Breaking News

*2026ല്‍ 15 ദിവസത്തിനുള്ളില്‍ കാണാതായത് 500ലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്*

ഡൽഹി : ഈ വര്‍ഷം ജനുവരി മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളില്‍ തലസ്ഥാനത്ത് നിന്ന് കാണാതായത് 500ലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും.
ഇത് കാണാതായ കേസുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും വരുമെന്ന് പൊലീസ് കണക്കുകള്‍ പറയുന്നു. ജനുവരി 1 നും 15 നും ഇടയില്‍ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 807 പേരില്‍ 509 പേർ സ്ത്രീകളും പെണ്‍കുട്ടികളുമാണ്.

അതായത്, എല്ലാ ദിവസവും ശരാശരി 54 പേരെ കാണാതാവുന്നു. 509 സ്ത്രീകളും പെണ്‍കുട്ടികളും 298 പുരുഷന്മാരും ഉള്‍പ്പെടെ 235 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 572 പേരെ കുറിച്ച്‌ ഇപ്പോഴും വിവരമില്ലെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

കാണാതായ കേസുകളില്‍ 191 എണ്ണത്തിലും പ്രായപൂർത്തിയാകാത്തവരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇത് ഉയർത്തിക്കാട്ടുന്നു. ഈ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഇക്കാലയളവില്‍ 45 ആണ്‍കുട്ടികളെ കാണാതായപ്പോള്‍ 146 പെണ്‍കുട്ടികളാണ് അപ്രത്യക്ഷരായത്. കാണാതായ പ്രായപൂർത്തിയാകാത്തവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്, ഈ കാലയളവില്‍ 169 കൗമാരക്കാരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതില്‍ 138 പേർ പെണ്‍കുട്ടികളും 31 പേർ ആണ്‍കുട്ടികളുമാണ്. ഈ കേസുകളില്‍ ഏകദേശം 71 ശതമാനവും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

8 നും 12 നും ഇടയില്‍ പ്രായമുള്ളവരില്‍ എട്ട് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും ഉള്‍പ്പെടെ 13 കുട്ടികളെ കാണാതായി. എട്ട് വയസ്സിന് താഴെയുള്ള ഒമ്പത് കുട്ടികളെയും കാണാതായതായി റിപ്പോർട്ടുണ്ട്. ഈ പ്രായത്തിലുള്ള ആറ് കുട്ടികളെ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂവെന്ന് റിപ്പോർട്ടില്‍ പറയുന്നു.അതേ കാലയളവില്‍, 363 സ്ത്രീകളും 253 പുരുഷന്മാരും ഉള്‍പ്പെടെ 616 മുതിർന്നവരെ കാണാതായതായി പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 181 പേരെ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം രാജ്യ തലസ്ഥാനത്ത് 24,500ലധികം പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ നഗരത്തില്‍ ഏകദേശം 2.3 ലക്ഷം പേരെ കാണാതായതായും ഏകദേശം 52,000 കേസുകള്‍ക്ക് ഇപ്പോഴും തുമ്പില്ലെന്നും പൊലീസ് പറയുന്നു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കേസുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments