*ബി. അശോകും പ്രശാന്തും സർവീസിൽ തിരിച്ചെത്തും; നടപടി അനാവശ്യമെന്ന് സർക്കാർ*
തിരുവനന്തപുരം : സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകും എൻ.പ്രശാന്തും വൈകാതെ സർവീസിൽ തിരിച്ചെത്തിയേക്കും. മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ ഇവർക്കെതിരെ എടുത്ത അച്ചടക്കനടപടി പുനഃപരിശോധിക്കാനുള്ള നടപടികളിലേക്ക് പുതിയ സർക്കാർ കടന്നു. വിവിധ വകുപ്പുകളിലേക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ നിയമിക്കുന്നതിനൊപ്പം ഇവരുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
നിയമനം സംബന്ധിച്ച് മന്ത്രിമാരുമായി മുഖ്യമന്ത്രി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. വിമർശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്നാണു സർക്കാർ നിലപാട്. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ 2 പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നും വിലയിരുത്തുന്നു. ഇവരുടെ സസ്പെൻഷൻ ഉറപ്പായും പരിശോധിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രതികരിച്ചത്.
ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി സസ്പെൻഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസമാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.
പഴ്സനൽ സ്റ്റാഫിനെ നിയമിക്കുന്ന നടപടികൾ പൂർത്തിയാകാത്തതിനാൽ പല വകുപ്പുകളിലും മുൻ സർക്കാരിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന പരിഭവം സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സർവീസ് സംഘടനകൾക്കുണ്ട്. സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാന തസ്തികകളിലെല്ലാം ‘മറുപക്ഷ’ത്തുള്ളവരാണ് ഇരിക്കുന്നതെന്നാണു പരാതി. ചീഫ് സെക്രട്ടറിയെയും ഇക്കൂട്ടത്തിലാണ് ഇവർ കാണുന്നത്. ഉദ്യോഗസ്ഥതലത്തിൽ വ്യാപകമായ അഴിച്ചുപണി നടത്തിയാൽ മാത്രമേ യുഡിഎഫ് നയങ്ങൾക്കനുസരിച്ച് സർക്കാരിനു മുന്നോട്ടുപോകാൻ സാധിക്കൂവെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments