കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച മറ്റന്നാള്‍ ഡല്‍ഹിയില്‍
കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച മറ്റന്നാള്‍ വൈകിട്ട് നാലു മണിക്ക് ഡല്‍ഹിയില്‍ .ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ നാലംഗ സംഘത്തെ ചര്‍ച്ചക്കായി നിയോഗിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേരളവുമായി കേന്ദ്രം ചര്‍ച്ചക്ക് സന്നദ്ധയറിയിച്ചത്.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് കേരളത്തിന്‍റെ ഹര്‍ജിയാണ് സമവായ ചര്‍ച്ചക്കുള്ള വാതില്‍ തുറന്നത്. മറ്റന്നാള്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പ്, ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചര്‍ച്ചയുടെ സാധ്യത ആരാഞ്ഞത്.
ചര്‍ച്ചക്ക് കേരളം സന്നദ്ധയറിയിക്കുകയും ചര്‍ച്ചയാകാമെന്ന് കേന്ദ്രവും സൂചന നല്‍കി. തുടര്‍ന്ന് രണ്ടു മണിക്ക് കേസ് പരിഗണിച്ചപ്പോള്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. പിഎഫ് അടക്കാന്‍ പോലും നിവൃത്തിയില്ലാത്ത തരത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി നീങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അടിയന്തിരമായി പ്രശ്നപരിഹാരമുണ്ടാകണമെന്നും കേരളത്തിന് വേണ്ടി കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യം ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു.
ചര്‍ച്ചകളില്‍ കേരളത്തിന് കാര്യമായ പ്രതീക്ഷയില്ലെങ്കിലും പരസ്പരം പഴിചാരുന്നതിനിടെ ചര്‍ച്ചക്ക് കേന്ദ്രം തയാറായത് കേരളത്തിന് വിജയമാണ്.

No comments