Breaking News

*ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; എട്ട് എംഎൽഎമാർ മൂന്നു ടേം ‘കുരുക്കിൽ’*

മലപ്പുറം : മുസ്‌ലിം ലീഗ് കഴിഞ്ഞതവണ തുടങ്ങിവെച്ച മൂന്നു ടേം നിബന്ധനകർശനമാക്കിയാൽ ഇക്കുറി എട്ട് എംഎൽഎമാർക്ക് ‘കുരുക്കാ’കും. പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര), കെ.പി.എ. മജീദ് (തിരൂരങ്ങാടി), ഡോ. എം.കെ. മുനീർ (കൊടുവള്ളി), മഞ്ഞളാംകുഴി അലി (മങ്കട), പി. ഉബൈദുള്ള (മലപ്പുറം), പി.കെ. ബഷീർ (ഏറനാട്), എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്), എൻ.എ. നെല്ലിക്കുന്ന് (കാസർകോട്) എന്നിവരാണ് 15 വർഷം പൂർത്തിയാക്കിയ എംഎൽഎമാർ. ഇതിൽ ആർക്കെല്ലാം ഇളവു കിട്ടുമെന്നതാണ് ലീഗ് പാളയത്തിലെ ആകാംക്ഷ.

കുഞ്ഞാലിക്കുട്ടിയ്ക്കും മജീദിനും മുനീറിനും കഴിഞ്ഞതവണ തന്നെ ഇളവുനൽകിയിരുന്നു. മലപ്പുറം, കുറ്റിപ്പുറം, വേങ്ങരമണ്ഡലങ്ങളിൽ നിന്നായി കുഞ്ഞാലിക്കുട്ടി ഇതിനകം എട്ടുതവണ നിയമസഭാംഗമായി. രണ്ടുവട്ടംലോക്‌സഭയിലുമെത്തി. എങ്കിലും കുഞ്ഞാലിക്കുട്ടിയില്ലാതെ തിരഞ്ഞെടുപ്പ്ഗോദയിലിറങ്ങുന്നത് ലീഗിന് ആലോചിക്കാൻപോലും കഴിയില്ല. ഇക്കുറിയും കുഞ്ഞാലിക്കുട്ടി പാർട്ടിയെ നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾവ്യക്തമാക്കിക്കഴിഞ്ഞു.

മലപ്പുറം, കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങളിൽനിന്നായി അഞ്ചുതവണ നിയമസഭയിലെത്തിയ എം.കെ. മുനീർ മത്സരിക്കാൻ സന്നദ്ധനാണെങ്കിൽ ഇക്കുറിയും ഇളവുനൽകിയേക്കാം. കൊടുവള്ളിയിൽനിന്ന് കോഴിക്കോട് സൗത്തിലേക്ക് തിരിച്ചെത്തുമെന്നും സൂചനയുണ്ട്. മുനീറിന്റെ താത്‌പര്യം ഉൾക്കൊണ്ടാകും തീരുമാനം.

സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങൾക്കും വനിതകൾക്കും ഇടംനൽകുമെങ്കിലും അനുഭവസമ്പന്നരെ പൂർണമായും മാറ്റില്ലെന്നാണ് സാദിഖലി തങ്ങൾ സൂചിപ്പിച്ചത്. മൂന്നു ടേം കഴിഞ്ഞ രണ്ടോ മൂന്നോ പേർക്കുകൂടി ഇക്കുറി ഇളവ് കിട്ടിയേക്കും.

1980 മുതൽ അഞ്ചു തവണ മങ്കട എംഎൽഎ ആയിരുന്ന കെ.പി.എ. മജീദും ഇളവോടെയാണ് കഴിഞ്ഞതവണ തിരൂരങ്ങാടിയിൽ മത്സരിച്ച് ജയിച്ചത്. പുതുതലമുറയ്ക്ക് വഴിയൊരുക്കാൻ മജീദ് മാറിനിൽക്കാനാണ് സാധ്യത. രണ്ടുതവണ ഇടതുസ്വതന്ത്രനായി നിയമസഭാംഗമായശേഷമാണ് മഞ്ഞളാംകുഴി അലി മുസ്‌ലിം ലീഗിൽച്ചേർന്നത്. അതിനുശേഷം പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ നിന്നായി മൂന്നു പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു.പി. ഉബൈദുള്ള, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, എൻ.എ. നെല്ലിക്കുന്ന് എന്നിവർ തുടർച്ചയായി ഒരേ മണ്ഡലങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments