Breaking News

* ബസ്സ് യാത്രക്കിടെ വയോധികയ്ക്ക് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍: ജീവന് തുണയായി അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ മാലാഖ *

അരീക്കോട് : ഓടുന്ന ബസ്സില്‍ വച്ച് മസ്തിഷ്‌കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്‌സ്. പെരുമ്പാവൂരില്‍ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ 60കാരിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയാണ് അരീക്കോട് സ്വദേശിയായ ആതിര മണിക്കുട്ടന്‍ വയോധികയുടെ ജീവന്‍ രക്ഷിച്ചത്. ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ എം.ഐ.സി.യു വിഭാഗത്തില്‍ വര്‍ഷങ്ങളായി അടിയന്തര കേസുകള്‍ കൈകാര്യം ചെയ്യുന്ന ആതിരയുടെ അനുഭവസമ്പത്തും ദീര്‍ഘവീക്ഷണവുമാണ് വയോധികയ്ക്ക് രക്ഷയായത്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ വച്ചാണ് സഹയാത്രികയുടെ മുഖത്തുണ്ടായ നേരിയ കോട്ടം, സംസാരത്തിലെ തടസ്സം, കൈകാലുകളുടെ തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ആതിരയുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ സാധാരണ പ്രഷര്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത മാത്രമാണിത്, കുറച്ചുകഴിയുമ്പോള്‍ ശരിയാകും എന്ന് പറഞ്ഞ് വയോധികയും കൂടെയുള്ളവരും സംഭവം നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ഓടുന്ന ബസ്സിന്റെ പരിമിതികളും ചുറ്റുമുള്ളവരുടെ സംശയങ്ങളും നിലനില്‍ക്കെ, ലക്ഷണങ്ങള്‍ സ്‌ട്രോക്കിന്റേതാണെന്ന് ഉറപ്പിച്ച ആതിര ഉറച്ച നിലപാടെടുത്തു. ബസ് ഉടന്‍ തന്നെ തൊട്ടടുത്തുള്ള അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് വയോധികയെ എത്തിക്കുകയും അടിയന്തര പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തതോടെയാണ് ജീവന്‍ രക്ഷിക്കാനായത്. പരിശോധനയില്‍ സ്‌ട്രോക്കിന്റെ പ്രാരംഭഘട്ടമാണെന്ന് സ്ഥിരീകരിക്കുകയും തക്കസമയത്ത് ശാസ്ത്രീയ ചികിത്സ നല്‍കി അപകടനില തരണം ചെയ്യുകയും ചെയ്തു. സമയോചിത ഇടപെടലിനെ അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റല്‍ സി.ഒ.ഒ റോബിന്‍ സി.വിയും, സി.എം.എസ് ഡോ. നിഹ്മത്തുള്ള എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ഇത്തരം മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സമര്‍പ്പണ ബോധത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഡി.എം. ക്വാളിറ്റികെയര്‍ ആവിഷ്‌കരിച്ച ഗോ ഗ്രേറ്റര്‍ ഫേസ്2 മൂവ്‌മെന്റ് എന്ന സവിശേഷ പദ്ധതിയുടെ ഭാഗമായാണ് ഈ ആദരം നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ കൃത്യമായ തീരുമാനമെടുക്കാനുള്ള നഴ്‌സിങ് ജീവനക്കാരുടെ തൊഴില്‍പരമായ മികവിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. എം.ഐ.സി.യുവില്‍ നിരന്തരം അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അത് സ്‌ട്രോക്കാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് നഴ്‌സ് ആതിര പറഞ്ഞു. പ്രഷറിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് അവര്‍ അത് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ആരോഗ്യപ്രവര്‍ത്തക എന്ന നിലയില്‍ മടിച്ചുനില്‍ക്കാന്‍ കഴിയില്ലായിരുന്നുവെന്നും, ഓടുന്ന ബസ്സില്‍ വച്ച് ആ നിമിഷത്തില്‍ എടുത്ത ഉറച്ച തീരുമാനം അവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ : ആതിര മണിക്കുട്ടനെ ആസ്റ്റര്‍മിംസ് മദര്‍ ഹോസ്പിറ്റലിലെ സി.ഒ.ഒ. സി.വി. റോബിന്‍ ആദരിക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments