Breaking News

*ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു*

കായംകുളം : സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ക്ക്‌ സമ്മാനിച്ചു. കേരളയാത്രയുടെ കായംകുളത്തെ സ്വീകരണ വേദിയില്‍ വെച്ച്‌ എസ്‌എൻഡിപി യോഗം മുൻ പ്രസിഡന്റ് ഗോകുലം ഗോപാലൻ, യോഗം മുൻ ബോർഡ് മെമ്പർ അഡ്വ. എസ് ചന്ദ്രസേനൻ, ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. വി.ആർ അനൂപ് എന്നിവർ ചേർചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.

മാനവികത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് ഒരേ സമയം സാമുദായിക ശാക്തീകരണവും സാമൂഹിക വികസനവും സാധ്യമാക്കുന്ന സവിശേഷമായ വികസന മാതൃക നടപ്പിലാക്കിയ നേതാവാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെന്ന് ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിന്റെ ധർമ ശാസ്ത്ര ബോധ്യങ്ങളില്‍ നിന്നുകൊണ്ട് ഇതര സമൂഹങ്ങളുമായുള്ള സഹോദര്യപൂർണ്ണമായ സഹവർത്തിത്വം സാധ്യമാക്കുക വഴി, കേരളത്തിന്റെ സൗഹൃദപാരമ്പര്യത്തെ ശാക്തീകരിക്കുന്നതില്‍ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജൂറി ചെയർമാൻ അഡ്വ. സി കെ വിദ്യാസാഗർ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ഗുരു ചിന്തകളുടെ വലിയ മാതൃകകള്‍ വിവിധ സമുദായങ്ങളില്‍ ഉണ്ടെന്നും അവയുടെ യോജിച്ച പ്രവർത്തനങ്ങള്‍ക്ക് കേരളത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാൻ കഴിയുമെന്നും സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. വി ആർ അനൂപ് അഭിപ്രായപ്പെട്ടു.

സാമുദായികതയ്ക്കും വർഗീയതയ്ക്കും ഇടയിലെ അതിർവരമ്പ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. മതത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുമ്പോഴാണ് വർഗീയത ഉണ്ടാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്കാരം തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുണ്ടെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മന്ത്രിമാർ, ജനപ്രതിനിധികള്‍, വിവിധ സാമുദായിക-രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments