രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പിൽ സ്വര്‍ണ തിളക്കവുമായി മലയാളി ബാലന്‍
യുഎഇയില്‍ നടന്ന ആദ്യ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി പത്തനംതിട്ട സ്വദേശിയായ പത്തുവയസുകാരൻ. മസ്കത്തിലെ ബൗഷര്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ യോഹാൻ ചാക്കോ പീറ്ററാണ് സുവർണനേട്ടം കൈവരിച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കുമിതേ വിഭാഗത്തില്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ള മൽസരാര്‍ഥികളെ പരാജയപ്പെടുത്തിയാണ് യോഹാൻ സ്വര്‍ണമെഡൽ സ്വന്തമാക്കിയത്. ഫെബ്രുവരി 16 മുതല്‍ 18 വരെ ഫുജൈറ സായിദ് സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിലായിരുന്നു മൽസരം.
മസ്‌കത്തിലെ അലി അല്‍റൈസി ക്ലബില്‍ കരാട്ടേ പരിശീലനം നടത്തുന്ന യോഹാന്‍ ഒമാനെ പ്രതിനിധീകരിച്ചാണ് ഇത്തവണ പങ്കെടുത്തത്. 2022ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജോര്‍ജിയയിലെ തിബ്ലിസിയില്‍ നടന്ന മത്സരങ്ങളിലും 2023ല്‍ ഒമാനില്‍ നടന്ന ചാംപ്യൻഷിപ്പിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇനിയും രാജ്യാന്തര മൽസരങ്ങളില്‍ പങ്കെടുത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് യോഹാന്‍. എല്ലാം പിന്തുണയുമായി മാതാപിതാക്കളും പരിശീലകരും ഒപ്പമുണ്ട്. പത്തനംതിട്ട കുമ്പനാട് സ്വദേശി പീറ്റര്‍ ചാക്കോയുടെയും ആനി പീറ്ററിന്റെയും മകനാണ് യോഹാൻ ചാക്കോ പീറ്റർ.

No comments