Breaking News

*കേരളത്തിൻ്റെ കടമെടുപ്പ് പരിധി കുത്തനെ വെട്ടി കേന്ദ്രം*

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്‌ഥാന സർക്കാരിന് വിലങ്ങുമായി കേന്ദ്ര സർക്കാർ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള മൂന്നു മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയിൽനിന്ന് 5,944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാലയളവിൽ ഇനി കടമെടുക്കാൻ കഴിയുക 6,572 കോടി മാത്രം. ജനുവരി മുതൽ മാർച്ച് വരെ കരാറുകാർക്ക് അടക്കം ബില്ലുകൾ പാസാക്കി നൽകാൻ മാത്രം 20,000 കോടി വേണം. ശമ്പളവും പെൻഷനും നൽകാൻ വേണ്ടത് 15,000 കോടിയിലേറെ. 2000 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷനും നൽകണം. നികുതി അടക്കമുള്ള വരുമാനങ്ങൾ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കുന്ന സ്ഥാപനങ്ങൾ വായ്‌പകൾ തിരിച്ചടച്ചില്ലെങ്കിൽ ഉപയോഗിക്കാനായുള്ള കരുതൽഫണ്ട് രൂപീകരിക്കാത്തതിനാൽ 3,300 കോടി രൂപ നേരത്തേ കടമെടുപ്പുപരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ആകെ ഗാരന്റി നിൽക്കുന്ന തുകയുടെ അര ശതമാനം വീതം അഞ്ചു വർഷം കൊണ്ടു രണ്ടര ശതമാനം കരുതൽ ഫണ്ടിൽ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചതോടെ തടഞ്ഞുവച്ച ഈ 3,300 കോടി അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രണ്ടര ശതമാനം തുകയും ഒറ്റയടിക്കു ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിർദേശമെത്തിയതോടെ അക്കാര്യത്തിലും സർക്കാരിന്റെ പ്രതീക്ഷയറ്റു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments