Breaking News

ശബരിമല സ്വർണക്കൊള്ള; രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ജയിലിൽ; അടുത്ത നടപടിയെന്തെന്ന് എൽഡിഎഫിൽ ആശങ്ക

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ അടുത്തനീക്കത്തിൽ ആശങ്കയോടെ ഇടതുമുന്നണി. ഇതുവരെ ശബരിമലവിഷയം ബാധിക്കാത്തവിധത്തിൽ പ്രചാരണം മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. എന്നാൽ, മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണ സംഘമെത്തിയാൽ രാഷ്ട്രീയതിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്.

വിശ്വാസികളെ സ്വാധീനിക്കുന്ന കേസായതിനാൽ കുറ്റാരോപിതനായ പത്മകുമാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കുന്നതായിരുന്നു നല്ലതെന്ന അഭിപ്രായം ഘടകകക്ഷിനേതാക്കൾക്കുണ്ട്. അതിൽ രണ്ട് പ്രശ്നങ്ങളാണ് സിപിഎമ്മിന് മുന്നിലുള്ളത്. കേസിൽ പ്രതിയാക്കപ്പെട്ട ഉടനെ പത്മകുമാറിനെതിരേ സിപിഎം നടപടിയെടുത്താൽ, അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പാർട്ടി അംഗീകരിക്കുന്നതിന് തുല്യമാകും. പത്മകുമാറിനെ കുറ്റവാളിയായി അംഗീകരിച്ചാൽ അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം സിപിഎമ്മിനു തന്നെയാകും.

രണ്ടാമത്തേത്, പാർട്ടിനേതാക്കൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയാക്കപ്പെടുകയും ചെയ്യുമ്പോൾ സംഘടനാനടപടി സ്വീകരിക്കുന്ന കീഴ്‌വഴക്കം സിപിഎമ്മിനില്ല. പിണറായി വിജയനെതിരേ എഫ്ഐആർ വന്നപ്പോഴും സംഘടനാനടപടിയുണ്ടായിട്ടില്ല. ഇതാണ് പത്മകുമാറിനെതിരേ നടപടിയെടുക്കുന്നതിൽ സിപിഎം മടിക്കാൻ കാരണം.

ശബരിമലക്കേസിൽ പ്രതികളാകുന്ന ആരെയും സംരക്ഷിക്കില്ലെന്ന നിലപാട് സർക്കാരും പാർട്ടിയും സ്വീകരിച്ചതാണെന്നാണ് ഇടതുപക്ഷത്തിന്റെ പ്രചാരണത്തിലെ ഊന്നൽ. പക്ഷേ, രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ജയിലിലായതോടെ രാഷ്ട്രീയ ഉത്തരവാദിത്വത്തിൽനിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയുണ്ട്.

എൻ. വാസു അറസ്റ്റിലായപ്പോൾ, വാസുവിനെ പൂർണമായി തള്ളിപ്പറഞ്ഞാണ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ, സിപിഎം ജില്ലാകമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ എ. പത്മകുമാർ അറസ്റ്റിലായപ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം തയ്യാറായിട്ടില്ല.

ഈ മയപ്പെട്ട നിലപാട് തിരിച്ചടിയാകുമോയെന്ന സംശയം സിപിഎം ഒഴികെയുള്ള കക്ഷികളിലെ നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രാദേശികതലത്തിലെ പ്രചാരണത്തിൽ ശബരിമല വിഷയം എൽഡിഎഫിനെ അലട്ടുമെന്ന സൂചനയുണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

വിശ്വാസികൾ ഇടതുമുന്നണിക്കു എതിരാകുന്ന ഒന്നായി ശബരിമലയിലെ സ്വർണക്കൊള്ള കേസ് മാറാനിടയില്ലെന്നാണ് സിപിഎമ്മും കണക്കുകൂട്ടുന്നത്. ആഗോള അയ്യപ്പസംഗമംനടത്തി വിശ്വാസികൾക്കൊപ്പമാണ് സർക്കാരും പാർട്ടിയുമെന്ന് ബോധ്യപ്പെടുത്തിയ സാഹചര്യത്തിൽ സ്വർണക്കൊള്ളക്കേസിൽ വിശ്വാസികൾ ഇടതുപക്ഷത്തിന് എതിരാവില്ലെന്നതാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments