*കോഴിക്കോട് ബെെപാസ്: ടോൾ പിരിവ് തടഞ്ഞ് കോൺഗ്രസ്, സംഘർഷം; 22 ഓളം പേർ കസ്റ്റഡിയിൽ*
കോഴിക്കോട് : കോഴിക്കോട് ബെെപാസിലെ പന്തീരാങ്കാവിൽ ടോൾ പിരിവ് തുടങ്ങിയതിനെതിരെ ഇന്നലെ കോൺഗ്രസ് നടത്തിയ ഉപരോധത്തിൽ സംഘർഷം. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ഒളവണ്ണ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എൻ.മുരളീധരൻ എന്നിവർക്ക് പരിക്ക്. പൊലീസ് ബല പ്രയോഗത്തിൽ ഷീൽഡ് തട്ടിയാണ് ദിനേശ് പെരുമണ്ണയ്ക്ക് പരിക്കേറ്റത്. ദേഹാസ്വാസ്ഥ്യമുണ്ടായ ഇരുവരെയും മെട്രോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാവിലെ ടോൾ പിരിവ് തടഞ്ഞത്. നേരത്തേ തന്നെ പ്രവർത്തകർ ടോൾപ്ലാസയ്ക്ക് സമീപമെത്തി. ടോൾ പിരിവിനായി അധികൃതർ വാഹനങ്ങൾ തടഞ്ഞു. ആദ്യമെത്തിയ വാഹനങ്ങളെ ടോൾ നൽകാതെ പ്രവർത്തകർ കടത്തിവിട്ടു. തുടർന്ന് പൊലീസ് പ്രവർത്തകരെ ബലമായി പിടിച്ച് മാറ്റി. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചു നിന്നു. ഒളവണ്ണ, പെരുമണ്ണ തുടങ്ങി പരിസരത്തുള്ളവരെ ടോളിൽ നിന്ന് ഒഴിവാക്കുക, ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകളെ ടോളിൽ നിന്ന് ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങൾ. ഇതിൽ തീരുമാനമാകുന്നതു വരെ ടോൾ പിരിവ് അനുവദിക്കില്ലെന്നും സമരക്കാർ വ്യക്തമാക്കി. ഉപരോധം കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പന്തീരാങ്കാവ് മണ്ഡലം പ്രസിഡന്റ് കെ.കെ മഹേഷ് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ ചോലക്കൽ രാജേന്ദ്രൻ, എ.ഷിയാലി, ബ്ലോക്ക് പ്രസിഡന്റ് രവികുമാർ പനോളി, പന്തീരാങ്കാവ് മണ്ഡലം പ്രസിഡന്റ് കെ.കെ. മഹേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് പി. കണ്ണൻ, എൻ.പി ബാലൻ, കെ.പി റഷീദ്, വി.എം. മധുസൂദനൻ, വിനോദ് കുമാർ കാനാങ്കോട്ട്, അബൂബക്കർ പാലാഴി, കെ.വി ബിനീഷ്, സി.ബാബു, സി.ബിജു തുടങ്ങി 22 ഓളം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് അസി.കമ്മിഷണർ കെ.കെ സീദ്ദീഖ്, ഇൻസ്പക്ടമാരായ ആർ.ശ്രീകുമാർ, ടി.എസ് ശ്രീജിത്ത്, റിൻസ് എം.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലും കൂടുതൽ പ്രവർത്തകരെത്തി വരും ദിവസങ്ങളിലും സമരം നടത്തുമെന്ന്
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments