Breaking News

*നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി; ആരും സ്ത്രീകളെ ജോലിക്ക് എടുക്കാതെ വരുമെന്ന് സുപ്രധാന നിരീക്ഷണം*

ന്യൂഡൽഹി : രാജ്യത്ത് സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തുന്നത് അവർക്ക് തൊഴിൽ വിപണിയിൽ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് സുപ്രീം കോടതി. 

ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെയുള്ള തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

ആർത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകും. "തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും," എന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. 
ബോധവൽക്കരണവും നിയമപരമായ നിർബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി.

കേരള സർക്കാരിനെ കുറിച്ച് പരാമർശം
കേരള സർക്കാർ 2013ൽ സംസ്ഥാനത്തെ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പിണറായി വിജയൻ സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പല സ്വകാര്യ കമ്പനികളും നിലവിൽ ഇത്തരത്തിൽ ഇളവുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന രീതികളാണെന്നും നിയമം വഴി ഇത് അടിച്ചേൽപ്പിക്കുമ്പോൾ സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാകുമെന്നും കോടതി മറുപടി നൽകി.ആർത്തവ ശുചിത്വവും ആരോഗ്യവും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ഒരു പെൺകുട്ടിയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്ന് ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 

സ്കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്കിനുകളും വൃത്തിയുള്ള ശൗചാലയങ്ങളും ഉറപ്പാക്കാൻ കോടതി സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ അവധി എന്നത് ഒരു നിയമപരമായ ബാധ്യതയാക്കി മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കർശന നിലപാടാണ് ചീഫ് ജസ്റ്റിസ് ഇന്ന് സ്വീകരിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments