Breaking News

*ഹൈദരാബാദ്–കേരളം വിവാഹ തട്ടിപ്പ്:* സംഘടിത ലോബി ആന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ

തിരുവനതപുരം : ഹൈദരാബാദിൽ നിന്നു കേരളത്തിലേക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിന്റെ മറവിൽ പ്രവർത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലയെ കുറിച്ച് ക്രൈം ബ്രാഞ്ചിന് സൂചന ലഭിച്ചു. 2022 മുതൽ സജീവമായ ഈ ലോബിയുടെ നേതൃത്വത്തിൽ പത്തോളം വിവാഹങ്ങൾ കേരളത്തിലേക്ക് നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പെൺകുട്ടികൾ തിരികെ പോകുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് തട്ടിപ്പിന്റെ ഗൗരവം പുറത്തു വന്നത്.
ഹൈദരാബാദിൽ സ്ഥിരതാമസക്കാരായ ചില മലയാളികളാണ് ഈ ശൃംഖലയുടെ പ്രധാന കണ്ണികളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ കേരളത്തിലുള്ള ബ്രോക്കർമാർക്ക് വിവരങ്ങൾ കൈമാറുകയും, പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കണ്ടെത്തി വിവാഹാലോചനയുമായി കേരളത്തിലെ യുവാക്കളെ സമീപിക്കുകയും  ചെയ്യുന്നു. ഹൈദരാബാദിലും കേരളത്തിലും വ്യാപിച്ചുകിടക്കുന്ന ശക്തമായ ഇടനിലക്കാരുടെ കൂട്ടായ്മയാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

സൗന്ദര്യമുള്ള പെൺകുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്താണ് തട്ടിപ്പുകാർ പ്രധാനമായും കേരളത്തിലെ പുരുഷന്മാരെ ഇരയാക്കുന്നത്. “ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം”, “പ്രായം പ്രശ്നമല്ല”, “വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക നിലയും കാര്യമല്ല”" പ്രായം കൂടിയ ആളുകൾക്കും പ്രായം കുറഞ്ഞ പെൺകുട്ടികൾ "എന്നീ മോഹന വാഗ്ദാനങ്ങളോടെയാണ് ബ്രോക്കർമാർ സ്വകാര്യ ചാറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും സമീപിക്കുന്നത്.
ഫോട്ടോകൾ പലപ്പോഴും യഥാർത്ഥ പെൺകുട്ടികളുടേതാണോ, മുമ്പ് നടന്ന വിവാഹങ്ങളിലെ ചിത്രങ്ങളാണോ, അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ചതാണോ എന്നതിൽ വ്യക്തതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒരേ ചിത്രം തന്നെ പലർക്കും “വധു” എന്ന പേരിൽ അയച്ച സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും കേരളത്തിലെ 30 മുതൽ 45 വയസുവരെയുള്ള വിവാഹം വൈകിയ പുരുഷന്മാരെയാണ് സംഘം ലക്ഷ്യമിടുന്നത്.

ഇത്തരം വിവാഹങ്ങൾക്കായി ആറുലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ ബ്രോക്കർമാർ ഈടാക്കുന്നതായാണ് കണ്ടെത്തൽ. ഇതിൽ വരൻ നൽകേണ്ട മഹർ ഉൾപ്പെടുമെന്ന പേരിലാണ് പണം വാങ്ങുന്നത്. എന്നാൽ പെൺകുട്ടിയുടെ കുടുംബവുമായി മുൻകൂട്ടി ധാരണ ഉറപ്പിച്ച ശേഷം, വരനിൽ നിന്നു വാങ്ങുന്ന തുകയിലെ വലിയൊരു പങ്ക് ബ്രോക്കർമാരും ഇടനിലക്കാരും കമ്മീഷനായി കൈപ്പറ്റുകയാണ്.
അന്വേഷണ രേഖകൾ പ്രകാരം, വരനിൽ നിന്നു അഞ്ചുലക്ഷം രൂപ വാങ്ങിയാൽ, പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകുന്നത് ഏകദേശം ഒരു ലക്ഷം രൂപ മാത്രമാണ്. ബാക്കി തുക മുഴുവൻ ഇടനിലക്കാർ തമ്മിൽ പങ്കിടുന്നു.

വിവാഹം കഴിഞ്ഞ് കേരളത്തിലെത്തുന്ന പെൺകുട്ടി ഏതെങ്കിലും കാരണം ഉന്നയിച്ച് മൂന്നോ നാലോ മാസത്തിനുള്ളിൽ തിരികെ പോകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. തുടർന്ന് അതേ പെൺകുട്ടിയെ വീണ്ടും മറ്റൊരു വിവാഹത്തിന് ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ ഒരു വർഷം ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം സമ്പാദിക്കുന്നതെന്നാണ് കണ്ടെത്തൽ.

ഹൈദരാബാദിൽ നിന്ന് നിയമപരമായും സുതാര്യമായും വിവാഹം നടത്തുകയാണെങ്കിൽ ആകെ ചെലവ് രണ്ടുലക്ഷം രൂപയ്ക്കുള്ളിൽ മാത്രമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചിലവ് കുറയാൻ കാരണം അവിടത്തെ മോശം സാമ്പത്തിക സ്ഥിതി ആണ് എന്നാൽ ഈ യാഥാർത്ഥ്യം മറച്ചുവെച്ചാണ് കേരളത്തിലെ വരന്മാരിൽ നിന്ന് അമിത തുക ഈടാക്കുന്നത്.

ഹൈദരാബാദ്, സെക്കന്തരാബാദ്, ചാർമിനാർ തുടങ്ങിയ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്താണ് രക്ഷിതാക്കളെ വിവാഹത്തിന് സമ്മതിപ്പിക്കുന്നത്.

വിവാഹം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഒരു മലയാളി കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ തിരികെ കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പണവും സാമൂഹിക പ്രതിഷ്ഠയും നഷ്ടപ്പെടുമെന്ന ഭയത്താൽ ഭൂരിഭാഗം ഇരകളും പരാതി നൽകാൻ തയ്യാറാകാത്തതാണ് തട്ടിപ്പു സംഘത്തെ വളരാൻ സഹായിക്കുന്നത്
സംഘടിതമായി പ്രവർത്തിക്കുന്ന ഈ ഹൈദരാബാദ്–കേരളം വിവാഹ തട്ടിപ്പ് ശൃംഖലയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിലാണ് നിയമപ്രവർത്തക ഏജൻസികൾ. കൂടുതൽ പരാതികൾ ലഭിച്ചാൽ ക്രൈം ബ്രാഞ്ച് കേസെടുക്കുകയും, സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാട്സ്ആപ് ഗ്രൂപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments