Breaking News

*വിമാനടിക്കറ്റിന് അധികനിരക്ക്: ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി .*

ന്യൂഡല്‍ഹി : അവധിദിവസങ്ങളിലും ഉത്സവസീസണിലും വിമാനക്കന്പനികള്‍ അധിക നിരക്ക് ഈടാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി.

വിമാന ടിക്കറ്റ് നിരക്കിന്റെ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.

വിഷയം സർക്കാർ ഉന്നതതലത്തില്‍ പരിശോധിച്ചുവരികയാണെന്നും നാലാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയില്‍ മറുപടി നല്‍കുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ അനില്‍ കൗശിക് കോടതിയെ അറിയിച്ചു.

വിഷയം പ്രാധാന്യം അർഹിക്കുന്നതാണെന്നും അല്ലെങ്കില്‍ 32 ഹർജികള്‍ തങ്ങള്‍ സ്വീകരിക്കില്ലായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിമാനയാത്ര ഒരു ആഡംബരമല്ലെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത്യാവശ്യ സേവനമാണെന്നും ഇടപെടല്‍ ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടി.

വിമാനക്കമ്പനികളുടെ ഇത്തരം തീരുമാനം അവശ്യയാത്രക്കാരെ സാരമായി ബാധിക്കുന്നു. 1981ലെ അവശ്യസേവന പരിപാലന നിയമപ്രകാരം വിമാനയാത്രയെ അവശ്യസേവനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിമാനടിക്കറ്റുകളുടെ വില നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു മേല്‍നോട്ട സംവിധാനം ഇല്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ കുംഭമേള ഉള്‍പ്പെടെയുള്ള ഉത്സവസീസണുകളില്‍ വിമാനക്കമ്പനികള്‍ ഈടാക്കിയ അധിക ടിക്കറ്റ് നിരക്കിനെതിരേ സുപ്രീംകോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാരിനോടുള്‍പ്പെടെ കോടതി പ്രതികരണവും തേടി. കേസ് മാർച്ച്‌ 23ലേക്കു മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments