കോഴിക്കോട് റെയിൽവേസ്റ്റേഷൻ നവീകരണം ' സൂപ്പർഫാസ്റ്റ് '.
കോഴിക്കോട് : അന്താരാഷ്ട്ര നിലവാരത്തിലേക്കു പുതുക്കി നിർമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നത് 'എയർ കോൺകോഴ്‌സ്' ഇടനാഴി അടക്കമുള്ള വിപുലമായ സൗകര്യങ്ങൾ. പൈലിംഗ് ഉൾപ്പെടെ ഭൂമിക്കടിയിലെ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2027 ജൂൺ ഒന്നിനകം നവീകരണം പൂർത്തിയാക്കുമെന്ന് സ്റ്റേഷനിലെ നിർമാണ പ്രവൃത്തികൾ സന്ദർശിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഐ.ടി. ഹബ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും പുരോഗതി ഉണ്ടെന്നും റെയിൽവേ സ്റ്റേഷൻ വികസിക്കുന്നതിന് അനുസരിച്ച് ട്രെയിൻ ഉൾപ്പെടെ ഉള്ളവ വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരേ സമയം പഴയ കെട്ടിടങ്ങൾ പൊളിക്കലും പൊളിച്ച സ്ഥലത്ത് പുതിയ ടെർമിനലിനായി പൈലിംഗ് ജോലികളുമാണ് പുരോഗമിച്ചുകെണ്ടിരിക്കുന്നത്. പഴയ കെട്ടിടം മുക്കാൽ ഭാഗവും പൊളിച്ചുകഴിഞ്ഞു .ടിക്കറ്റ് കൗണ്ടർ നിലവിൽ ഒന്ന്, നാല് പ്ലാറ്റ്‌ഫോമുകളിലാണുള്ളത്. ഈസ്റ്റ് ടെർമിനൽ കെട്ടിടത്തിന്റെ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു. വെസ്റ്റ് ടെർമിനൽ കെട്ടിടം പൈൽ ലോഡ് ടെസ്റ്റ് പൂർത്തിയായി. ക്രോസ് ട്രെഞ്ച് വർക്കും ബാരിക്കേഡിംഗ് നിർമ്മാണവും പുരോഗമിക്കുകയാണ്. കിഴക്ക് വശത്തുള്ള മൾട്ടി വെഹിക്കിൾ പാർക്കിംഗിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായി. പൈൽ ക്യാപ്പ് ജോലികൾ പുരോഗമിക്കുന്നു. പടിഞ്ഞാറ് വശത്തുള്ള മൾട്ടി വെഹിക്കിൾ പാർക്കിംഗിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായി. റെയിൽവേ ഹെൽത്ത് യൂണിറ്റിന്റെ സൂപ്പർ സ്ട്രക്ചർ പൂർത്തിയായി ബ്ലോക്ക് ജോലികൾ പുരോഗമിക്കുന്നു.
*ആധുനിക സൗകര്യങ്ങൾ ഇങ്ങനെ*
ഈസ്റ്റ് ടെർമിനലിലും വെസ്റ്റ് ടെർമിനലിലും ഉയരുന്നത് 5 നില കെട്ടിടം.
2 നിലകൾ യാത്രക്കാരുടെ ആവശ്യങ്ങൾക്കും ബാക്കി 3 നിലകൾ വാണിജ്യാവശ്യങ്ങൾക്കും
354 സ്വയർ മീറ്റർ വെയിറ്റിംഗ് ഏരിയ 3054 മീറ്ററിലേക്ക് ഉയരും.
നിലവിൽ അഞ്ചുമീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർബ്രിഡ്ജുകൾ 12 മീറ്റർ വീതിയിലുള്ളതാവും.
മൾട്ടി വെഹിക്കിൾ പാർക്കിംഗുമായും ഫൂട്ട് ഓവർബ്രിഡ്ജുകളുമായി ബന്ധിപ്പിച്ച് സ്കൈവാക്ക്
പൊതുജനങ്ങൾക്കായി 58 ശുചിമുറികളും 20 എസ്കലേറ്ററുകളും 18 ലിഫ്‌റ്റുകളും 1.5 എം.എൽ.ഡി ശേഷിയുള്ള സീവേജ് പ്ലാന്റും
റിസർവേഷൻ കൗണ്ടറുകളുടെ എണ്ണ 16 വീതം ആയി വർദ്ധിക്കും.
27100 സ്വയർ മീറ്ററിലാണ് വാണിജ്യ മേഖല ഒരുങ്ങുന്നത്.
കിഴക്ക് ഭാഗത്ത് ആറ് നില മൾട്ടി വെഹിക്കിൾ പാർക്കിംഗിൽ 172 കാറുകളും 598 ബൈക്കുകളും
പടിഞ്ഞാറ് ഭാഗത്ത് ഏഴ് നിലകളിലായി 252 കാറുകളും 543 ബൈക്കുകളും പാർക്ക് ചെയ്യാം
ഫുട് ഓവർബ്രിജിനു സമാനമായുള്ള കോൺകോഴ്സിന് 48 മീറ്ററാണ് വീതി. ഇത്ഓരോ പ്ലാറ്റ്ഫോമിനെയും ടെർമിനലിനേയും ബന്ധിപ്പിക്കും. 5280 ചതുരശ്ര മീറ്ററാണ് വിസ്തീർണം. യാത്രക്കാർക്ക് വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമേ ഇവിടെ ഇരിപ്പിടങ്ങൾ, ഫുഡ് കോർട്ട്, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയവയും ഉണ്ടാകും. പ്ലാറ്റ്ഫോം ഏതെന്നും അവിടേക്ക് ഇറങ്ങേണ്ടത് എങ്ങനെയെന്നുമുള്ള ലളിതമായ ദിശാ സൂചനകളും ഉണ്ടാകും



No comments