*ഡോ. റാമിന്റെ പെരുമാറ്റം മോശം; നിതിന്‍ രാജിനെ ജാതിയുടെ പേരില്‍ അപമാനിച്ചതിന് തെളിവില്ലെന്ന് കോടതി*
കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍ ജാതിയുടെ പേരില്‍ നിതിന്‍ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. ആത്മഹത്യയിലേക്ക് നയിച്ചത് ലോണാപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ നിതിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളോട് ഉള്ള ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും എന്നാല്‍, അത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വിധിയില്‍ പറയുന്നു. ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചും രണ്ടാം പ്രതി പ്രൊഫ. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചും കോടതി വിധി പുറപ്പെടുവിപ്പിച്ചിരുന്നു. വ്യാഴാഴ്ച നടന്ന വിശദമായ വാദത്തിന്റെ അടിസ്ഥാനത്തിലാണ് വിധി. നിതിന്‍ രാജിനെതിരേ ജാതി അധിക്ഷേപമോ, ജാതിയുടെ പേരില്‍ അപമാനമൊ നടന്നതായി തെളിവില്ലെന്ന് കോടതി പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലും, തുടര്‍ന്നുണ്ടായ സൈബര്‍ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിയുടെ സമീപം റാമിന്റെ സാന്നിധ്യവും വിദ്യാര്‍ഥികളുടെ മൊഴികളുമടക്കം പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി ശരിവച്ചു. ഈ സാഹചര്യത്തില്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. സംഗീത നമ്പ്യാര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭ്യമല്ലെന്നും ഇതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നുമാണ് കോടതി ഉത്തരവിലുള്ളത്. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റ്ല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് മരണപ്പെട്ട് പതിനഞ്ചാം ദിവസമാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നത്. ഒന്നാം പ്രതിയും വകുപ്പ് മേധാവിയുമായ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തളളിയ കോടതി രണ്ടാം പ്രതി ഡോ കെ ടി സംഗീത നമ്പ്യാര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയായിരുന്നു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും ഹാജരാക്കണം, മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിവയാണ് ഉപാധികള്‍. കേസെടുത്തത് മുതല്‍ ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ ഒളിവിലാണ്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. വിധിയില്‍ തൃപ്തരല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും നിതിന്‍ രാജിന്റെ പിതാവ് വൈ എല്‍ രാജന്‍ പറഞ്ഞു. ഡോ എം കെ റാമും ഡോ സംഗീത നമ്പ്യാരും ഒരു പോലെ കുറ്റക്കാരെന്ന് കുടുംബം ആരോപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments