*അമേരിക്കയെ ഞെട്ടിച്ച് യൂ എന്നിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ*
ന്യൂഡല്‍ഹി : ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്നു എന്നാരോപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ (UNHRC) കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ഇന്ത്യ.*ജനുവരി 23 നടന്ന കൗണ്‍സിലിന്റെ 39-ാമത് പ്രത്യേക സമ്മേളനത്തിലാണ് പാശ്ചാത്യ പിന്തുണയുള്ള ഈ നീക്കത്തിനെതിരെ ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.
ചൈന, പാകിസ്ഥാൻ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആറ് രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ നിലകൊണ്ടത്. 47 അംഗ കൗണ്‍സിലില്‍ 25 വോട്ടുകള്‍ക്ക് പ്രമേയം പാസായപ്പോള്‍, ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിർത്തു. 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഡിസംബർ 28-ന് ആരംഭിച്ച പ്രതിഷേധങ്ങളില്‍ സമാധാനപരമായി പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായും, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായും പ്രമേയം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്ന വസ്തുതാന്വേഷണ ദൗത്യത്തിന്റെ കാലാവധി രണ്ട് വർഷത്തേക്കും, പ്രത്യേക റിപ്പോർട്ടറുടെ ചുമതല ഒരു വർഷത്തേക്കും നീട്ടാൻ കൗണ്‍സില്‍ തീരുമാനിച്ചു. നിയമവിരുദ്ധ കൊലപാതകങ്ങള്‍, നിർബന്ധിത തിരോധാനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ വൻതോതില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോള്‍ക്കർ ടർക്ക് കൗണ്‍സിലിനെ അറിയിച്ചു.
ഇതാദ്യമായാണ് ഇറാനുമായി ബന്ധപ്പെട്ട ഇത്തരമൊരു അന്വേഷണ പ്രമേയത്തെ ഇന്ത്യ നേരിട്ട് എതിർക്കുന്നത്. 2022-ലും 2024-ലും സമാനമായ സാഹചര്യങ്ങളില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു പ്രത്യേക രാജ്യത്തെ മാത്രം ലക്ഷ്യം വച്ചുള്ള പ്രമേയങ്ങളോടും അന്വേഷണങ്ങളോടുമുള്ള ഇന്ത്യയുടെ നയപരമായ വിയോജിപ്പാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കൂടാതെ, ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങളും ഇതില്‍ നിർണ്ണായക പങ്കുവഹിച്ചു. 2025 സെപ്റ്റംബറില്‍ അമേരിക്ക ചബഹാറിനുള്ള ഉപരോധ ഇളവുകള്‍ പിൻവലിച്ചിരുന്നുവെങ്കിലും, ഇന്ത്യയ്ക്ക് ഏപ്രില്‍ 26 വരെ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങള്‍ക്കിടയിലും ഇന്ത്യ സ്വീകരിച്ച ഈ നിലപാടിനെ ഇറാൻ സ്വാഗതം ചെയ്തു. ഇന്ത്യയുടെ നിലപാട് നീതിയുടെയും ദേശീയ പരമാധികാരത്തിന്റെയും വിജയമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പ്രതികരിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയ സാഹചര്യത്തില്‍, ഇന്ത്യയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. പരസ്പരം ശത്രുത പുലർത്തുന്ന ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ഒരു പോലെ ഒരേ വേദിയില്‍ ഇറാന് അനുകുലമായി നിലകൊണ്ടത് അപൂർവ്വ കാഴ്ചയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments