Breaking News

അർച്ചന നേരിട്ടത് കൊടും പീഡനം; സ്ത്രീധനത്തിന്റെ പേരിൽ വഴക്ക്, ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി.

തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനും കുടുംബാഗങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച അര്‍ച്ചനയുടെ കുടുംബം രംഗത്തെത്തി. അര്‍ച്ചനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ ഹരിദാസ് ആരോപിക്കുന്നു. സ്ത്രീധനം ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണം.

സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായ ഹരിദാസിനെ ഇന്നലെ വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രിയനാണ് മകളുടെ ദുരന്തവാര്‍ത്ത വിളിച്ചറിച്ചത്. ഏഴ് മാസം മുമ്പ് ഒരു വിഷുദിനത്തില്‍ വീടുവിട്ടിറങ്ങിയതാണ് ഹരിദാസന്‍റെ രണ്ടാമത്തെ മകള്‍ അര്‍ച്ചന. ഷാരോണ്‍ എന്ന ചെറുപ്പക്കാരനൊപ്പം ജീവിതവും തുടങ്ങി. വിവാഹ ബന്ധത്തില്‍ മകള്‍ അനുഭവിച്ച ദുരന്തത്തിന് പലതവണ സാക്ഷിയായിട്ടുണ്ട് അച്ഛന്‍. പൊതു സ്ഥലത്തുവച്ച് മകളെ ഷാരോണ്‍ തല്ലിയതിന് സ്റ്റേഷനില്‍ പോയതാണ് ഒടുവിലത്തേത്. സംശയ രോഗിയായിരുന്നു ഷാരോണെന്ന് ഹരിദാസ് പറയുന്നു. സ്ത്രീധനത്തിന്‍റെ പേരിലും മകളെ പീഡിപ്പിച്ചെന്നും ഫോണ്‍ നല്‍കുമായിരുന്നില്ലെന്നും ഹരിദാസ്  പ്രതികരിച്ചു.

അളഗപ്പനഗര്‍ പോളി ടെക്നിക്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അര്‍ച്ചന കുറച്ച് കാലം ജോലി നോക്കിയിരുന്നു. അര്‍ച്ചനയുടെ അമ്മ വീടിന് സമീപം ഷാരോണും കുടുംബവും വാടകയ്ക്ക് താമസിക്കാനെത്തിയപ്പോഴുള്ള പരിചയമാണ് പ്രണയത്തിലെത്തിയതും വീടുവിട്ടിറങ്ങിപ്പോകുന്നതിനു കാരണമായതും. ഷാരോണ്‍ സ്ഥലം വാങ്ങി വീടുവച്ചിട്ട് അധികമായിരുന്നില്ല. പെയിന്‍റിങിനും മറ്റും ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഷാരോണിന്‍റെ അമ്മ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്നും കൂട്ടുന്നതിനായി പോയ സമയത്തായിരുന്നു മരണം. വീടിനോട് ചേര്‍ന്ന വെള്ളമില്ലാത്ത കനാലില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ജഡം. ഹരിദാസിന്‍റെ പരാതിയില്‍ ഷാരോണിനെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് വരന്തരപ്പള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. ഷാരോണിന്‍റെ അമ്മയെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം തുടരന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments