Breaking News

*കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി* *പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം*


കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ സ്‌കിൻ ബാങ്കിൽ ആദ്യ ചർമ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചർമ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചർമ്മം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ്. പുതിയ ചർമ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നൽകുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും സാധിക്കുന്നു.
 അപകടത്താലും പൊള്ളലേറ്റും ചർമ്മം നഷ്ടപ്പെട്ടവർക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്താനാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 6.75 കോടി ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം സ്‌കിൻ ബാങ്ക് സജ്ജമാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
അവയവദാനത്തിൽ പലരും ചർമ്മം നൽകാൻ മടിച്ചതാണ് ചർമ്മം ലഭിക്കാൻ ഇത്രയേറെ വൈകിയത്. മൃതദേഹത്തിന് ഒരു വൈരൂപ്യവും ഉണ്ടാക്കാത്ത രീതിയിലാണ് ചർമ്മം എടുക്കുന്നത്. തുടയുടെ പുറകിൽ നിന്നും ഉൾപ്പെടെ പുറത്ത് കാണാൻ സാധിക്കാത്ത ഭാഗങ്ങളിൽ നിന്നാണ് ചർമ്മം എടുക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ബന്ധുക്കൾ തീവ്രദു:ഖത്തിലും എടുത്ത തീരുമാനമാണ് നിർണായകമായത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. പ്രേംലാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചർമ്മം ഹാർവെസ്റ്റ് ചെയ്തത്. ഇത് ചർമ്മത്തിന്റെ കേടുപാടനുസരിച്ച് ഒന്നോ അതിലധികം ആൾക്കാർക്കോ വച്ച് പിടിപ്പിക്കാൻ സാധിക്കും.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജുകളിലെ ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ബേൺസ് ഐസിയുവിലൂടെ നൽകുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments