യു.ഡി.എഫ് സർക്കാരിന്മേൽ സംഘ്പരിവാർ സ്വാധീനം ഞെട്ടിക്കുന്നത് - ഐ.എൻ.എൻ
കോഴിക്കോട് : യു.ഡി.എഫ് സർക്കാരിന്മേൽ ആർ.എസ്.എസും ബി.ജെ.പിയും ചെലുത്തുന്ന നിയന്ത്രണാതീതമായ സ്വാധീനവും സമ്മർദ്ദവും കേരളത്തിൻ്റെ ഭാവി അവതാളത്തിലാക്കുമെന്ന് ഐ.എൻ.എൽ 33 -ാം വാർഷിക സമ്മേളനം മുന്നറിയിപ്പ് നൽകി. 2026 മേയ് 18ലെ സത്യപ്രതിജ്ഞ ചടങ്ങ് മുതൽ സർക്കാർ സ്വീകരിക്കുന്ന നയനിലപാടുകൾ സംഘ്പരിവാർ അനുകൂലവും കേരളം ഇതുവരെ പിന്തുടർന്ന് പോന്ന മതനിരപേക്ഷ സംസ്കാരത്തിന് വിരുദ്ധവുമാണ്. ഇതുവരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം കേട്ട വന്ദേമാതരം പൂർണ്ണമായും ചൊല്ലിയതും, മുസ്‌ലിം ലീഗ് നേതാക്കളടക്കം അല്ലാഹുവിനെ കൈവിട്ട് ദൈവത്തിൽ അഭയം തേടിയതുമൊക്കെ ഏറെ വിവാദമാവാൻ കാരണം ആർ.എസ്.എസ് ആഗ്രഹിക്കുന്ന പാതയിലൂടെ മുഖ്യമന്ത്രി സതീശൻ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതുകൊണ്ടാണ്. സംഘ് പക്ഷപാതികളായ ഓഫീസർമാരെ ഭരണത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ ആവേശം കാണിക്കുന്നതും വിദ്യാഭ്യാസ മേഖലയിൽ കാവിവത്ക്കരണം ത്വരിതപ്പെടുത്താനുള്ള നടപടികൾ നടപ്പാക്കുന്നതും നിഷ്പക്ഷമതികളെ അമ്പരപ്പിക്കുന്നുണ്ട്. പി.എം ശ്രീ പദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നത് കേന്ദ്രസർക്കാരിനെയും ഹിന്ദുത്വ രാഷ്ട്രീയ നിലപാടുകാരെയും തൃപ്തിപ്പെടുത്താനുള്ള അഭ്യാസത്തിൻ്റെ ഭാഗമായേ കാണാനാവു. തെരഞ്ഞെടുപ്പിനു മുമ്പ് അതീവ രഹസ്യമായി പൂർത്തിയാക്കിയ ഡീലാണ് അധികാരം കൈ വന്നതോടെ യു.ഡി.എഫും ബി.ജെ.പിയും ഒത്തൊരുമയോടെ പ്രയോഗവൽക്കരിക്കുന്നത് എന്ന കൗതുകകരമായ കാഴ്ചയാണ്. കഴിഞ്ഞ 10 വർഷം തങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ വേണ്ടിയാണ് യു.ഡി.എഫിനേ അധികാരത്തിലേറ്റിയതെന്നും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുകയാണെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവന തള്ളിപ്പറയാൻ ഇതുവരെ ഒരു യു.ഡി.എഫ് നേതാവും മുന്നോട്ട് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇടതു സർക്കാരിൻ്റെ ഭരണത്തുടർച്ച ബി.ജെ.പിയെ സംസ്ഥാനത്ത് ശക്തമാക്കും എന്ന് പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ട ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള ബാഹ്യ ശക്തികൾ തീവ്ര വലതുപക്ഷത്തൂടെയുള്ള സതീശൻ്റെ പോക്ക് കണ്ട് നെഞ്ച് പൊട്ടുമ്പോൾ ഒരു ഭാഗത്തുനിന്നും ആശ്വാസ വചനം പോലും കേൾക്കുന്നില്ല എന്നത് യു.ഡി.എഫ് തെരഞ്ഞെടുത്തത് അപകടകരമായ രാഷ്ട്രീയ ലൈനാണെന്ന് എല്ലാവർക്കും ബോധ്യമായത് കൊണ്ടാണ്. കേരളത്തെ മറ്റൊരു കാവി കൂടാരമായി മാറ്റുന്ന നയനിലപാടുകൾ മുഖ്യമന്ത്രി സതീശൻ തിരുത്തുന്നില്ലെങ്കിൽ ശക്തമായ പോരാട്ടത്തിലൂടെ കേരളത്തിലെ മതേതര സമൂഹം ഈ സർക്കാരിനെ തിരുത്തിക്കുമെന്ന് ഐ.എൻ.എൽ മുന്നറിയിപ്പ് നൽകുന്നു. ഭരണഘടനയുടെ അന്തഃസത്ത പിച്ചിചീന്തി ഏകാധിപത്യത്തിൻ്റെയും ഫാഷിസത്തിൻ്റെയും വഴിയേ അതിശീഘ്രം കുതിക്കുന്ന തീവ്ര ഹിന്ദുത്വ ശക്തികൾക്കെരെ ശക്തമായ മതേതര പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് മറ്റൊരു പ്രമേയത്തിലൂടെ ഐ.എൻ.എൻ പ്രസ്താവിച്ചു.
സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പ്രമേയം അവതരിപ്പിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments