Breaking News

കേരള കോൺ​ഗ്രസ്(എം) യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിനും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എത്തിയില്ല. കഴിഞ്ഞ രണ്ട് എൽഡിഎഫ് യോ​ഗങ്ങളിലും ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിന് പിന്നാലെ ഇന്നത്തെ സമരത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തതോടെ കേരള കോൺ​ഗ്രസ്(എം) യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന അഭ്യൂഹം ശക്തമാകുകയാണ്. കേരള കോൺ​ഗ്രസ് (എം) തിരിച്ചെത്തണമെന്ന് കോൺ​ഗ്രസ് നേതാക്കൾ പരസ്യമായും രഹസ്യമായും ആവശ്യപ്പെടുന്നതിനിടെ ജോസ് കെ മാണിയുടെ ഇടതു മുന്നണിയിലെ നിസഹകരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. 


 അതേസമയം, ഇന്നു നടന്ന സത്യാ​ഗ്രഹത്തിൽ കേരള കോൺ​ഗ്രസ് എം നേതാക്കളായ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് എന്നിവർ പങ്കെടുത്തിരുന്നു. എന്നാൽ, ജോസ് കെ. മാണിയുടെ അസാന്നിധ്യം പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. തുടർച്ചയായി രണ്ട് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ജോസ് കെ. മാണി, ഇന്നത്തെ സത്യഗ്രഹത്തിലും വിട്ടുനിന്നതോടെ മുന്നണിയോടുള്ള പാർട്ടിയുടെ സമീപനം സംബന്ധിച്ച് സംശയങ്ങൾ ഉയർന്നു. ഫെബ്രുവരിയിൽ നടക്കുന്ന എൽഡിഎഫ് മേഖലാ ജാഥയിൽ മധ്യമേഖലയുടെ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിശ്ചയിച്ചിരുന്നെങ്കിലും, ആ ചുമതല എൻ. ജയരാജിന് നൽകണമെന്ന നിർദേശങ്ങളും ഇപ്പോൾ സജീവമാണ്. ഫെബ്രുവരി 6ന് അങ്കമാലിയിൽ ആരംഭിച്ച് 13ന് ആറന്മുളയിൽ സമാപിക്കുന്ന മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായാണ് ജോസ് കെ മാണിയെ തീരുമാനിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റ് മേഖലകളിലെ ജാഥകൾക്ക് നേതൃത്വം നൽകുന്നത്.


യുഡിഎഫിലേക്ക് തിരിച്ചുപോകുമോ?

നിയമസഭാ തിരഞ്ഞെടുപ്പ് വാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ, യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിനു മുന്നിലെ പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് ഉൾപ്പെടുന്ന ശക്തമായ വിഭാഗങ്ങൾ മുന്നണി മാറ്റം സജീവമായി പരിഗണിക്കണമെന്ന് ആവശ്യം ഉയർത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ഇടതുവിരുദ്ധ വികാരം പ്രകടമായതായും, അതിനെ രാഷ്ട്രീയമായി വായിക്കേണ്ട സമയമാണിതെന്നും ഇവർ വാദിക്കുന്നു.


2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല അന്തരീക്ഷം നിലനിന്നിരുന്നിട്ടും 12 സീറ്റിൽ മത്സരിച്ച കേരളാ കോൺഗ്രസ് (എം) അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയം നേടാനായത്. ഈ അനുഭവം കണക്കിലെടുത്താൽ അടുത്ത തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു.


അതേസമയം, പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്ന സിപിഎമ്മിനെയും എൽഡിഎഫിനെയും തെരഞ്ഞെടുപ്പ് തൊട്ടുമുൻപ് ഉപേക്ഷിക്കുന്നത് അധികാരലാഭത്തിനായുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന വാദവും ശക്തമാണ്. ചില എംഎൽഎമാർ എൽഡിഎഫിനൊപ്പം തന്നെ തുടരണം എന്ന നിലപാടിലാണ്. പാർട്ടി എടുക്കുന്ന തീരുമാനത്തോട് ചേർന്നുനിൽക്കുമെന്ന് മറ്റു എംഎൽഎമാരും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമതീരുമാനം എടുക്കുന്നതിനായി 16ന് ചേരുന്ന ഉന്നതാധികാര യോഗത്തിൽ വിശദമായ ചർച്ച നടക്കുമെന്നാണ് സൂചന.


യുഡിഎഫിനുള്ളിലും അനുകൂല സ്വരം

കേരളാ കോൺഗ്രസ് (എം)നെ തിരികെ കൊണ്ടുവരുന്നതിന് കോൺഗ്രസിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗും അനുകൂല നിലപാടിലാണ്. ഭരണപരിവർത്തനം ഉറപ്പാക്കാനുള്ള സാധ്യതകൾ ഒന്നും ഉപേക്ഷിക്കരുതെന്നതാണ് ഇവരുടെ നിലപാട്. എന്നാൽ ജോസഫ് വിഭാഗത്തിന്റെ എതിർപ്പും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആശങ്കകളും വലിയ വെല്ലുവിളിയായി തുടരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ജോസഫ് വിഭാഗത്തിന് 10 സീറ്റുകൾ നൽകിയിരുന്നുവെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയം ലഭിച്ചത്. കേരളാ കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കെത്തിയാൽ തങ്ങളുടെ സീറ്റുകൾ കുറയുമെന്ന ഭീതിയാണ് ജോസഫ് വിഭാഗം ഉയർത്തുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments