*ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസർ സംഗമത്തിൽ ദുബായ് ഭരണാധികാരി: 'വൺ ബില്യൻ ഫോളോവേഴ്‌സി'ൽ മിസ്റ്റർ ബീസ്റ്റും ഗൂഗിൾ ജെമിനിയും*
ദുബായ് : ഉള്ളടക്ക നിർമാണം (കണ്ടന്റ് ക്രിയേഷൻ) കേവലം വിനോദമല്ലെന്നും മറിച്ച് അവബോധം വളർത്തുന്നതിനും വികസനത്തിനും ഭാവി സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കരുത്തുറ്റ മാധ്യമമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസർ സംഗമമായ 'വൺ ബില്യൻ ഫോളോവേഴ്‌സ് സമ്മിറ്റി'ന്റെ നാലാം പതിപ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിവുകളെ സ്വാധീനങ്ങളായും ആശയങ്ങളെ സുസ്ഥിരമായ പദ്ധതികളായും മാറ്റാൻ കഴിയുന്ന മനസ്സുകളിലാണ് യഥാർഥ നിക്ഷേപമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രാദേശിക-ആഗോള തലത്തിലുള്ള യുവാക്കളെ ഉത്തരവാദിത്തമുള്ള ഉള്ളടക്ക നിർമണത്തിന് പ്രാപ്തരാക്കുകയാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം. ദുബായ് വേൾഡ് ട്രേഡ് സെന്റർ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ എന്നിവിടങ്ങളിലായി നടക്കുന്ന മേളയിൽ 15,000-ത്തിലേറെ ക്രിയേറ്റർമാരും 500-ലധികം പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്. ഗൂഗിൾ ജെമിനി, സ്നാപ്ചാറ്റ്, ടിക് ടോക്, മെറ്റ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളുടെ പവലിയനുകളും അദ്ദേഹം സന്ദർശിച്ചു.
ഉച്ചകോടിയുടെ ഭാഗമായി 522 ഉള്ളടക്ക നിർമാതാക്കളുടെ ബിരുദദാന ചടങ്ങിലും ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു. ന്യൂ മീഡിയ അക്കാദമിയും യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസും സംയുക്തമായി സംഘടിപ്പിച്ച ഏഴ് സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയവരാണ് ഇവർ. ചരിത്രം, സമ്പദ്‌വ്യവസ്ഥ, മാനുഷിക സേവനം തുടങ്ങിയ മേഖലകളിൽ മികച്ച ഉള്ളടക്കങ്ങൾ നിർമിക്കാൻ ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. യുഎഇയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ സന്ദേശം ലോകത്തിന് മുന്നിൽ ഫലപ്രദമായി എത്തിക്കാനും ഈ പുതിയ പ്രതിഭകൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ 10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള 'എഐ ഫിലിം അവാർഡ്', മിസ്റ്റർ ബീസ്റ്റുമായി ചേർന്ന് നടത്തുന്ന 'വൺ ബില്യൻ ആക്ട്സ് ഓഫ് കൈൻഡ്‌നെസ്' ക്യാംപെയിൻ എന്നിവയും ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളാണ്. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് എങ്ങനെ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാം എന്നതിലാണ് ഇക്കുറി ഉച്ചകോടി ഊന്നൽ നൽകുന്നത്. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments