Breaking News

*ഹാസനിൽ കന്നുകാലികളെ വാങ്ങില്ലെന്ന തീരുമാനവുമായി മുസ്‌ലിംകൾ,മൃഗങ്ങളുമായി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് വ്യാപാരികൾ,പ്രതിസന്ധിയിലായി ക്ഷീര കർഷകർ*

ബലിപെരുന്നാളിന് അറുക്കാൻ കന്നുകാലികളെ വാങ്ങുന്നത് ബഹിഷ്കരിക്കാൻ പ്രാദേശിക മുസ്ലിം സംഘടനകൾ തീരുമാനിച്ചതോടെ കർണാടകയിലെ ഹാസൻ ജില്ലയിലെ പ്രതിവാര കന്നുകാലി ചന്തയിൽ സംഘർഷാവസ്ഥ. സുരക്ഷാ ആശങ്കകളും ഭീഷണികളും കാരണമാണ് മുസ്ലിംകൾ ഈ തീരുമാനമെടുത്തത്. ഇതോടെ, പാൽ ഉൽപാദനം നിലച്ച കന്നുകാലികളെ വിറ്റ് വരുമാനം കണ്ടെത്തുന്ന ഹിന്ദുമതസ്ഥർ അടക്കമുള്ള ക്ഷീരകർഷകർ പ്രതിസന്ധധിയിലായി. കാലികളുമായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി.

പെരുന്നാളിന് കന്നുകാലികളെ വാങ്ങിയാൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ സമീപ ദിവസങ്ങളിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചന്തയിലേക്ക് കാലികളെ കൊണ്ടുവന്ന വാഹനങ്ങൾ തടയുകയും വ്യാപാരികളെ മർദിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായതോടെയാണ് ഇത്തവണ കാലി വ്യാപാരത്തിൽ ഏർപ്പെടേണ്ടതില്ലെന്ന് മുസ്ലിം സംഘടനകൾ തീരുമാനിച്ചത്. തങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങളെ ചെറുക്കാനുള്ള സുരക്ഷാ മുൻകരുതലാണിതെന്ന് ഹാസൻ ജില്ലയിലെ ഫെഡറേഷൻ ഓഫ് മുസ്ലിം ഓർഗനൈസേഷൻസിനെ പ്രതിനിധീകരിച്ച് അഡ്വ. അൻഷാദ് പല്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, പോസ്റ്ററുകൾ പതിച്ചത് സർക്കാർ ഏജൻസികളല്ലെന്നും അവയെപ്പറ്റി അന്വേഷണം നടത്തി വരികയാണെന്നും പോലീസ് സൂപ്രണ്ട് ശുഭന്വിത പറഞ്ഞു. സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന പോസ്റ്ററുകളിലെ അവകാശവാദങ്ങൾ വ്യാജമാണെന്നും നിലവിലെ നിയമപ്രകാരം അതിന് അധികാരമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 2020-ൽ ബിജെപി കൊണ്ടുവന്ന ‘കന്നുകാലി കശാപ്പ് നിരോധന സംരക്ഷണ നിയമം’ പ്രകാരം പശുക്കൾ, കാളകൾ, ഇവയുടെ കുട്ടികൾ എന്നിവയെ അറുക്കാൻ പാടില്ല. 13 വയസ്സിനു മുകളിലുള്ളതും മറ്റ് ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്തതുമായ പോത്തുകളെയും എരുമകളെയും മാത്രമേ കശാപ്പ് ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ.

ബലിപെരുന്നാൾ പോലുള്ള സീസണുകൾ ഹാസനിലെ ഹിന്ദുക്കളടക്കമുള്ള കർഷകരുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്. ചൊവ്വാഴ്ച തോറും നടക്കുന്ന ചന്തയിൽ നൂറു കണക്കിന് കാലികളാണ് സാധാരണയായി വിറ്റുപോവാറുള്ളത്. എന്നാൽ, ഇന്നലെ അതിരാവിലെ കർഷകർ കന്നുകാലികളുമായി എത്തിയെങ്കിലും ചന്തയിൽ ആളില്ലാത്ത അവസ്ഥയായിരുന്നു. അടുത്ത കൃഷി സീസണിലേക്കുള്ള വിത്തുകളും വളവും വാങ്ങാൻ വേണ്ടിയാണ് കാലികളെ വിൽക്കുന്നതെന്നും കച്ചവടം നടന്നില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്നും വൊക്കലിഗ ഗൗഡ വിഭാഗത്തിൽപ്പെട്ട ഒരു കർഷകൻ പ്രതികരിച്ചു. കാലികളെ വാങ്ങി പണം തരുന്നത് മുസ്ലിംകളോ സർക്കാറോ മറ്റേതെങ്കിലും സംഘടനകളോ എന്നത് തങ്ങളുടെ വിഷയമല്ലെന്നും, കച്ചവടം നടക്കുക എന്നതാണ് പ്രധാനമെന്നും ഇയാൾ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments