Breaking News

ജില്ലയിൽ യുഡിഎഫ് നേടിയ സമ്പൂർണ്ണ വിജയത്തിനിടയിൽ അധികാര തർക്കം വിജയത്തിന്റെ ശോഭ കെടുത്തിയെന്ന് ആക്ഷേപം.ജില്ലാ നേതൃത്വം"ഫോർമുല'' തയ്യാറാക്കുന്നു.

കാസർഗോഡ്  : മഞ്ചേശ്വരം, കാസർഗോഡ്,ഉദുമ മണ്ഡലത്തിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള എല്ലാ പഞ്ചായത്തുകളിലും  പ്രസിഡന്റ് സ്ഥാനത്തിനായി ഒന്നിലധികം അവകാശവാദങ്ങൾ ഉയർന്ന് വന്നത് വിജയാഘോഷത്തിനിടയിൽ പാർട്ടിക്ക് വലിയ തലവേദനയായി. നഗരസഭയടക്കം എല്ലായിടത്തും രണ്ട് പ്രമുഖ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 

 കാസർഗോഡ് നഗരസഭയിൽ തന്നെ വൈസ് ചെയർമാൻ സ്ഥാനത്തിന് രണ്ടുപേർ രംഗത്തുണ്ട്.കെഎം ഹനീഫ്,ഹമീദ് ബെദി രയുമാണ് രംഗത്തുള്ളത്. മംഗൽപാടി പഞ്ചായത്തിൽ പ്രസിഡണ്ട് പ്രസ്ഥാനത്തിനായുള്ള തർക്കം മുറുകുന്നുണ്ട്. ഇവിടെ പി എം സലീമും,ഗോൾഡൻ റഹ്മാനുമാണ് രംഗത്തുള്ളത്.കുമ്പള ഗ്രാമപഞ്ചായത്തിലും  തർക്കമുണ്ട്.ഇവിടെ പ്രസിഡണ്ട് സ്ഥാനത്തിനായി വി പി അബ്ദുൽ ഖാദർ ഹാജിയും,എ കെ ആരിഫും രംഗത്തുണ്ട്. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിൽ അബ്ദുല്ല കുഞ്ഞി ചേർക്കളയും,അഷ്റഫ് കർളയും പ്രസിഡണ്ട് സ്ഥാനത്തിനായി ചരട് വലിക്കുന്നുണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ അസീസ് മരിക്കെ,സൈഫുദ്ദീൻ തങ്ങൾ എന്നിവരാണ് പ്രസിഡന്റിനായി രംഗത്തുള്ളത്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലുമുണ്ട് തർക്കം.ഇവിടെ മുഖ്താറും,ബഷീർ കനിലയുമാണ് രംഗത്തുള്ളത്.മേൽ സൂചിപ്പിച്ച എല്ലാ നേതാക്കളും പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുകയും, മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടവരുമാണ്. ഇവിടങ്ങളിലൊക്കെ ആരെ ഉൾക്കൊള്ളണം, ആരെ മാറ്റിനിർത്തണമെന്ന കാര്യത്തിൽ ലീഗ് ജില്ലാ നേതൃത്വത്തിന് തീരുമാനമെടുക്കാനാവുന്നില്ല.ഈ മാസം 26,27 തീയതികളിലാണ് പ്രസിഡണ്ട്മാരെയും, ചെയർമാൻമാരെയും  തെരഞ്ഞെടുക്കാനുള്ള തീയതി. 

 ഈയൊരു സാഹചര്യത്തിൽ "ഇലക്കും മുള്ളിനും'' കേട് വരാതെയുള്ള ഒരു ഫോർമുലയാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ആരെയും പിണക്കാതെയുള്ള ഒരു "ഫോർമുല'' കണ്ടെത്താനാണ് നേതൃത്വത്തിന്റെ നീക്കം. 

 പ്രസിഡണ്ട് പദവി ആഗ്രഹിക്കുന്നവർക്കായി കാലാവധി തുല്യമായി വിഭജിച്ചു നൽകുന്നതിനെക്കുറിച്ച് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ രണ്ടര വർഷം ഒരാൾക്ക് എന്ന നിലയിൽ നൽകി പ്രശ്നപരിഹാരം കാണാനാണ് നേതൃത്വത്തിന്റെ നീക്കം.ആദ്യ രണ്ടര വർഷം ആർക്ക് എന്നതിനെക്കുറിച്ചും തർക്കം വരാൻ സാധ്യതയുള്ളതിനാൽ സീനിയോറിറ്റി പരിഗണിച്ചോ, നറുക്കെടുപ്പ് നടത്തിയോ ഇതിന് പരിഹാരം കാണുമെന്നാണ് ലീഗ് നേതാക്കൾ നൽകുന്ന സൂചന.

 അധികാര തർക്കം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തകർപ്പൻ ജയത്തിന്റെ ശോഭ കെടുത്തരുതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments