*കാഴ്ച പരിമിതർക്കും സ്വതന്ത്രമായി വോട്ട് ചെയ്യാം: ബ്രെയിലി ഡമ്മി ബാലറ്റുകൾ തയാറാകുന്നു*
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് മറ്റൊരാളുടെ സഹായമില്ലാതെ സ്വതന്ത്രമായും രഹസ്യമായും സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബ്രെയിലി ഡമ്മി ബാലറ്റുകൾ തയ്യാറാവുന്നു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) തിരുവനന്തപുരം ആസ്ഥാനത്തുള്ള പ്രിന്റിംഗ് പ്രസ്സിൽ സംസ്ഥാനത്തെ 30,471 പോളിംഗ് ബൂത്തുകളിലേക്കുമുള്ള ബാലറ്റുകളുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു.
സങ്കീർണ്ണമായ നിർമ്മാണ രീതിയും സുതാര്യതയും
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം അതീവ രഹസ്യസ്വഭാവത്തോടെയാണ് ബാലറ്റുകളുടെ നിർമ്മാണം നടക്കുന്നത്. സ്ഥാനാർഥികളുടെ പേര് (മലയാളത്തിലും ഇംഗ്ലീഷിലും), ക്രമനമ്പർ, ചിഹ്നം എന്നിവ ബ്രെയിലി ലിപിയിൽ കൃത്യമായി രേഖപ്പെടുത്തിയാണ് ഇവ തയ്യാറാക്കുന്നത്.
ബ്രെയിലി ഡമ്മി ബാലറ്റുകളുടെ നിർമാണ രീതികളും വ്യത്യസ്തമാണ്. വിവരങ്ങൾ ബ്രെയിലിയിലേക്ക് സ്റ്റീരിയോ ടൈപ്പ് ചെയ്ത ശേഷം പ്രിന്റ് എടുക്കുന്നതാണ് ആദ്യ നടപടി. തെറ്റുകൾ പൂർണ്ണമായും ഒഴിവാക്കാൻ വിപുലമായ പരിശോധനാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പെഷ്യൽ സ്കൂളുകളിലെ കാഴ്ചപരിമിതിയുള്ള അധ്യാപകർക്കൊപ്പം മറ്റ് അധ്യാപകരും ഫെഡറേഷന്റെ സ്വന്തം പ്രൂഫ് റീഡർമാരും അടങ്ങുന്ന സംഘം ഓരോ മണ്ഡലത്തിലെയും വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (EVM) അതേ ക്രമത്തിൽ കട്ടിയുള്ള A3 പേപ്പറിൽ എംബോസ് ചെയ്താണ് ഇവ നിർമ്മിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം ഷീറ്റുകൾ തയ്യാറാക്കാൻ 24 മണിക്കൂറും പ്രസ്സ് പ്രവർത്തനസജ്ജമാണ്.
*വോട്ട് രേഖപ്പെടുത്തുന്ന വിധം*
ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു ഡമ്മി ബാലറ്റ് വീതം ലഭ്യമാക്കും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് പോളിംഗ് ബൂത്തിലെത്തുമ്പോൾ ഈ ഡമ്മി ബാലറ്റ് ആവശ്യപ്പെടാം. അതിൽ വിരലോടിച്ച് തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ ക്രമനമ്പർ മനസ്സിലാക്കിയ ശേഷം, വോട്ടിംഗ് മെഷീനിലെ അതേ ക്രമനമ്പറിലുള്ള ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം. ഇത് വോട്ടറുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം വോട്ടെടുപ്പ് പൂർണ്ണമായും സ്വതന്ത്രവും നിഷ്പക്ഷവുമാക്കാൻ സഹായിക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കിം പറഞ്ഞു.
ബോധവൽക്കരണവും പ്രചാരണവും
ഭീന്നശേഷി കമീഷനും തെരഞ്ഞെടുപ്പ് കമീഷനും സംയുക്തമായി ഈ സംവിധാനത്തെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണം നടത്തും. റെയിൽവേ സ്റ്റേഷനുകൾ, സോഷ്യൽ മീഡിയ, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, മാധ്യമങ്ങൾ എന്നിവ വഴി വോട്ടർമാർക്കിടയിലും പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികളിലും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ നൽകും.വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ആരംഭിച്ച അച്ചടിയിൽ ഇതിനോടകം തന്നെ മൂന്ന് മണ്ഡലങ്ങളുടെ ഡമ്മി ബാലറ്റുകൾ പൂർത്തിയായി കഴിഞ്ഞു. നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സർക്കാർ സഹായത്തോടെ ബാലറ്റുകൾ നൽകിയിരുന്നെങ്കിലും, ഇത്തവണ ഫെഡറേഷന്റെ സ്വന്തം പ്രസ്സിലാണ് നിർമാണം പൂർത്തിയാക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments