*ടൂറിസ്റ്റ് ബസ്സുകൾ ഡാന്‍സ് ഫ്ലോറാക്കേണ്ട ; ഹൈക്കോടതി*
വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി എല്‍ഇഡി ലൈറ്റുകളും പതാകകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡാന്‍സ് ഫ്ലോറുകളാകുന്ന ടൂറിസ്റ്റ് ബസ്സുകള്‍ക്ക് തടയിടുമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ടൂറിസ്റ്റ് ബസ്സുകളിലും മറ്റ് സ്റ്റേജ് കാര്യേജുകളിലും ഉള്‍വശം ഡാന്‍സ് ഫ്ലോറാക്കി മാറ്റുന്ന രീതിയിലുള്ള മള്‍ട്ടി കളര്‍ എല്‍ഇഡി ലൈറ്റുകള്‍, നിയോണ്‍ ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ എന്നിവ ഘടിപ്പിക്കാന്‍ പാടില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിര്‍മാതാക്കള്‍ നല്‍കുന്ന നിശ്ചിത സുരക്ഷാ ലൈറ്റുകള്‍ മാത്രമേ വാഹനങ്ങളില്‍ പാടുള്ളൂ എന്ന് കോടതി വ്യക്തമാക്കി. വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കാന്‍ പാടില്ലെന്നും റൂട്ട് നാവിഗേഷനല്ലാതെ ഡ്രൈവര്‍മാര്‍ യാത്രക്കിടയില്‍ ഡിജിറ്റല്‍ വീഡിയോകള്‍ കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും കണ്ണ് മടുപ്പിക്കുന്ന തരത്തിലുള്ള തീവ്രതയേറിയ വെളുത്ത എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുള്ളതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഹൈ ഇന്റന്‍സിറ്റി ലൈറ്റുകള്‍ കാല്‍നട യാത്രക്കാരുടെ കാഴ്ചയെ താത്കാലികമായി ബാധിക്കുകയും അവര്‍ റോഡരികിലെ ഓടകളിലോ കുഴികളിലോ വീഴാന്‍ കാരണമാവുകയും ചെയ്യുന്നു. പോലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് വാഹനങ്ങളിലേത് പോലുള്ള അനധികൃത റെഡ് ബ്ലൂ സ്ട്രോബ് ഫ്ലാഷിംഗ് ലൈറ്റുകള്‍, എമര്‍ജന്‍സി സൈറണുകളെ അനുകരിക്കുന്ന ഹോണുകള്‍ എന്നിവ പൂര്‍ണമായി നിരോധിക്കാനും പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു. ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ക്കും നിയമപരമായി പ്രത്യേക അനുമതിയുള്ള വിവിഐ പികള്‍ക്കും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും മാത്രമേ വാഹനങ്ങളില്‍ പതാകകള്‍, ദേശീയ സംസ്ഥാന ചിഹ്നങ്ങള്‍, സ്റ്റാര്‍ പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments