വാഗൺ ട്രാജഡി ദുരന്തം ; 104 മത് വാർഷികം: ഉണങ്ങാത്ത മുറിവുമായി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് നാളെ സംഗമിക്കും
പുലാമന്തോൾ : ഇന്ത്യൻ സാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാവാത്ത ഒരു അധ്യായമാണ് വാഗൺ ട്രാജഡി ദുരന്തം. ഈ നടുക്കുന്ന ഓർമ്മകൾ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് സംഗമിക്കുന്നു. മലബാര്‍ കലാപത്തിലെ ഭീതിതമായ ഈ സംഭവത്തിന് വേദിയായത് തിരൂരായിരുന്നുവെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ഈ കൊടും ക്രൂരതയില്‍ ജീവന്‍ ബലിനല്‍കിയവരിൽ പകുതിയിലധികവും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം എന്ന കൊച്ചുഗ്രാമത്തിലുള്ളവരായിരുന്നു. നാൽപ്പത്തി ഒന്ന് പേരാണ് ഈ മഹാ ദുരന്തത്തിൽ ഈ ഗ്രാമത്തിൽ നിന്ന് രക്തസാക്ഷികളായത്. ദുരന്തത്തിന്റെ നൂറ്റി നാലാം വാർഷികത്തോടനുബന്ധിച്ച് കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന വാർഷിക ദിനാചരണം നാളെ ( വെള്ളി ) വൈകീട്ട് 6.00 മണിക്ക് കുരുവമ്പലം വാഗാൺ ട്രാജഡി സ്മാരക മന്ദിര പരിസരത്ത് വെച്ച് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. മഞ്ചേരി എൻ.എസ്.കോളേജ് ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: ഹരിപ്രിയ, മലപ്പുറം ഗവൺമെൻ്റ് കോളേജ് ഇസ്ലാമിക് ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: പി സക്കീർ ഹുസൈൻ* എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
സലാം മാസ്റ്റർ പൂമംഗലം, ഡോ: ഹുസൈൻ വി, ഡോ: അലി നൗഫൽ എന്നിവർ പ്രസംഗിക്കും.
ബ്രിട്ടീഷുകാര്‍ക്കും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ നിലകൊണ്ടതിന് പക തീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നത് മലബാര്‍ മാപ്പിളമാരെയായിരുന്നു. അവരെ പിടികൂടി അന്തമാന്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തൽ പതിവാക്കിയിരുന്നു. ഇപ്രകാരം നാടുകടത്താന്‍ അസൂത്രിതമായി നടത്തിയ ഹീനതന്ത്രമാണ് വാഗണ്‍ ട്രാജഡി എന്ന മഹാദുരന്തത്തിൽ കലാശിച്ചത്. 1921 നവംബര്‍ 19ന് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എം.എസ്. റെയില്‍വെയുടെ 77-ാ0 നമ്പര്‍ ട്രൈനിലെ 1711-ാ0 നമ്പര്‍ ചരക്ക് വാഗണിലാണ് നൂറോളം മാപ്പിളമാരെ കുത്തിനിറച്ച് യാത്ര ആരംഭിച്ചത്. അൻപത് പേർക്കു പോലും നിൽക്കാൽ സൗകര്യമില്ലാത്ത ഈ വാഗണിൽ കുത്തിനിറക്കപ്പെട്ട മാപ്പിള സ്വാതന്ത്ര്യ സമര പോരാളികൾ യാത്ര തുടങ്ങി ഏതാനും മിനുറ്റിനുള്ളിൽ തന്നെ ശ്വാസം ലഭിക്കാത്തെ ആർത്തട്ടഹസിച്ച് കരയാൻ തുടങ്ങിയിരുന്നു. പിശാചുക്കളെപ്പോലും നാണിപ്പിക്കുന്ന ബ്രിട്ടീഷ് സേന ഈ അട്ടഹാസം കേട്ടഭാവം പോലും നടിക്കാതെ യാത്ര തുടരുകയും വാഗണിലെ എഴുപതോളം പേർ ശ്വാസം മുട്ടി മരിക്കുകയും ചെയ്തു. ഈ മരിച്ച 70 പേരില്‍ 41 പേരും കുരുവമ്പലം എന്ന കൊച്ചു ഗ്രാമത്തിലുള്ളവരാണ്. ഇവരില്‍ 35 പേര്‍ കുരുവമ്പലത്തുകാരും ആറ് ആളുകള്‍ വളപുരം, ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്. പള്ളി ദര്‍സ് വിദ്യാര്‍ഥികളായിരുന്നു ഇവരിൽ അധികവും. നാട്ടിലെ പണ്ഡിതരും പൊതു സ്വീകാര്യനുമായ
വളപുരം സ്വദേശി കല്ലെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് പുലാമന്തോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ പെരിന്തല്‍മണ്ണയിലേക്ക് പ്രതിഷേധവുമായെത്തി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കുഞ്ഞിണ്ണീന്‍ മുസ്‌ലിയാരെ വിട്ടയക്കുകയും പ്രതിഷേധക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഇവരെയാണ് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോവാനായി ഗുഡ്സ് വാഗണില്‍ തിക്കിത്തിരുകി കയറ്റിയിരുന്നത്. 70 പേര്‍ ശ്വാസം മുട്ടി മരിച്ച ഈ സംഭവത്തിൽ നിന്ന് കുരുവമ്പലത്തെ രണ്ട് പേര്‍ വാഗണിൻ്റെ ആണിപ്പഴുതിലൂടെ ശ്വാസമെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഴയിൽ കുഞ്ഞയമവും കാളിയറോഡ് കോയക്കുട്ടി തങ്ങളും. 2005ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് കുരുവമ്പലത്ത് ഒരു സ്മാരക മന്ദിരം നിർമ്മിക്കുന്നത് വരെ വാഗണ്‍ രക്തസാക്ഷികളുടെ രണ്ടാം തലമുറക്ക് തങ്ങളുടെ പൂർവ്വികരുടെ ഈ ത്യാഗത്തിൻ്റെ ഓർമ്മകൾ വിസ്മൃതിയിലായിരുന്നു. ദുരന്തത്തിന്റെ ഓര്‍മക്കായി അവരുടെ ജന്മനാട്ടിൽ ആകെയുള്ളത് ഈ സ്മാരകം മാത്രമാണ്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ ക്രൂരതയുടെ ഓർമ്മകൾ വരും തലമുറക്ക് കൈമാറുന്നതിന് വേണ്ടി ഓരോ വർഷവും കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തിൽ വാർഷിക ദിനാചരണം നടത്തി വരുന്നുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments