*എൽപിജിക്ക് പ്രതിസന്ധി; എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഉല്പാദകർ*
ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള ഇന്ധന വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ രാജ്യത്തെ അടുക്കളകൾ പുതിയ മാറ്റങ്ങൾക്കൊരുങ്ങേണ്ടതുണ്ട്. ഊർജ വിതരണത്തിന്റെ ജീവനാഡിയായ പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ ആഗോളതലത്തിൽ വിതരണ തടസങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഊർജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കേണ്ടതുണ്ട്.
ഇറക്കുമതി ചെയ്യുന്ന എൽപിജിക്ക് പകരമായി ധാന്യങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന നിർദേശിച്ചിരിക്കുകയാണ് വ്യവസായ മേഖലയിലെ പലരും. ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (GEMA) പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ, വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും എഥനോൾ അടുപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇറക്കുമതി ചെയ്യുന്ന പാചകവാതകത്തെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നതാണ് ഈ അടുപ്പുകളുടെ പ്രധാന നേട്ടം. പുകയില്ലാത്തതും വായു മലിനീകരണം കുറയ്ക്കുന്നതുമായ ഇന്ധനമാണ് എഥനോൾ. മാത്രമല്ല ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നത് കാർഷിക മേഖലയിലെ വരുമാനം വർധിപ്പിക്കും.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിൽ പ്രചാരത്തിലുള്ള ഈ സാങ്കേതികവിദ്യ ഇന്ത്യയിലെ സാഹചര്യത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാൻ മന്ത്രാലയങ്ങളുടെയും എണ്ണക്കമ്പനികളുടെയും സഹായത്തോടെ പഠനം നടത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമായതിനാൽ ലഭ്യത ഉറപ്പാക്കാനും സാധിക്കും.
ഇന്ധനവില വർദ്ധനയും വിതരണത്തിലെ തടസ്സങ്ങളും സാധാരണക്കാരെ മറ്റൊരു രീതിയിലും ചിന്തിപ്പിക്കുന്നുണ്ട്. ആധുനിക ഇന്ധനങ്ങളെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന തിരിച്ചറിവിൽ പലരും പഴയകാലത്തെ വിറകടുപ്പുകളിലേക്കും മണ്ണടുപ്പുകളിലേക്കും മടങ്ങുകയാണ്.
പുകയില്ലാത്ത നൂതന വിറകടുപ്പുകളിലേക്ക് തിരിയുന്നതിനൊപ്പം ജൈവമാലിന്യങ്ങൾ ഉപയോഗിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾക്കും ആവശ്യക്കാർ ഏറുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിലെ വീടുകളിലും ബദൽ സംവിധാനമെന്ന നിലയിൽ പരമ്പരാഗത രീതികൾക്ക് വീണ്ടും ഇടം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യ നിലവിൽ അസംസ്കൃത എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിക്കുമ്പോൾ ഊർജ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങേണ്ടത്. പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എഥനോൾ അടുപ്പുകൾ പോലുള്ള ആഭ്യന്തര സ്രോതസുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments