Breaking News

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ' കാന്തപുരം സുന്നി നേതാവ് മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുന്ന ചടങ്ങിൽ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ കൈ ഉയർത്തി പ്രാർത്ഥനയിൽ പങ്കുചേരുന്ന ഫോട്ടോയും. ഇടതു സ്ഥാനാർത്ഥിയും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്  പ്രാർത്ഥനയ്ക്ക് കൈ ഉയർത്താതെ ഇരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മുഹമ്മദ് റിയാസിനെതിരെ ശക്തമായ വിമർശനമുന്നയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇന്നലെ വൈകുന്നേരം മുതൽ വൈറലായി കൊണ്ടിരിക്കുകയാണ് പോസ്റ്റിനെ അനുകൂലിച്ചു എതിർത്തും നിരവധി ആളുകൾ രംഗത്തെത്തി.

 കാന്തപുരം വിഭാഗം സുന്നി യുവജന സംഘത്തിന്റെ നേതാവും എഴുത്തുകാരനുമായ മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ..

'പി വി അൻവറിന്റെ വാളിൽ ഇന്നത്തെ പെരുന്നാൾ വീഡിയോ കാണുകയായിരുന്നു. ശൈഖുനാ കാന്തപുരം ഉസ്താദ് ദുആ ചെയ്യുന്നു. പി വി അൻവറും ആപ്‌കൊ കരീം ഹാജിയും ആ പ്രാർത്ഥനയിൽ കയ്യുയർത്തി പങ്കാളികളാകുന്നു. അവർക്കിടയിൽ പി എ മുഹമ്മദ്‌ റിയാസ് ഉണ്ട്. ആ ഇരിപ്പ് നോക്കൂ.

വിശ്വാസം വ്യക്തിപരമായ കാര്യമാണ്. അത് അടിച്ചേൽപ്പിക്കേണ്ടതല്ല. പക്ഷേ പല പൊതു ചടങ്ങുകളിലും 'ഈശ്വര പ്രാർത്ഥന' നടക്കാറുണ്ട്. അപ്പോൾ കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാർ പോലും എഴുന്നേറ്റു നിൽക്കും. അവർക്ക് ഈശ്വര വിശ്വാസം ഉണ്ടായതിനാൽ അല്ല. ആ സദസ്സിനെ മാനിച്ചു ചെയ്യുന്നതാണ്. 

സ്‌കൂളുകളിൽ പ്രാർത്ഥന നടക്കുമ്പോൾ കുട്ടികൾ എഴുന്നേറ്റു നിൽക്കുന്നത് വിശ്വാസത്തിന്റെ ബോധ്യത്തിൽ അല്ല. അവിടെ കമ്മ്യൂണിസ്റ്റുകളായ അധ്യാപകർ ഉണ്ടെങ്കിൽ അവരും ആ സമയത്ത് എഴുന്നേറ്റു നിൽക്കും. അത് ആ സന്ദർഭത്തോട് കാണിക്കുന്ന നീതി ആണ്. അങ്ങനെ എഴുന്നേറ്റു നിന്നതുകൊണ്ട് അവരുടെ കമ്മ്യൂണിസത്തിന് ഒരു പോറലുമേൽക്കില്ല. ഇതൊക്കെ സാമൂഹിക മര്യാദയുടെ കൂടി ഭാഗമാണ്. 

പി എ മുഹമ്മദ്‌ റിയാസ് മുസ്‌ലിം കുടുംബത്തിൽ ജനിച്ച ആളാണ്. അദ്ദേഹം നിരീശ്വരവാദിയാണോ എന്നെനിക്കറിയില്ല. അത്തരം പ്രാർത്ഥനകളിൽ പങ്കാളിയാകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആ സന്ദർഭത്തെ മാനിച്ചുകൊണ്ടുള്ള ഒരു തീരുമാനം അദ്ദേഹത്തിനു കൈക്കൊള്ളാമായിരുന്നു. 

അവിടെ പ്രാർത്ഥനയിൽ പങ്കാളിയായിരുന്നെങ്കിൽ ആരും റിയാസിനെ മതവാദി എന്ന് വിളിക്കില്ലായിരുന്നു. നമ്മുടെ മതേതരത്വം അങ്ങനെ ഒന്നല്ല. അത് ഒരു പ്രാർത്ഥനയിൽ കയ്യുയർത്തിയാൽ ഊരിവീണു പോകുന്ന കുപ്പായമല്ല. അങ്ങനെ ഭയം റിയാസിന് ഉണ്ടെങ്കിൽ ആദ്യം മാറ്റേണ്ടത് അതാണ്. അങ്ങനെ ചെയ്തതിന്റെ പേരിൽ റിയാസിന് കിട്ടേണ്ട ഒരു വോട്ടും നഷ്ടപ്പെടില്ല. നമ്മുടെ സമൂഹം അമ്മട്ടിൽ വർഗീയവത്കരിക്കപ്പെട്ടിട്ടില്ല. 

എനിക്ക് ആ ദൃശ്യം കണ്ടപ്പോൾ അരോചകമായി തോന്നി. മുഹമ്മദ്‌ റിയാസ് എന്നൊരു വ്യക്തി കാന്തപുരം ഉസ്താദിന്റെ ദുആയിൽ കയ്യുയർത്തിയില്ല എന്നതല്ല ഞാൻ ഉന്നയിക്കുന്ന പ്രശ്നം. മുഹമ്മദ്‌ റിയാസ് എന്ന പൊതുപ്രവർത്തകൻ ആ സദസ്സിനോട് നീതി പുലർത്തിയില്ല എന്നതാണ്. ഈ വിമർശം 'പൊളിറ്റിക്കൽ' അല്ല, 'സോഷ്യൽ' ആണ്.ചെലോൽക്ക് തിരിയും. ചെലോൽക്ക് തിരിയില്ല.

തിരിഞ്ഞോൽക്കും തിരിയാത്തോൽക്കും ചെറിയ പെരുന്നാളിന്റെ വലിയ സന്തോഷങ്ങൾ.' 

  എന്ന് പറഞ്ഞു കൊണ്ടാണ് മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments