Breaking News

*തട്ടുകടകളിലും വീടുകളിലും പരീക്ഷിച്ചു; ഗ്യാസിനു ‌ പകരം വരുന്നു എൻഐടിയുടെ സോളർ സ്റ്റൗ!.*

കോഴിക്കോട് : പശ്ചിമേഷ്യയിലെ യുദ്ധം പാചകവാതക വിതരണത്തിൽ ഉണ്ടാക്കിയ പ്രതിസന്ധിയിൽ നാട് ബദൽ മാർഗങ്ങൾ തേടുമ്പോൾ പ്രതീക്ഷയുടെ തിരിനാളം നീട്ടി കോഴിക്കോട് എൻഐടി. കുറച്ച് തടിക്കഷണങ്ങൾ ഉപയോഗിച്ച് ചെറു ഫാനിന്റെ സഹായത്തോടെ ഗ്യാസ് സ്റ്റൗവിലേതു പോലെ കൂട്ടിയും കുറച്ചും തീ നിയന്ത്രിച്ച് ഉപയോഗിക്കാവുന്ന ‘റോക്കറ്റ് സ്റ്റൗ’ ആണ് നഗരങ്ങളിലെ ഹോട്ടലുകളിൽ പുതിയ താരമെങ്കിൽ വീട്ടിലെ അടുക്കളകൾക്ക് യോജിച്ചതും പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതുമായ സോളർ സ്റ്റൗ ആണ് എൻഐടിയുടെ കണ്ടെത്തൽ. ഇതിന്റെ പേറ്റന്റ് അപേക്ഷ നിലവിൽ ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്.

ഒരേസമയം പാചകവാതകത്തിനും വൈദ്യുതിക്കും ബദലായി ഉപയോഗിക്കാവുന്ന വിധം കുറഞ്ഞ ചെലവിൽ നിർമിച്ച സ്മാർട് സോളർ സ്റ്റൗ 2022 ലാണ് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ പുറത്തിറക്കിയത്. കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രഫ.എസ്.അശോക്, ഡോ. വി.കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇത് വികസിപ്പിച്ചെടുത്തത്. സ്മാർട് സോളർ സ്റ്റൗവും സൗരോർജ പാനലും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഒരേസമയം സൗരോർജത്തിലും ബാറ്ററിയിൽ ശേഖരിക്കുന്ന വൈദ്യുതി ഉപയോഗിച്ചും എസി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയത്. പാചകത്തിന് ഒന്നും രണ്ടും പ്രതലങ്ങൾ ലഭ്യമായ രണ്ടു മോഡലുകളാണ് വികസിപ്പിച്ചത്. സൗരോർജ പാനലിൽ പ്രവർത്തിക്കുന്ന സിംഗിൾ സ്റ്റൗവിന് 10,000 രൂപയും ഡബിൾ സ്റ്റൗവിന് 15,000 രൂപയുമായിരുന്നു അന്നു കണക്കാക്കിയ ചെലവ്.

എൻഐടി പവർ ഇൻഡസ്ട്രി ലാബ് നേതൃത്വത്തിൽ തട്ടുകടകളിലും വീടുകളിലും നടത്തിയ പരീക്ഷണത്തിൽ മികച്ച പ്രവർത്തനമാണു രണ്ട് മോഡലും കാഴ്ച വച്ചത്. എന്നാൽ അഞ്ചു മണിക്കൂറിലേറെ പ്രവർത്തിപ്പിക്കുമ്പോൾ ഉപകരണത്തിലാകെ ചൂട് വർധിക്കുന്നത് കണ്ടെത്തിയതിനാൽ പിന്നിട്ട വർഷങ്ങളിൽ അത് പരിഹരിക്കാനുള്ള ഗവേഷണങ്ങളിലായിരുന്നു എൻഐടി. വിവിധ പരീക്ഷണങ്ങളിലൂടെ എൻഐടി ലാബ് അതിലും വിജയം കൈവരിച്ചു. പരിഷ്കരിച്ച മോഡലിൽ കൂടുതൽ ജ്വലന സമയവും മികച്ച ബാറ്ററി ബാക്കപ്പും ഉറപ്പാക്കി.

കോയമ്പത്തൂരിലും മറ്റും നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിൽ പൂർണ വിജയം കൈവരിച്ച ശേഷമാണ് സ്റ്റൗവിന്റെ പേറ്റന്റിനായി അപേക്ഷ നൽകിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സംഘത്തിലെ ഡോ.വി.കാർത്തികേയൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഇന്ത്യയിൽ പേറ്റന്റ് ലഭിക്കാൻ രണ്ടു വർഷം വരെ എടുക്കാറുണ്ടെങ്കിലും നൂതനമായ രീതിയിൽ പാരമ്പര്യേതര ഊർജ സ്രോതസ്സ് അടിസ്ഥാനമാക്കി ഒരുക്കിയ സ്റ്റൗവിന് വലിയ കാലതാമസം കൂടാതെ പേറ്റന്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഗവേഷണ സംഘം പങ്കുവയ്ക്കുന്നത്.

സൗരോർജ പാനൽ റേറ്റിങ്, ബാറ്ററി ശേഷി എന്നിവ ആവശ്യകതയ്ക്ക് അനുസരിച്ചു വർധിപ്പിക്കാൻ കഴിയുന്ന സ്റ്റൗ മോഡലുകളാണ് എൻഐടി രംഗത്തിറക്കിയത്. പരിഷ്കരിച്ച മോഡലിന് 30,000 രൂപ മുതൽ 35,000 രൂപ വരെ വില വരും. വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചാൽ ഇതിലും കുറഞ്ഞ വിലയ്ക്ക് സ്റ്റൗ ലഭ്യമാക്കാൻ ആകുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ഫയർ, വാട്ടർ പ്രൂഫ്, ഷോക്ക് പ്രതിരോധ സംവിധാനങ്ങൾ ചേർത്ത സ്മാർട് സോളർ സ്റ്റൗ പ്രായമായവർക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാനാകും. തട്ടുകടകൾക്കും മറ്റും ചുറ്റുമുളള പ്രകാശത്തിനു കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഡബിൾ സ്റ്റൗ മോഡലിൽ ഒരു ലൈറ്റു കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര യാത്രയിലും മറ്റും സോളർ പാനൽ വച്ച് പാചകത്തിനും ക്യാംപിങ്ങിനും ഇതു ഉപകാരപ്പെടും. വാണിജ്യ അടിസ്ഥാനത്തിൽ ഈ സ്റ്റൗവിന്റെ നിർമാണത്തിനു വിവിധ സ്ഥാപനങ്ങൾ ഇതിനകം എൻഐടിയെ സമീപിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments