മോദിയെ കണ്ടു, മുഖ്യമന്ത്രി വഴങ്ങി; പി.എം ശ്രീയില്‍ നടന്നത് വമ്പന്‍ ഒളിച്ചുകളി
തിരുവനന്തപുരം : പിഎംശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍പ്പോലും ചര്‍ച്ചയില്ലാതെ. സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാര്‍പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പദ്ധതി അംഗീകരിക്കാന്‍ ധാരണയിലെത്തിയത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയില്‍. വ്യാഴാഴ്ചയാണ് പദ്ധതിയില്‍ ഒപ്പിട്ടത്. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു.
പിഎംശ്രീ അംഗീകരിക്കാവുന്ന ഒന്നല്ല എന്ന നിലപാടാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങള്‍ യോഗത്തിലെടുത്തത്. വിദേശപര്യടനത്തിലായതിനാല്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ധാരണാപത്രം ഒപ്പിട്ടതിലോ സിപിഐയുടെ വിയോജിപ്പിലോ കൂടുതല്‍ വിശദീകരണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയതുമില്ല. തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണ് എന്നതാണ് നിശ്ശബ്ദതയ്ക്ക് കാരണം.
സംസ്ഥാനത്തിന് ലഭിക്കാനുള്ള വിവിധ ഫണ്ടുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഈ മാസം ഒന്‍പതിനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. സര്‍വശിക്ഷാഅഭിയാന്‍ ഫണ്ടും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതു ലഭിക്കാന്‍ പിഎംശ്രീ ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചെന്നാണ് സൂചന. അതിന് പിന്നാലെയാണ് പിഎംശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
പിഎം ശ്രീ പദ്ധതി ആരുമറിയാതെ ഒപ്പിട്ടതില്‍ അതൃപ്തി പരസ്യമാക്കി സിപിഐ കേന്ദ്രനേതൃത്വവും. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ നടത്തിയ പ്രതികരണം ഇങ്ങനെ:
എല്‍ഡിഎഫിലെ ഘടകകക്ഷികളുമായി തീരുമാനം ചര്‍ച്ചചെയ്തിരുന്നോ? മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്‌തോ? മറ്റുപാര്‍ട്ടികളുടെ നിലപാട് തേടിയോ?
സിപിഎം ജനറല്‍സെക്രട്ടറി എം.എ. ബേബിയുമായി രാജ ശനിയാഴ്ച അരമണിക്കൂറിലേറെ ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ ചര്‍ച്ചനടത്തിയെങ്കിലും കൃത്യമായ സമവായധാരണയിലേക്ക് എത്താനായിട്ടില്ല.
തര്‍ക്കം ഇരുപാര്‍ട്ടിയുടെയും കേരളത്തിലെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചനടത്തി പരിഹരിക്കുമെന്ന് എം.എ. ബേബി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍, ധാരണാപത്രത്തില്‍നിന്ന് പിന്മാറിയേ തീരൂവെന്നും ഇനി തീരുമാനം സിപിഎമ്മാണ് എടുക്കേണ്ടതെന്നും രാജ പ്രതികരിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments