Breaking News

അപകടം മറച്ചുവെച്ചു; ശ്വാസംമുട്ടിച്ചും കഴുത്തറത്തും ഉദ്യോഗസ്ഥയെ കൊന്നു, പിടിച്ചത് 200 കി. അകലെനിന്ന്


ബെംഗളൂരു: കര്‍ണാടക ഖനിവകുപ്പിലെ വനിതാ ഡെപ്യൂട്ടി ഡയറക്ടറെ കൊലപ്പെടുത്തിയ കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി പോലീസ്. കൊലപാതകത്തിന് ശേഷം ബെംഗളൂരുവില്‍നിന്ന് കടന്നുകളഞ്ഞ പ്രതി കിരണി(32)നെ 200 കിലോമീറ്ററോളം അകലെ ചാമരാജനഗറില്‍നിന്നാണ് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

പ്രതിമയുടെ ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവറായിരുന്ന കിരണിനെ ജോലിയില്‍നിന്ന് പുറത്താക്കിയതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നാലുവര്‍ഷമായി പ്രതിമയുടെ കാര്‍ ഡ്രൈവറായിരുന്നു കിരണ്‍. കരാര്‍ അടിസ്ഥാനത്തിലാണ് ഇയാള്‍ ഖനിവകുപ്പില്‍ ജോലിചെയ്തിരുന്നത്. അടുത്തിടെ വകുപ്പില്‍നിന്ന് പ്രതിമയ്ക്ക് പുതുതായി അനുവദിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവറായ കിരണ്‍ വാഹനം അപകടത്തില്‍പ്പെട്ട വിവരം ഉദ്യോഗസ്ഥയെ അറിയിച്ചില്ല. പിന്നാലെ അനുമതിയില്ലാതെ അവധിയില്‍ പോവുകയുംചെയ്തു. ഇത്തേതുടര്‍ന്നാണ് ഒരാഴ്ച മുന്‍പ് പ്രതിമ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. പകരം മറ്റൊരു ഡ്രൈവറെയും നിയമിച്ചു. കഴിഞ്ഞദിവസം കിരണ്‍ ഉദ്യോഗസ്ഥയെ കാണാനെത്തി. ജോലിയില്‍ തിരികെയെടുക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍, പ്രതിമ ഇതിന് സമ്മതിച്ചില്ല. ഇതോടെ പ്രതിക്ക് വൈരാഗ്യമായെന്നും ഈ പകയിലാണ് ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കൃത്യം നടത്തിയതിന് ശേഷം പ്രതി ബെംഗളൂരുവില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ചാമരാജനഗറിലെ മാലെ മഹാദേശ്വര ഹില്‍സില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്ക് രണ്ടുപേര്‍ സഹായംനല്‍കിയതായി സൂചനയുണ്ട്. ഇവര്‍ക്കായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.

കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ കെ.എസ്.പ്രതിമ(45)യെ ഞായറാഴ്ച രാവിലെയാണ് ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തറയില്‍ കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചും പിന്നാലെ കഴുത്തറുത്തുമാണ് പ്രതി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്.

No comments