Breaking News

*‘കാസർകോട് എത്താൻ 4 മണിക്കൂർ, കൊച്ചിയിലേക്ക് 2; സിൽവർലൈൻ പദ്ധതിക്ക് തടസ്സമുണ്ടായത് നിർഭാഗ്യകരം’- മുഖ്യമന്ത്രി*

തിരുവനന്തപുരം : സിൽവർലൈൻ അതിവേഗ റെയിൽപാതാ പദ്ധതിക്ക് തടസ്സമുണ്ടായത് നിർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 5–ാം ലോകകേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്ക് സഞ്ചരിക്കാനുള്ള റെയിൽവേ സമയം കുറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ വേണം. അതിനു പുതിയ ലൈനുകൾ വരണം.

തിരുവനന്തപുരത്തു നിന്ന് 4 മണിക്കൂറിൽ കാസർകോടും തിരുവനന്തപുരത്തുനിന്ന് 2 മണിക്കൂറിൽ കൊച്ചിയിലുമെത്താൻ കഴിയണം. നിർഭാഗ്യവശാൽ അത്തരമൊരു കാര്യത്തിനു തടസ്സമുണ്ടായി. അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം. അവർ അനുമതി തന്നില്ല. സംസ്ഥാന സർക്കാർ അതിനായി നിരന്തരം പരിശ്രമിച്ചു. അപ്പോഴാണ്, അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തെന്നും അവർ അംഗീകരിക്കാൻ തയാറാണെന്നും ഇ. ശ്രീധരൻ പറഞ്ഞത്. കേന്ദ്ര അധികാര കേന്ദ്രങ്ങളിൽ വലിയ സ്വാധീനമുള്ളയാളാണ് അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാൾ.

പുതിയ പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിക്കാമെന്ന് ഇ.ശ്രീധരനോട് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിപോയി. പദ്ധതി നിർദേശം സമർപ്പിച്ചു. പ്രതികരണം ഉണ്ടായില്ല. പിന്നീട് ഞാൻ റെയിൽവേ മന്ത്രിയെ കണ്ടു. പദ്ധതി തത്വത്തിൽ അംഗീകരിച്ചാൽ ഞങ്ങൾ റിപ്പോർട്ട് നൽകാമെന്നു പറഞ്ഞു. ആവശ്യമായ കടലാസുകൾ കൊടുത്തു. മറുപടിയുണ്ടായില്ല. അപ്പോഴാണ് ഡൽഹി–മീററ്റ് ആർആർടിഎസ് ( റീജനല്‍ റാപിഡ് ട്രാൻസിസ്റ്റ് സിസ്റ്റം) എന്ന സംവിധാനം വന്നത്.

നഗരകാര്യ വകുപ്പിന്റെ കീഴിലാണത്. സംസ്ഥാനം സഹായം ചോദിച്ചു. പദ്ധതി സമർപ്പിച്ചാൽ അംഗീകാരം നൽകാമെന്നു കേന്ദ്രം പറഞ്ഞു. മന്ത്രിസഭായോഗം അത് അംഗീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം–ബേക്കൽ ജലപാത അടുത്ത മാസം നാടിനു സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളം–ചേറ്റുവ ഭാഗമാണ് അടുത്തമാസം ഉദ്ഘാടനം ചെയ്യുക. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്ത് ചില കനാലുകൾ കൂടി വരുന്നതോടെ പദ്ധതി പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments