ശമ്പള നിഷേധം: ബഹുജന പ്രക്ഷോഭത്തിന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം : മാധ്യമ സ്ഥാപനങ്ങളിലെ ശമ്പളനിഷേധത്തിനും തൊഴിൽ ചൂഷണത്തിനുമെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ബഹുജന പ്രക്ഷോഭത്തിലേക്ക്. ശമ്പളം മാസങ്ങൾ കുടിശ്ശികയായി ജേർണലിസ്റ്റുകൾ അടക്കം തൊഴിലാളികളെ കടുത്ത ദുരിതത്തിലും പട്ടിണി വക്കിലുമായ സാഹചര്യത്തിലാണ് യൂണിയൻ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്. സമര പരിപാടികൾ ആവിഷ്കരിക്കുന്നതിന് വിവിധ ട്രേഡ് യൂണിയനുകളുടെ യോഗം ജനുവരി 15ന് തിരുവനന്തപുരത്ത് ചേരും.
മാധ്യമം, മംഗളം എന്നീ സ്ഥാപനങ്ങളിലാണ് പ്രതിസന്ധി അതി ഗുരുതരാവസ്ഥയിൽ എത്തി നിൽക്കുന്നത്. കോവിഡിന്‍റെ പേരിൽ നാലു മാസത്തെ ശമ്പളത്തോളം വരുന്ന തുക രണ്ടു വർഷത്തിനിടെ തൊഴിലാളികളിൽനിന്നു പിടിച്ചുവെച്ച മാധ്യമത്തിൽ ശമ്പള കുടിശ്ശിക നാലു മാസം പിന്നിട്ടിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും വിരമിച്ചവർക്കു പുനർനിയമനവും വൻ ശമ്പളത്തിൽ പുതിയ നിയമനങ്ങളും മറ്റു ദുർവ്യയങ്ങളും തുടരുന്ന മാധ്യമം മാനേജ്മെന്റ് ശമ്പള കുടിശ്ശിക തീർക്കാൻ രാജിവെച്ചു പോകണമെന്ന ആവശ്യമാണ് ജീവനക്കാർക്കു മുന്നിൽ വെച്ചിരിക്കുന്നത്. ഇപ്പോൾ രാജിവെച്ചില്ലെങ്കിൽ ഗ്രാറ്റുവിറ്റിയും കുടിശ്ശിക ശമ്പളവുമടക്കം കിട്ടാതായേക്കുന്നു ഭീഷണി മുഴക്കുകയും ചെയ്യുന്നു. ആറു മാസം മുതൽ 24 മാസം വരെയാണു മംഗളത്തിലെ ശമ്പള കുടിശ്ശിക. മറ്റു പല സ്ഥാപനങ്ങളിലും തുച്ഛമായ വേതനം അടക്കം നിരവധിയായ പ്രശ്നങ്ങളും തൊഴിലാളി ചൂഷണവും തുടരുകയാണ്. ലേബർ കോഡുകൾ നിക്ഷിപ്ത താൽപര്യങ്ങൾക്ക് അനുസൃതമായി വ്യാഖ്യാനിച്ചും ജേർണലിസ്റ്റുകളെ അടക്കം പീഡിപ്പിക്കാൻ വിവിധ മാനേജ്മെന്റുകൾ ശ്രമിച്ചുവരികയാണ്.
മാധ്യമത്തിലും മംഗളത്തിലും അതതു സ്ഥാപനങ്ങളിലെ കേരള പത്രപ്രവർത്തക യൂണിയൻ ഘടകങ്ങളുടെ നേതൃത്വത്തിൽ മാസങ്ങളായി തുടരുന്ന വിവിധ പ്രതിഷേധ പരിപാടികളോട് മാനേജ്മെന്റുകൾ പുറം തിരിഞ്ഞു നിൽക്കുകയും നീതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് അടക്കം അധികാരികൾ ഇടപെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വർഗ-ബഹുജന സംഘടനകളുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് കേരള പ്രത്രപ്രവർത്തക യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം, സംസ്ഥാന പ്രസിഡന്‍റ് ടി.പി രാമകൃഷ്ണൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് അഡ്വ. റഹ്മത്തുള്ള, സേവ ജനറൽ സെക്രട്ടറി സോണിയ ജോർജ്, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കേരള ന്യൂസ്പേപ്പർ എംേപ്ലായീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.എസ് ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യൂ തുടങ്ങിയവർ ട്രേഡ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments