Breaking News

*ശമ്പളപരിഷ്‌കരണം: കമ്മിഷന് 3 മാസം മതിയാകുമോ; കടുത്ത ആശങ്ക, വോട്ട് ലക്ഷ്യമിട്ടു ഞെട്ടിക്കുമോ സര്‍ക്കാര്‍?*

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ശമ്പളക്കമ്മിഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങള്‍ നീളുമെന്ന ആശങ്കയാണ് ജീവനക്കാരുടെ സംഘടനകള്‍ക്കുള്ളത്. എന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ മൂന്നംഗം ശമ്പളക്കമ്മിഷനെ നിയമിച്ച് ഉത്തരവിറക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്. ശമ്പളപരിഷ്‌കരണം സംബന്ധിച്ചുള്ള കണക്കുകൂട്ടലുകളും ധാരണകളും ധനവകുപ്പില്‍ ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ച് തയാറാക്കിയിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തന്നെ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരണം ഉണ്ടാകാനുള്ള സാധ്യയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

എന്തായാലും കമ്മിഷനെ നിയമിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെയും ആവശ്യങ്ങളും നിവേദനങ്ങളും പരിഗണിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നു മാസം എന്നത് ഒരു തരത്തിലും പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് ധനസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പഠിച്ചതിനു ശേഷമാണ് നടപ്പാക്കുന്നത്. മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാല്‍ അതിനു മുന്‍പ് ഏതു തരത്തില്‍ പരിഷ്‌കരണ നടപടികള്‍ മുന്നോട്ടു പോകുമെന്ന ആശങ്കയാണ് ജീവനക്കാരുടെ സംഘടനകള്‍ പങ്കുവയ്ക്കുന്നത്. 2019ല്‍ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായ കെ.മോഹന്‍ദാസ് ചെയര്‍മാനായ കമ്മിറ്റി പതിമൂന്നു മാസം കൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2019 നവംബര്‍ ആറിനാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കമ്മിഷനെ പ്രഖ്യാപിച്ചത്. 2021 ജനുവരി 29ന് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ഫെബ്രുവരി 10ന് സര്‍ക്കാര്‍ അത് അംഗീകരിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.

ഗൗരവമായി കാര്യങ്ങള്‍ പഠിച്ച് മൂന്നു മാസത്തെ സമയപരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നു കഴിഞ്ഞ ശമ്പളകമ്മിഷന്റെ ചെയര്‍മാന്‍ കെ.മോഹന്‍ദാസ് പറഞ്ഞു. വിവിധ സംഘടനകളുടെ നിവേദനങ്ങളും ആവശ്യങ്ങളും കേള്‍ക്കുകയും പരിഗണിക്കുകയും വേണം. അതിനൊപ്പം വകുപ്പു മേധാവിമാരുമായും ചര്‍ച്ചകള്‍ നടത്തി വേണം നടപടികള്‍ സ്വീകരിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, തദ്ദേശസ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ജീവനക്കാര്‍ എന്നിവരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനെക്കുറിച്ചു ശുപാര്‍ശ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന ടേംസ് ഓഫ് റഫറന്‍സിലെ പ്രധാന ആവശ്യം. സര്‍വീസ് സാഹചര്യങ്ങള്‍, ഉദ്യോഗക്കയറ്റം, നോണ്‍ കേഡര്‍ പ്രമോഷന്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റം വേണമോ എന്നും നിര്‍ദേശിക്കണം. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളിലെ മാറ്റം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എന്തെങ്കിലും സംസ്ഥാനത്തു പരിഗണിക്കണോ എന്നതിനെക്കുറിച്ച്, കഴിഞ്ഞ ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിലെ പരാതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെക്കുറിച്ച്, സിവില്‍ സര്‍വീസ് സംവിധാനം പരിശോധിച്ച് കാര്യക്ഷമതയും സാമൂഹികബാധ്യതയും വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച്, ശമ്പളപരിഷ്‌കരണം മൂലമുള്ള സാമ്പത്തിക ബാധ്യത എന്നിവയെക്കുറിച്ചു പഠിക്കാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ 20 സ്റ്റാഫ് ഉള്‍പ്പെടെ ഓഫിസ് സജ്ജമാക്കാന്‍ മൂന്നു മാസം എടുത്തു. കോവിഡ് കാലമായിരുന്നതിനാല്‍ ഓണ്‍ലൈനായാണ് പലരുമായും ആശയവിനിമയം നടത്തിയത്. 
https://chat.whatsapp.com/EyMxkya6tfBA6hzerFUq9C?mode=gi_t
 മുന്‍കാലങ്ങളില്‍ ശമ്പളപരിഷ്‌കരണത്തിന് ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിന് അരശതമാനം വച്ച് സര്‍വീസ് വെയ്‌റ്റേജ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അത് ഒഴിവാക്കി. ഇതിന് ഏറെ കാലതാമസം വന്നിരുന്നു. നിലവിലെ ശമ്പളം, ക്ഷാമബത്ത, 10 ശതമാനം വര്‍ധന എന്നിവ പരിഗണിച്ചുള്ള ഫോര്‍മുലയാണ് അന്ന് നടപ്പാക്കിയത്. ഇതോടെ വലിയ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞു. ഒരേ ലിസ്റ്റില്‍നിന്നു വിവിധ വകുപ്പുകളിലേക്കു നിയമിക്കപ്പെട്ടവരുടെ ശമ്പളതാരതമ്യമാണ് കമ്മിഷനു മുന്നിലുള്ള വലിയ വെല്ലുവിളി. ഒരു സ്ഥലത്തു മാറ്റം വരുത്തുമ്പോള്‍ മറ്റു പലയിടത്തും അതു ബാധിക്കുന്ന നിലയുണ്ടാകും. കഴിഞ്ഞ തവണ കോവിഡ് ആയിരുന്നതിനാല്‍ ഫീല്‍ഡില്‍ നേരിട്ടെത്തി പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. സര്‍വീസ് സംഘടനകളുടെയും വകുപ്പു മേധാവിമാരുടെയും നിര്‍ദേശങ്ങള്‍ വാങ്ങിയാണ് തീരുമാനങ്ങള്‍ എടുത്തത്. ഈ നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ തന്നെ അവര്‍ക്കു രണ്ടു മാസത്തോളം വേണ്ടിവരും. ഇപ്പോള്‍ ചെയ്യാവുന്നത് എത്ര ശതമാനം വര്‍ധനവാണു വേണ്ടതെന്ന് ധാരണയില്‍ എത്തി മറ്റു പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി അതു മാത്രം പ്രഖ്യാപിക്കുക എന്നുള്ളതു മാത്രമാണ്.

കമ്മിഷനുകള്‍ ശമ്പളപരിഷ്‌കരണം സംബന്ധിച്ചും ഭരണപരിഷ്‌കരണത്തെക്കുറിച്ചും രണ്ടു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഒന്നാം ഭാഗം അടിയന്തരമായി നടപ്പാക്കുമെങ്കിലും രണ്ടാം ഭാഗം നടപ്പാക്കാറില്ല. പിഎസ്‌സി, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്റെ കമ്മിഷന്‍ വിപ്ലവകരമായ പല നിര്‍ദേശങ്ങളും നല്‍കിയിരുന്നു. കേന്ദ്രത്തിലെ പരിഷ്‌കരണം നടത്തിയ ശേഷമേ സംസ്ഥാനത്ത് പരിഷ്‌കരണം നടത്താവൂ എന്നും നിര്‍ദേശം വച്ചിരുന്നു. രണ്ടും താരതമ്യം ചെയ്തപ്പോള്‍ സംസ്ഥാനത്താണ് ആനുകൂല്യം കൂടുതലെന്നു കണ്ടെത്തി. കേന്ദ്രപരിഷ്‌കരണങ്ങള്‍ പിന്തുടരുന്ന അയല്‍ സംസ്ഥാനങ്ങളിലെ ശമ്പളസ്‌കെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ സ്‌കെയില്‍ വളരെ കൂടുതലാണെന്നു തോന്നുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ശുപാര്‍ശകളൊന്നും ആരും പരിഗണിച്ചില്ല.’’ - കെ.മോഹന്‍ദാസ് പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments