ വെടിയേറ്റ് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലില്‍ കഴിഞ്ഞിരുന്ന ഷെരീഫ്‌ ഒസ്‌മാൻ ഹാദി (32) ആണ് മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. രാജ്യത്തെ രണ്ട് പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടന്ന ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെത്തിച്ചത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരെ നടന്ന സമരങ്ങളിലെ പ്രധാനമുഖമായിരുന്നു ഹാദി. 2026 ഫെബ്രുവരിയില്‍ നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ പാർലമെന്റ് സീറ്റിലേക്ക് മത്സരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 12ന് ധാക്കയിലെ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ ഹാദിയെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. മികച്ച ചികിത്സയ്‌ക്കായി വിമാനമാർഗം ഹാദിയെ സിംഗപ്പൂരിലെത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്‌ചയോട് കൂടി അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്ന് പുലർച്ചെ മരണവിവരം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിയിടങ്ങളില്‍ പ്രതിഷേധക്കാർ തീവയ്‌ക്കാൻ തുടങ്ങി. ചാറ്റോഗ്രാം ഉള്‍പ്പെടെ ബംഗ്ലാദേശിലുടനീളം നിരവധി നഗരങ്ങളില്‍ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഗ്നിശമന സേനയും സിവില്‍ ഡിഫൻസ് സേനയും ഇവയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങള്‍ നടത്തിവരികയാണ്.

ഷെയ്‌ഖ് ഹസീനയ്‌ക്ക് അഭയം നല്‍കിയ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തെ രണ്ട് പ്രമുഖ പത്രസ്ഥാപനങ്ങള്‍ പ്രതിഷേധക്കാ‌ർ അഗ്നിക്കിരയാക്കിയത്. തീപിടിച്ച കെട്ടിടത്തിനുള്ളില്‍ താൻ കുടുങ്ങിക്കിടക്കുകയാണെന്ന് ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോർട്ടർ സിമ ഇസ്ലാം അറിയിച്ചു.

'എനിക്ക് ഇനി ശ്വസിക്കാൻ കഴിയുന്നില്ല, വളരെയധികം പുകയുണ്ട്, ഞാൻ അകത്തുണ്ട്, നിങ്ങള്‍ എന്നെ കൊല്ലുകയാണ്' ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഡെയ്‌ലി സ്റ്റാർ കെട്ടിടത്തിലുണ്ടായ തീപിടിത്തം പുലർച്ചയോട് കൂടി നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന ഉദ്യോഗസ്ഥർ പറയുന്നു. തീയിടുന്ന സമയത്ത് 27 ജീവനക്കാ‌ർ കെട്ടിടത്തിലുണ്ടായിരുന്നു. ഇവർ കെട്ടിടത്തിന് പിൻഭാഗത്തേക്ക് അഭയം പ്രാപിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസഡറുടെ വീടും നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാർ വളഞ്ഞു. കണ്ണീർ വാതക ഷെല്ലുകള്‍ പ്രയോഗിച്ചാണ് പൊലീസ് ഇവരെ പിരിച്ചുവിട്ടത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments