Breaking News

യുപിഐയുടെ വ്യാജ ആപ്പ് ഉപയോഗിച്ച് പേയ്മെന്റ് നടത്തി; കൊയിലാണ്ടി സ്വദേശികൾ ഉൾപ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍*


കൊച്ചി : കളമശ്ശേരിയില്‍ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്. ഒരു യുവതി ഉള്‍പ്പെടെ അഞ്ചുപേരെ കളമശേരി പോലിസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശികളായ റൂബിന്‍, അജ്‌സല്‍ അമീന്‍, മുഹമ്മദ് അനസ്, റുബീന, തിരുവനന്തപുരം സ്വദേശി വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം യുപിഐയുടെ വ്യാജ ആപ്പ് ഉപയോഗിച്ച് പേയ്മെന്റ് നടത്തിയതായി സ്‌ക്രീനില്‍ തെളിയുന്ന ചിത്രം കാണിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍ അക്കൗണ്ടുകളില്‍ പണം എത്തിയിരുന്നില്ല. ഇവര്‍ ലോഡ്ജുകളില്‍ മുറിയെടുത്തും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. കളമശേരി എളമക്കര പ്രദേശത്തെ നിരവധി കടകളില്‍ നിന്നായി വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ പ്രതികള്‍ വാങ്ങുകയായിരുന്നു.

സംശയം തോന്നിയ ഹോട്ടല്‍ ഉടമകളാണ് പ്രതികളെ തടഞ്ഞുവെച്ച് പോലിസില്‍ ഏല്‍പ്പിച്ചത്. ഇവര്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം ബില്‍ തുക യുപിഐ ഉപയോഗിച്ച് നല്‍കിയതായി ജീവനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പോലിസിന് ലഭിച്ചിരുന്നു.സാധാരണക്കാരായ വ്യാപാരികളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിന് പ്രതികള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വ്യാജ ആപ്പ് നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കിയത്. വലിയൊരു തട്ടിപ്പിലേക്ക് പോകുമായിരുന്ന സംഘത്തെയാണ് ആദ്യ ഘട്ടത്തില്‍ തന്നെ പിടികൂടിയത്.

സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ആലപ്പുഴയിലും യുപിഐ തട്ടിപ്പ് ശ്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളുമായിരുന്നു തട്ടിപ്പുസംഘം ലക്ഷ്യമിട്ടത്. ഫോണ്‍ വഴി റൂമിനായി ബന്ധപ്പെടുകയും, അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതിലും പതിനായിരത്തിലധികം രൂപ അയച്ചതായി യുപിഐ ഇടപാടിന്റെ സ്‌ക്രീന്‍ഷോട്ട് അയക്കുകയുമായിരുന്നു. അഡ്വാന്‍സ് തുകയായ 2500-നു പകരം 12500 രൂപ തെറ്റായി അയച്ചുപോയെന്നും പതിനായിരം മടക്കി അയച്ചുതരണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ഹോട്ടലുടമ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതോടെയാണ് പണം തട്ടാനുള്ള ശ്രമം പാളിയത്.ഈ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കൊച്ചിയില്‍ മറ്റൊരു യുപിഐ തട്ടിപ്പ് സംഘം പിടിയിലായത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments