*കെപിസിസി പ്രസിഡന്റിന്റെ ചുമതല ഷാഫി പറമ്പിലിന് നല്‍കിയേക്കും, റിപ്പോർട്ട്*
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകര എംപി ഷാഫി പറമ്പിലിന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയേക്കും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പായി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഉണ്ടാകുക ലക്ഷ്യമിട്ടുള്ള തന്ത്രപരമായ തീരുമാനമായാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇതു ചൂണ്ടിക്കാട്ടുന്നതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഷാഫി പറമ്പിലിന്റെ സംഘടനാ വൈദഗ്ധ്യം, ബഹുജന ആകര്‍ഷണം, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവ കെപിസിസിയുടെ പ്രചാരണ തന്ത്രം നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്.' പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
'സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുക എന്നത് കോണ്‍ഗ്രസില്‍ തുടര്‍ന്നുവരുന്ന കീഴ് വഴക്കമാണ്. സണ്ണി ജോസഫ് (പേരാവൂര്‍), വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍ (വണ്ടൂര്‍), പി സി വിഷ്ണുനാഥ് (കുണ്ടറ) എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കും. അതുകൊണ്ടു തന്നെ പ്രചാരണ ഘട്ടത്തിലെ സംഘടനാ ഉത്തരവാദിത്തങ്ങള്‍ മത്സരരംഗത്തില്ലാത്തവര്‍ക്കാകും നല്‍കുക. ഇതോടെ ഷാഫി പറമ്പിലിന് കേന്ദ്ര-സംസ്ഥാന ഏകോപന ചുമതല ലഭിക്കാനുള്ള സാധ്യത തെളിയുന്നു.' കെപിസിസിയിലെ ഒരു മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.
അതേസമയം, ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഷാഫി പറമ്പിലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെപിസിസി ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവ് എംഎം ഹസ്സന്‍, മുന്‍ മന്ത്രി കെസി ജോസഫ് എന്നിവരെയും കെപിസിസി പ്രസിഡന്റിന്റെ ചുമതലയിലേക്ക് പരിഗണിച്ചേക്കാം. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങളും പ്രചാരണ ആവശ്യകതകളും കണക്കിലെടുത്ത് ഷാഫി പറമ്പില്‍ സ്വാഭാവിക ചോയ്‌സായി മാറിയേക്കാം.' ഷാഫിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ നവംബറില്‍ എഐസിസി 17 അംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി (കണ്‍വീനര്‍), എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍, വി ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ മുരളീധരന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അടൂര്‍ പ്രകാശ്, എം എം ഹസ്സന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് സമിതിയിലുള്ളത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments