Breaking News

*കോടതികളേ,* *നിങ്ങളീ നാടിന് നാണക്കേട് ; പ്രകാശ് രാജ്*

രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി നടൻ പ്രകാശ് രാജ്. ഇന്ത്യൻ കോടതികള്‍ രാജ്യത്തിന് നാണക്കേടാണെന്ന് അദ്ദേഹം വിമർശിച്ചു. ഈ രാജ്യത്ത് സംഭവിക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഒരുകാലത്ത് സാധാരണക്കാരന്റെ അവസാന പ്രതീക്ഷയായിരുന്നു കോടതികളെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. 'പോലീസിനെ പേടിയുണ്ടായിരുന്ന കാലത്തും 'കോടതിയില്‍ കാണാം' എന്ന് പറയാനുള്ള ധൈര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. കാരണം കോടതി നമ്മുടെ അവസാന പ്രതീക്ഷയായിരുന്നു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കോടതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് നമുക്ക് അറിയാമായിരുന്നു. ഭരിക്കുന്ന സർക്കാരിന്റെയോ ഒരു മതസ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ലെന്ന് നമുക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഇന്ന്, ഈ വേദിയില്‍ നിന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ കോടതികളേ, നിങ്ങളീ നാടിന് നാണക്കേടാണ്. കാരണം നിങ്ങള്‍ നീതിയോട് ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടക്കുന്നത് ഒരു വംശഹത്യയ്ക്കുള്ള ഒരുക്കമാണെന്ന് പ്രകാശ് രാജ് ആരോപിച്ചു. മുസ്ലിങ്ങളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കുക എന്നതാണ് ഭരണകൂടത്തിന്റെ അജണ്ട. ഇതിനായി ഭരണഘടനയെ അട്ടിമറിക്കാനും മനുസ്മൃതി നടപ്പിലാക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഉമർ ഖാലിദിനെപ്പോലുള്ളവർ തടവറയിലാകുന്നത് ഈ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമല്ല, മറിച്ച്‌ ആർഎസ്‌എസിന് എതിരെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 'ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടത് അവർ രാഷ്ട്രീയ പാർട്ടികള്‍ തുടങ്ങിയതുകൊണ്ടാണ്. എന്നാല്‍ ആർഎസ്‌എസ് അങ്ങനെയല്ല. അത് കുളത്തിനടിയിലെ രാക്ഷസനെപ്പോലെ മറഞ്ഞിരുന്ന് പ്രവർത്തിക്കുന്ന ശക്തിയാണ്. താമര എന്ന ചിഹ്നത്തിനപ്പുറം ആ ആഴത്തിലുള്ള ശക്തിയോടാണ് നാം പോരാടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രധാനമന്ത്രിയുടെ ഇ-മെയില്‍ വിലാസത്തില്‍ എനിക്ക് ഒരു കത്ത് ലഭിച്ചു. നവംബർ 26-ന് മിക്കയാളുകള്‍ക്കും അത് ലഭിച്ചിട്ടുണ്ടാകും. മനോഹരമായ നുണകള്‍ നിറഞ്ഞ ഒരു കത്ത്. ഈ രാജ്യത്തിന് ഒരു ഭരണഘടന ഇല്ലായിരുന്നെങ്കില്‍ താൻ ഇത്തരമൊരു സ്ഥാനത്ത് എത്തുമായിരുന്നില്ലെന്നും അംബേദ്കറും മഹാത്മാഗാന്ധിയുമൊക്കെ മഹാന്മാരായ മനുഷ്യരാണെന്നും കത്തില്‍ പറയുന്നു. കത്തയച്ചതിന്റെ തലേദിവസം രാമക്ഷേത്രത്തില്‍ പതാക ഉയർത്തുമ്പോള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആർഎസ്‌എസ് മേധാവിയും അവിടെ ഉണ്ടായിരുന്നത് ഞാൻ അപ്പോഴാണ് ഓർത്തത്. വോട്ട് ചെയ്തില്ലെങ്കിലും എന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കണമെന്നതിനാല്‍ ഞാൻ ആ ദൃശ്യം നോക്കിയിരുന്നു. ആ പതാകയോട്, ഹിന്ദുത്വ എന്ന ആശയത്തോട് അദ്ദേഹത്തിന് എത്ര ബഹുമാനമാണുള്ളത്. ഈ വ്യക്തിക്ക് ദേശീയ പതാകയോട് അത്രയും ബഹുമാനമുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവരുടെ അജണ്ട വളരെ വ്യക്തമാണ്, അത് വംശഹത്യയാണ്. ഉമറും ഞാനും നിങ്ങളുമടക്കമുള്ളവർ രണ്ടാം തരം പൗരന്മാരാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച്‌ ബോധമുള്ളവരാകാനും ജാഗ്രത പാലിക്കാനുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്' ആർഎസ്‌എസിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു. ഗൗരി ലങ്കേഷ്, കല്‍ബുർഗി തുടങ്ങിയവരുടെ കൊലപാതകങ്ങളെ പരാമർശിച്ച അദ്ദേഹം, കുറ്റവാളികള്‍ക്ക് മാലയിട്ട് സ്വീകരണം നല്‍കുന്ന സാഹചര്യത്തെയും വിമർശിച്ചു. ഭരണകൂടം നൂറുതവണ നുണ പറയുകയാണെങ്കില്‍ നമ്മള്‍ ആയിരം തവണ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. ഭയപ്പെടാതെ ശബ്ദമുയർത്തുക മാത്രമാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments