Breaking News

അസമില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സംഗീത ബറുവ പിഷാരോഡി പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂദല്‍ഹി :  ന്യൂദല്‍ഹിയിലെ പ്രശസ്തമായ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ (പി.സി.ഐ) യുടെ ഏഴു പതിറ്റാണ്ടോളം നീണ്ട ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് പദവിയില്‍ തെരഞ്ഞെടുക്കപ്പെട്ടത് ആഘോഷിക്കപ്പെടുകയാണ്. അസമില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സംഗീത ബറുവ പിഷാരോഡിയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ സീറ്റുകളും (21-0) തൂത്തുവാരിയെന്നത് മാത്രമല്ല അവരുടെ നേട്ടത്തെ അവിസ്മരണീയമാക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച സംഗീത 1019 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളികളായ അതുല്‍ മിശ്രക്ക് 129-ഉം അരുണ്‍ ശര്‍മക്ക് 89 വോട്ടുകളും മാത്രമാണ് കിട്ടിയത്! അതുകൊണ്ടു തന്നെ അവര്‍ ചരിത്രം സൃഷ്ടിച്ചുവെന്നു പറയാം. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയാണിത്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഫ്‌സല്‍ ഇമാമിന് 948 വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ഗ്യാന്‍ പ്രകാശിന് 290 വോട്ടുകളാണ് ലഭിച്ചത്.

യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ) ലേഖികയായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ സംഗീത 'ദി ഹിന്ദു'വിന്റെ പ്രത്യേക പ്രതിനിധിയായി ഏറെക്കാലം ജോലി ചെയ്തു. 'ദി വയര്‍' നാഷനല്‍ അഫയേഴ്‌സ് എഡിറ്ററാണിപ്പോള്‍. ഏറെ ശ്രദ്ധിക്കപ്പെട്ട അസം: ദി അക്കോര്‍ഡ് ദി ഡിസ്‌കോര്‍ഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

പാര്‍ലമെന്റ് മന്ദിരവും മറ്റ് മന്ത്രാലയങ്ങളും സ്ഥിതി ചെയ്യുന്ന ദല്‍ഹിയുടെ ഹൃദയഭാഗത്തുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രമായ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ചരിത്രവും ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. പ്രമുഖ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന ദുര്‍ഗാദാസാണ് പ്രസ് ക്ലബ് ഓഫ് ഇന്ത്യ സ്ഥാപിക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്. 1930-കളുടെ തുടക്കത്തില്‍ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (പിന്നീട് പി.ടി.ഐ ആയി മാറി്) എഡിറ്ററായി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോഴാണ് ദുര്‍ഗാദാസിന് ഈ ആശയം മനസ്സിലുദിച്ചത്. ലണ്ടന്‍ പ്രസ് ക്ലബ് സന്ദര്‍ശിച്ചത് ദല്‍ഹിയിലും ഇത്തരമൊരു മാതൃക നടപ്പിലാക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായി.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ദുര്‍ഗാദാസ് ഉന്നത രാഷ്ട്രീയ തലങ്ങളില്‍ ഇതുമായി ബന്ധപ്പെടുകയുണ്ടായി. 1936 മുതല്‍ 1944 വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ലോര്‍ഡ് ലിന്‍ലിത്‌ഗോയുമായും വിഷയം ചര്‍ച്ച ചെയ്തു. ദുര്‍ഗാദാസിന്റെ നിരന്തരമായ ശ്രമത്തെ തുടര്‍ന്ന് സ്വാതന്ത്ര്യാനന്തരം പാര്‍ലമെന്റ് സ്ട്രീറ്റില്‍ (ഇന്ന് ട്രാന്‍സ്പോര്‍ട്ട് ഭവന്‍ നില്‍ക്കുന്ന സ്ഥലം) പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ (പി.സി.ഐ) സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചെങ്കിലും തുടര്‍ന്നുണ്ടായ ചില സംഭവവികാസങ്ങള്‍ കാരണം അനുവദിച്ച ഭൂമി റദ്ദാക്കപ്പെട്ടു.

ഒടുവില്‍ 1957 ഡിസംബര്‍ 20-ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഔപചാരികമായി നിലവില്‍ വരികയും 1958 മാര്‍ച്ച് 10-ന് കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. 1959 ഫെബ്രുവരി 2-ന് ആഭ്യന്തര മന്ത്രി ജി.ബി. പന്താണ് പി.സി.ഐയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്ന് 'ദി ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ എഡിറ്ററായ ദുര്‍ഗാദാസ് തന്നെ ഐകകണ്‌ഠേന പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഡി.ആര്‍. മാങ്കേക്കറായിരുന്നു ആദ്യ സെക്രട്ടറി ജനറല്‍.
തുടക്കത്തില്‍ 30 അംഗങ്ങളുമായി ഒരു ചെറിയ മുറിയില്‍ നിന്നാണ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ആയിരത്തിലേറെ അംഗങ്ങളുണ്ട്.

1900-ത്തില്‍ പഞ്ചാബിലെ ജലന്തറില്‍ ജനിച്ച ദുര്‍ഗാദാസ് 74-ാം വയസ്സിലാണ് മരിക്കുന്നത്. നെഹ്‌റുവും ജിന്നയും മുതല്‍ ഇന്ദിരാ ഗാന്ധി വരെയുള്ള നേതാക്കളുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹം, നെഹ്‌റുവിന് പകരം വല്ലഭായി പട്ടേല്‍ പ്രധാനമന്ത്രിയാകണമെന്ന അഭിപ്രായക്കാരനായിരുന്നു.

പി.കെ. നിയാസ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments